Wednesday, February 7, 2018

കുംഭമാസമായി; ചേനക്കൃഷിക്കൊരുങ്ങാം

8മലയാളി ഇന്ന് നേരിടുന്ന ഒരുപിടി ആരോഗ്യ പ്രശ്നങ്ങളുണ്ട്. പ്രഷർ, ഷുഗർ,ഹൃദ്രോഗം, മലബന്ധം,പൈൽസ്, പൊണ്ണത്തടി ,ഫാറ്റി ലിവർ, പ്രോസ്ട്രേറ്റ് വീക്കം എന്നിവയെല്ലാം ചെറുക്കാനുള്ള ശക്തിയുണ്ട് ചേനയ്ക്ക്. നിത്യവും ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് മാത്രം.

ഇത്രയധികം ഭക്ഷ്യനാരുകളും ഡയോസ്ജനിൻ എന്ന ക്യാൻസറിനെ ചെറുക്കുന്ന ഘടകവും സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജനെ നിർമിക്കാനുള്ള കഴിവുമൊക്കെ ചേനയെ നമ്മുടെ തീൻമേശയിലെ ഇഷ്ടവിഭവമാക്കുന്നു. ചേനയും ചേനവിത്തും,പാകമായ ചേനത്തണ്ടും ഇളം ഇലകളുമെല്ലാം ഭക്ഷ്യയോഗ്യം തന്നെ.

കുംഭമാസത്തിലാണ് മഴയെ ആശ്രയിച്ചു ചെയ്യുന്ന ചേനക്കൃഷിയുടെ നടീൽ. ഓണത്തിന് വിളവെടുക്കാനാണെങ്കിൽ ഡിസംബർ-ജനുവരിയിൽ നടാം. പക്ഷെ നനസൗകര്യം വേണം. ചേന വയ്ക്കാത്തവനെ അടിയ്ക്കണം എന്ന ഒരു ചൊല്ലുണ്ട്. കാരണം ഇതിന്റെ കൃഷി അത്ര ലളിതമാണ്. അഗ്രമുകുളത്തിന്റെ ഒരംശം ഉൾക്കൊള്ളുന്ന പൂളുകൾ, ചേനവിത്ത്, ചെറിയ മുഴുച്ചേന എന്നിവ നടീൽ വസ്തുക്കളായി എടുക്കാം.

750-1000 ഗ്രാം ഉള്ള പൂളുകളാണെടുക്കുന്നതെങ്കിൽ ചെടികൾ തമ്മിൽ 3 അടി അകലം നൽകണം. ചേനവിത്തുകളാണ് നടുന്നതെങ്കിൽ 45സെ.മീ X 30 സെമീ എന്ന അകലം നൽകാം. വിളവെടുക്കുമ്പോൾ ഒന്നര കിലോമുതൽ രണ്ട് കിലോ വരെ തൂക്കം ലഭിച്ചാൽ വിൽക്കാൻ എളുപ്പമായിരിക്കും. അത്തരം ചേന വിളവെടുക്കാൻ 400-500 ഗ്രാം തൂക്കമുള്ള പൂളുകൾ നടണം.

രണ്ടടി വ്യാസവും ഒന്നരയടി ആഴവുമുള്ള കുഴികളെടുത്ത് രണ്ടര കിലോഗ്രാം ചാണകപ്പൊടിയും 100 ഗ്രാം വേപ്പിൻപിണ്ണാക്കും 250 ഗ്രാം ചാമ്പലും ചേർത്ത് മേൽമണ്ണ് അറഞ്ഞ് കുഴികൾ ഒരുക്കണം. 10 ഗ്രാം ട്രൈക്കോഡെർമയും ചേർത്തു നൽകാം. മുറിച്ച ചേനക്കഷണങ്ങൾ പച്ചച്ചാണക-സ്യൂഡോമോണാസ് കുഴമ്പിൽ 5 മിനിറ്റ് മുക്കി 24 മണിക്കൂർ തണലിൽ ഉണക്കി നടാൻ ഉപയോഗിക്കാം.

കുഴിയിൽ പൂളുകൾ വെച്ച് മണ്ണ് നന്നായി അമർത്തി കരിയിലകൾ കൊണ്ട് മൂടി സംരക്ഷിക്കണം. 30-45 ദിവസത്തിനുള്ളിൽ മുള വരും. നട്ട് ഇടവിളയായി കുറ്റിപ്പയർ കൃഷി ചെയ്താൽ കളശല്യം കുറയ്ക്കാം. നട്ട് 45 ദിവസം കഴിഞ്ഞും 75 ദിവസം കഴിഞ്ഞും ചെറിയ അളവിൽ മേൽവളം നൽകി മണ്ണ് അടുപ്പിച്ച് കൊടുക്കാം. 7-8 മാസം കഴിഞ്ഞ് വിളവെടുക്കാം.

കേരളത്തിന് യോജിച്ച ചൊറിച്ചിൽ ഉണ്ടാക്കാത്ത രണ്ട് മികച്ചയിനങ്ങളാണ് ഗജേന്ദ്രയും ശ്രീ പദ്മയും. തിരുവനന്തപുരത്ത് ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങ് വിളഗവേഷണകേന്ദ്രവുമായി ബന്ധപ്പെട്ടാൽ പുതിയ ഇനം വിത്തുകൾ ലഭിക്കും.

കുംഭമാസമായി . ചേനക്കൃഷിക്കൊരുങ്ങിക്കോളൂ. ഒരു സെന്റിൽ നിന്നും 200 കിലോഗ്രാം ചേന വരെ വിളവെടുക്കാം

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...