Tuesday, February 20, 2018

ഹൈടെക് രീതിയില്‍ തൈകള്‍ ഉല്‍പ്പാദിപ്പിക്കാം.

ഹൈടെക് കൃഷിക്ക് ഹൈബ്രിഡ് തൈകള്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. വര്‍ധിച്ച വിളടുെപ്പിന്റെ വാഗ്ദാനമാണിത്. എന്നാല്‍ ഹൈബ്രിഡ് വിത്തുകള്‍ക്കെല്ലാം നല്ല വിലയുണ്ട്. അതിനാല്‍ ഒരു വിത്തുപോലും നഷ്ടപ്പെടാതെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

ഗുണമേന്മയും ആരോഗ്യവും കരുത്തുമുള്ള പച്ചക്കറിതൈകള്‍ ഇപ്പോള്‍ ഹൈടെക്രീതിയില്‍ ഉല്‍പ്പാദിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. നെറ്റ് ഹൌസിലോ പോളി ഹൌസിലോ ആണ് ഇത്തരത്തില്‍ തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. പ്രൊപ്പഗേഷന്‍ ട്രേ അഥവാ പ്രോട്രേകളിലാണ് വിത്തുകള്‍ പാകി മുളപ്പിക്കുന്നത്. വിവിധ തരത്തിലുള്ള ട്രേകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. വളര്‍ത്താനുള്ള ചെടികള്‍ക്കനുസൃതമായി ട്രേകള്‍ തെരഞ്ഞെടുക്കണം. 144 അറകളുള്ളതോ, 98 അറുകളുള്ളതോ 50 അറകളുള്ളതോ ആയ ട്രേകളുണ്ട്. മറിച്ചുവച്ച പിരമിഡിന്റെ ആകൃതിയിലുള്ള കുഴികളാണ് ഇത്തരം ട്രേകള്‍ക്കുള്ളത്. ഇത് വേരുകള്‍ സമൃദ്ധമായി താഴോട്ടു വളരാന്‍ സഹായിക്കുന്നു. വേരുകള്‍ ചുറ്റിപ്പിണയുകയുമില്ല. ട്രേകളുടെ ഓരോ അറയുടെയും താഴേഭാഗത്ത് സുഷിരങ്ങള്‍ ഉണ്ടാവും. ഇത് ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കുന്ന വെള്ളത്തില്‍ അധികംവരുന്നത് വാര്‍ന്നുപോകാനായി സഹായിക്കും.

പ്രോട്രേകളില്‍ മണ്ണ് അടങ്ങിയ പോട്ടിങ്മിശ്രിതമല്ല ഉപയോഗിക്കുന്നത്. ചകിരിച്ചോറ്, വെര്‍മിക്കുലേറ്റ്, പെര്‍ലൈറ്റ് എന്നിവ 3:1:1 എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി പുട്ടുപരുവത്തില്‍ വെള്ളം തളിച്ച് തയ്യാറാക്കിയ പോട്ടിങ് മിശ്രിതമാണ് ഉപയോഗിക്കുന്നത്. ജലം വാര്‍ന്നുപോകുന്നതിനും വായുസഞ്ചാരംഅനുവദിക്കുന്നതും അതേസമയം ഈര്‍പ്പം നിലനിത്തുന്നതിനും കോകോപിറ്റ് അഥവാ ചകിരിച്ചോര്‍ സഹായകമാകും. വളരെ ഭാരംകുറഞ്ഞതും മഗ്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കള്‍ അടങ്ങിയതും അമ്ള-ക്ഷാര വിഹീനാവസ്ഥയിലുള്ളതുമായ വസ്തുവാണ് വെര്‍മിക്കുലേറ്റ്. വള്‍ക്കാനിക് റോക്ക് ആയ അലൂമിനിയം സിലിക്കേറ്റ് പൊടിച്ച് ചൂടാക്കിയാണ് പെര്‍ലൈറ്റ് നിര്‍മിക്കുന്നത്. ഇത് മാധ്യമത്തിന്റെ നീര്‍വാര്‍ച്ചയും വായുസഞ്ചാരവും വര്‍ധിപ്പിക്കും. ഇവയെല്ലാം ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.

എന്നാല്‍ ചികിരിച്ചോറും (കൊക്കോപിറ്റ്), വെര്‍മികമ്പോസ്റ്റ് (മണ്ണിര കമ്പോസ്റ്റ്) എന്നിവ 4:1 എന്ന അനുപാതത്തിലെടുത്തും വിത്തു നടാനുള്ള മാധ്യമം തയ്യാറാക്കാം. ലൂസാക്കി ലഭിക്കുന്ന ചകിരിച്ചോറോ, ചികിരിച്ചോറിന്റെ ബ്ളോക്കുകളോ ഇതിനായി ഉപയോഗിക്കാം.

പ്രോട്രേകള്‍ മാധ്യമം നിറയ്ക്കുന്നതിനുമുമ്പ് വൃത്തിയാക്കി അനു വിമുക്തമാക്കണം. ഒരിക്കല്‍ ഉപയോഗിച്ച ട്രേകള്‍ ആറുപ്രാവശ്യംവരെ തൈകള്‍ ഉപയോഗപ്പെടുത്താനാവും. കോപ്പര്‍ഓക്സി ക്ളോറൈഡ്പോലുള്ള ഏതെങ്കിലും കുമിള്‍നാശിനി ഉപയോഗിച്ച് (മൂന്നുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത ലായനി) ട്രേകള്‍ രോഗവിമുക്തമാക്കാം. മാധ്യമം തയ്യാറാക്കിയശേഷം അവ ട്രേകളില്‍ നിറയ്ക്കണം. വിത്തു പാകുന്നത് ശ്രദ്ധയോടെ ചെയ്യണം. കാബേജ്, കോളിഫ്ളവര്‍ എന്നിവ നട്ട് ഒമ്പതു ദിവസംകൊണ്ടും, സലാഡ് കുക്കുംബര്‍ നട്ട് രണ്ടുദിവസംകൊണ്ടും വഴുതിന ആറ് ദിവസംകൊണ്ടും കിളിര്‍ത്തുവരും.

നൂറുശതമാനം വിത്തും കിളിര്‍ത്തുവരും. തൈകള്‍ അണുവിമുക്തമായ മാധ്യമത്തില്‍ വളര്‍ത്തുന്നതുകൊണ്ട് മണ്ണില്‍ക്കൂടി വരുന്ന രോഗബാധ ഉണ്ടാകില്ല. പൊതുവെ എല്ലാ ചെടികള്‍ക്കും ഒരേ വളര്‍ച്ചയാകും. തൈകളുടെ വേരുകള്‍ മിശ്രിതം മുഴുവന്‍ പൊതിഞ്ഞിരിക്കുന്നതുമൂലം ട്രേകളില്‍നിന്ന് തൈകള്‍ പുറത്തെടുക്കുമ്പോള്‍ മാധ്യമം ഊര്‍ന്നുവീഴുകയോ വേരുകള്‍ക്ക് ക്ഷതം ഏല്‍ക്കുകയോ ചെയ്യുന്നില്ല.

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...