Monday, March 5, 2018

പോഷകക്കമ്മി പച്ചക്കറിവിളകളിലും

ഇത് വായിച്ച്  മനസ്സിലാക്കി .. ഓർമ്മയിൽ സൂക്ഷിച്ച് വെയ്ക്കുക .................................................

പോഷകക്കമ്മി പച്ചക്കറിവിളകളിലും

മനുഷ്യരില്‍ പോഷകാഹാരങ്ങളുടെ കുറവു മൂലം വിവിധ രോഗങ്ങള്‍ പ്രകടമാകാറുണ്ട്. അവയ്‌ക്കൊക്കെ ഇന്ന് ചികില്‍സയും ലഭ്യമാണ്. ഏതാണ്ടിതു പോലെ വിവിധ കാര്‍ഷിക വിളകളിലും അത്യാവശ്യം വേണ്ട പോഷക മൂലകങ്ങളുടെ ആഭാവം മൂലം പല വൈകല്യങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. സസ്യങ്ങളില്‍ പോഷകക്കമ്മി മൂലമുണ്ടാകുന്ന വൈകല്യങ്ങളെ പലപ്പോഴും രോഗമോ കീടബാധയോ ആണെന്ന് സംശയിച്ച് അനാവശ്യ വിഷ വസ്തുക്കള്‍ പ്രയോഗിച്ചേക്കാം. ഇത് ഒഴിവാക്കാന്‍ ഓരോ പോഷകത്തിന്റെയും കമ്മിമൂലമുണ്ടാകുന്ന വൈകല്യങ്ങള്‍ എന്താണെന്ന് ശരിയ്ക്കും നാം അറിഞ്ഞിരിക്കണം. പച്ചക്കറി വിളകളില്‍ സാധാരണ കണ്ടുവരാറുള്ള കമ്മിരോഗ ലക്ഷണങ്ങളാണിവിടെ സൂചിപ്പിക്കുന്നത്.                 

നൈട്രജന്‍ (പാക്യജനകം)

സസ്യങ്ങളുടെ കായിക വളര്‍ച്ചയ്ക്കും ഉത്പാദനത്തിനും ആവശ്യമായ മൂലകങ്ങളില്‍ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് നൈട്രജന്‍ അഥവാ പാക്യജനകം. ഇവ എല്ലാ ജീവവസ്തുക്കളിലെയും ഒരുഘടകമാണ്. ചെടികളില്‍ മാംസ്യവും പൂര്‍ണ ഹരിതകവും ഉണ്ടാക്കുവാന്‍ ഇത് അത്യാവശ്യമാണ്. പ്രധാനമായും നൈട്രേറ്റ് രൂപത്തിലും ചിലപ്പോള്‍ അമോണിയരൂപത്തിലുമാണ് ഈ മൂലകത്തെ ചെടികള്‍ വലിച്ചെടുക്കാറ് പതിവ്. ചെടികളുടെ പച്ചനിറം നിലനിര്‍ത്തുന്നതിലും പെട്ടെന്നുള്ള വളര്‍ച്ചയ്ക്കും, ഭക്ഷ്യവിളകളിലും ഫോഡര്‍ വിളകളിലും മാംസ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും, വിത്തു രൂപീകരണത്തിലും, അണുജീവികളുടെ ആഹാരമായി വര്‍ത്തിച്ച് മണ്ണില്‍ അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും ഈ മൂലകത്തിന് പ്രധാന പങ്കുണ്ട്. എന്നാല്‍ അവ ആവശ്യത്തിന് കിട്ടാതെ വരുമ്പോള്‍ വളര്‍ച്ച പൊതുവെ മുരടിച്ച് പോകും.  
 
    നൈട്രജന്റെ കുറവ് പ്രകടമാകുന്നത് പ്രധാനമായും ഇലകളിലായിരിക്കും. ഹരിത നിര്‍മ്മാണം കുറയുന്നു. ഇലകളില്‍ മഞ്ഞ നിറം പ്രത്യക്ഷപ്പെടുകയും കുരുന്നിലകളുടെ നിറം മങ്ങുകയും ചെയ്യുന്നു. ഇതിനെ ക്‌ളോറോസിസ് (ഹരിതഹീനത) എന്ന് പറയുന്നു. സാധാരണ നൈട്രജന്റെ കമ്മി പ്രായം ചെന്ന ഇലകളിലായിരിക്കും കാണുന്നത്. ക്രമേണ വേര്, തണ്ട്, കായ് എന്നിവയുടെ വളര്‍ച്ച മുരടിക്കുന്നു. ഈ പോരായ്മ രൂക്ഷമാകുമ്പോള്‍ ചെടിയുടെ അഗ്രഭാഗം വണ്ണം കുറഞ്ഞ് കൂര്‍ത്ത് ശോഷിച്ച് നില്‍ക്കുന്നതായി കാണാം. ഈ അവസ്ഥയില്‍ ചെടികളില്‍ പൂവ്/പൂക്കുലകള്‍ പ്രത്യക്ഷപ്പെടാതിരിക്കുകയും അഥവാ ഉണ്ടായാല്‍ത്തന്നെ കായ്പിടുത്തം തീരെ കുറഞ്ഞു പോകുകയും ചെയ്യുന്നു.

     നൈട്രജന്റെ അപര്യാപ്തത പരിഹരിക്കാന്‍ പറ്റിയ ജൈവവളങ്ങളും രാസവളങ്ങളും ലഭ്യമാണ്. ചാണകം, പച്ചിലവളം, കമ്പോസ്റ്റ്, കോഴിക്കാഷ്ഠം തുടങ്ങിയ ജൈവവളങ്ങളില്‍ ചെറിയ തോതിലും, യൂറിയ, ഫാക്ടം ഫോസ്, അമോണിയം സള്‍ഫേറ്റ് എന്നീ രാസവളങ്ങളില്‍ കൂടിയ തോതിലും നൈട്രജന്‍ അടങ്ങിയിട്ടുണ്ട്.     

ഫോസ്ഫറസ് (ഭാവഹം)
 
    ന്യൂക്‌ളിയിക് അമ്‌ളത്തിലെ ഒരു പ്രധാന ഘടകമായ ഫോസ്ഫറസിന് സസ്യങ്ങളുടെ ശരിയായ വളര്‍ച്ചയ്ക്കും, ഉറപ്പും ബലവുമുള്ള വേരുകളുണ്ടാകുന്നതിനും തനതായ പങ്കുണ്ട്.        

    അമ്‌ളാംശം കൂടുതലായ മണ്ണില്‍ ചെടികള്‍ക്ക് ഭാവഹത്തിന്റെ ലഭ്യത കുറയുന്നു. ഇലകളുടെ അടിവശത്തും ഇല ഞരമ്പുകള്‍, തണ്ട് എന്നിവയിലും ചുവന്ന നിറം കലരുന്നു. ഭാവഹത്തിന്റെ കുറവ് ചെമ്പ്, നാകം എന്നീ മൂലകങ്ങളുടെ ലഭ്യതയെ ചിലപ്പോള്‍ ബാധിച്ചു കാണാറുണ്ട്. കൂടാതെ തണ്ടുകളുടെ വളര്‍ച്ചയേയും ചെടികള്‍ കായ്ച്ച് തുടങ്ങാനെടുക്കുന്ന സമയത്തേയും ഇത് ബാധിക്കുന്നു.       
 
      പയറുവര്‍ഗ്ഗത്തില്‍പ്പെട്ട ചെടികളില്‍ മൂലാര്‍ബ്ബുദങ്ങള്‍ ഉണ്ടാക്കുവാന്‍ സഹായിക്കുന്ന അണുജീവികളുടെ വളര്‍ച്ചയെ ഇവ ത്വരിതപ്പെടുത്തുന്നു. മൂലാര്‍ബ്ബുദങ്ങള്‍ ഉണ്ടാക്കുന്നതു കൊണ്ട് ചെടികളില്‍ നൈട്രജന്‍ കൂടുതല്‍ ശേഖരിക്കാനും അത് മണ്ണില്‍ നിക്ഷിപ്തമാക്കാനും ഇടയാക്കുന്നു.             

         ഭാവഹവളങ്ങളുടെ അഭാവം പരിഹരിക്കാന്‍ പറ്റിയ വളങ്ങളാണ് എല്ലുപൊടി, റോക്ക് ഫോസ്‌ഫേറ്റ്, സൂപ്പര്‍ ഫോസ്‌ഫേറ്റ്, അള്‍ട്രാഫോസ്, മസ്സൂറി ഫോസ് തുടങ്ങിയവ.       

പൊട്ടാഷ് (ക്ഷാരം)  
 
സസ്യങ്ങളുടെ അന്നജ നിര്‍മ്മാണത്തിനും ഹരിതക നിര്‍മ്മാണത്തിനും, രോഗം പ്രതിരോധ ശക്തിക്കും ക്ഷാരത്തിന് പ്രധാന പങ്കുണ്ട്.  നാമ്പുകളില്‍ അമിനോ അമ്‌ളങ്ങളുടെയും പ്രോട്ടീനുകളുടെയും രൂപീകരണത്തിലും ഇതിന് മുഖ്യ സ്വാധീനമാണുള്ളത്.     
 
         ക്ഷാരം അഥവാ പൊട്ടാസ്യത്തിന്റെ ലഭ്യത ശരിയായ അളവിലും അനുപാതത്തിലും ഉണ്ടായിരുന്നാല്‍ ഇല, പൂവ്, കായ് എന്നിവയുടെ ഉല്പാദനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകാറുണ്ട്.  ഇതുമൂലം വിളവ് വര്‍ദ്ധനവും കാണാം. 

          ക്ഷാരത്തിന്റെ കുറവുമൂലം ഇലകള്‍ ചുരുളുകയും അതിരുകള്‍ ചെമ്പിച്ച് ഉണങ്ങിപ്പോകുകയും ചെയ്യുന്നു.  ചുവട്ടിലുള്ള ഇലകളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.  ചെടികളുടെ വളര്‍ച്ച മന്ദഗതിയിലാവുകയും ചെയ്യും.  കായ്കള്‍ വ്യത്യസ്ത സമയങ്ങളില്‍ പാകമാകുന്നതും ക്ഷാരത്തിന്റെ കുറവുമൂലമാണ്.  കൂടാതെ വരള്‍ച്ചയേയും രോഗങ്ങളേയും ചെറുക്കുന്നു.     
 
        ഇവയുടെ കുറവ് നികത്തുന്നതിന് ചാരം, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ഉപയോഗിക്കാം.

കാല്‍സിയം

      സസ്യങ്ങളുടെ കായിക വളര്‍ച്ചയ്ക്കും, മുകുളരൂപീകരണത്തിനും കാല്‍സിയം പ്രധാന പങ്കുവഹിക്കുന്നു.  കോശഭിത്തിയുടെ നിര്‍മ്മാണത്തില്‍ അടങ്ങിയിരിക്കുന്ന മൂലകമാണ് കാല്‍സിയം.  വേരുകളുടെ ക്രമമായ വളര്‍ച്ചയ്ക്കും മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും, ജലാംശത്തെ നിയന്ത്രിക്കുന്നതിനും, അമ്‌ളരസം കുറയ്ക്കുന്നതിനും വിത്തുകളുടെ ഉല്പാദന വര്‍ദ്ധനവിനും കാല്‍സ്യത്തിന്റെ ഉപയോഗം കാരണമാകുന്നു.
  
         അമ്‌ളാശം കൂടുതലുള്ള മണ്ണിലാണ് കാല്‍സ്യത്തിന്റെ കുറവ് കണ്ടുവരുന്നത്.  പാക്യജനകം, ക്ഷാരം, മഗ്നീഷ്യം എന്നിവ അധികമാകുന്നതും കാല്‍സ്യത്തിന്റെ ലഭ്യതയെ ബാധിക്കും.  ഈ മൂലകത്തിന്റെ കുറവുമൂലം ചെടികളില്‍ പല തരത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.  ഇലകള്‍ മഞ്ഞളിക്കുകയും മുകള്‍വശത്ത് ഉണങ്ങിയ അടയാളങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.  കുരുന്നിലകളിലെ അഗ്രം പുറകിലേക്ക് ചുരുളകയും അരികുകള്‍ ചുളുങ്ങിയുമിരിക്കും.  തണ്ടുകള്‍ ദുര്‍ബലമാവുകയും അവയുടെ വളര്‍ച്ച മന്ദഗതിയിലാകുകയു ചെയ്യും.  തക്കാളിയുടെ ബ്ലോസം എന്‍ഡ് റോട്ട് കാല്‍സ്യത്തിന്റെ കുറവുമൂലം സംഭവിക്കുന്ന ഒരു വൈകല്യമാണ്.  

മഗ്നീഷ്യം
 
     ചെടികളില്‍ അന്നജം, മാംസ്യം, കൊഴൂപ്പുകള്‍ എന്നിവയുടെ രൂപീകരണത്തില്‍ മഗ്നീഷ്യം ഒരു പ്രധാന പങ്കുവഹിക്കുന്നു.  ഭാവഹം അഥവാ ഫോസ്ഫറസ് വളങ്ങളുടെ ലഭ്യതയ്ക്ക് മഗ്നീഷ്യം ആവശ്യമാണ്.  ചെടികളുടെ പച്ചനിറത്തില്‍ അടങ്ങിയിരിക്കുന്ന ഏകധാതുവാണ് മഗ്നീഷ്യം.     
 
       കൂടുതല്‍ അളവില്‍ എന്‍.പി.കെ. രാസവളങ്ങള്‍ നല്‍കുന്നത് അസന്തുലിതാവസ്ഥയ്ക്കും മഗ്നീഷ്യത്തിന്റെ കുറവിനും കാരണമാകുന്നു.
 
        ഇവയുടെ കുറവുമൂലം ചുവട്ടിലെ ഇലകളുടെ ഞരമ്പുകള്‍ക്കിടയില്‍ മഞ്ഞപ്പുള്ളികള്‍ പ്രത്യക്ഷപ്പെട്ട് ക്രമേണ മുഴുവന്‍ സ്ഥലത്തേക്കും വ്യാപിക്കുന്നു.  ചെടിയുടെ അഗ്രഭാഗത്തും ഇലകളുടെ അരികുകളിലും തവിട്ടു പുള്ളികള്‍ ഉണ്ടാകുന്നു.  ചെടികളുടെ വളര്‍ച്ച മുരടിക്കുകയും വിളവെടുക്കുവാന്‍ താമസം നേരിടുകയും ചെയ്യുന്നു.  അമ്ലാംശം കൂടുതലുള്ള മണ്ണില്‍ ഈ മൂലകത്തിന്റെ കുറവ് അനുഭവപ്പെടുന്നു. 

         മറ്റു രാസവളങ്ങളോടൊപ്പം മഗ്നീഷ്യം സള്‍ഫേറ്റ് ഉള്‍പ്പെടുത്തുക മൂലം ഇവയുടെ പോരായ്മ നികത്താവുന്നതാണ്.       

സള്‍ഫര്‍ (ഗന്ധകം)
 
      ഇലകള്‍ക്ക് പച്ചനിറം നല്‍കുന്ന ഹരിതക നിര്‍മ്മാണത്തില്‍ സള്‍ഫറിന് പ്രധാന പങ്കുണ്ട്.  വേരുപടലത്തിന്റെ വളര്‍ച്ചയെ മെച്ചപ്പെടുത്തുന്നതിനും, വിത്തുല്‍പാദനത്തിനും, ചെടികളില്‍ ഉന്മേഷവും പ്രേരണയും ചെലുത്തുന്നതിനും പയറുവര്‍ഗ്ഗച്ചെടികളില്‍ മൂലാര്‍ബ്ബുദങ്ങള്‍ ഉണ്ടാക്കുന്നതിനും സള്‍ഫര്‍ എന്ന മൂലകം സഹായകമാണ്.  ഗന്ധകത്തിന്റെ കുറവുമൂലം ചെടികളുടെ ചുവട്ടിലെ ഇലകള്‍ മഞ്ഞളിക്കുകയും തണ്ടുകള്‍ക്ക് കനം കുറഞ്ഞുപോകുകയും ചെയ്യും.  ക്രമേണ ഇലകള്‍ കൊഴിയുന്നു.  ഇതുവഴി വിളവു കുറയുകയും ചെയ്യും.  ഇലകളുടെ അഗ്രഭാഗത്തു നിന്നും ആരംഭിക്കുന്ന ഉണക്കം താഴൊട്ടിറങ്ങി ചെടിയാകെ ഉണങ്ങിയ പ്രതീതി ഉളവാക്കുന്നു.  

         മഗ്നീഷ്യം സള്‍ഫേറ്റ്, അമോണിയം സള്‍ഫേറ്റ് എന്നിവ ഉപയോഗിക്കുന്നത് സള്‍ഫറിന്റെ പോരായ്മ കുറെയൊക്കെ നികത്താറുണ്ട്.  ഗന്ധകം ചേര്‍ക്കുന്നതു കൊണ്ട് മണ്ണിന്റെ പി.എച്ച്.കുറയാനിടയാകും.  എന്നാല്‍ കുമ്മായം ചേര്‍ത്ത് ഇത് പരിഹരിക്കാവുന്നതാണ്.  ക്ഷാരത്വം കൂടുതലുള്ള മണ്ണിന്റെ പി.എച്ച്. കുറക്കാനും ധാതുരൂപത്തിലുള്ള ഗന്ധകം സഹായകമാകും.     

 
ഇരുമ്പ്

        ഇതിന്റെ അഭാവം കേരളത്തിലെ മണ്ണിലില്ല.  പ്രത്യുത, ആധിക്യമാണ് അനുഭവപ്പെടുന്നത്.  ഇതിന് പ്രധാന കാരണം മണ്ണിലെ പുളിരസമാണ്.  ഇലകള്‍ക്ക് പച്ചനിറം കൊടുക്കുവാന്‍ ഇരുമ്പ് സഹായകമാണ്.  ഇരുമ്പില്ലെങ്കില്‍ ഓലകളില്‍ വെള്ള നിറം പ്രത്യക്ഷമാകും.  കേരളത്തില്‍ ഇരുമ്പിന്റെ ആധിക്യം മൂലമുള്ള മഞ്ഞളിപ്പുരോഗം സര്‍വ്വസാധാരണമാണ്.  ഇരുമ്പിന്റെ കുറവ് അനുഭവപ്പെടുന്ന അവസരത്തില്‍ കുരുന്നിലകള്‍ ക്രമേണ മഞ്ഞ നിറമാകും. മുറ്റിയ ഇലകളെ ഇത് സാധാരണയായി ബാധിക്കാറില്ല.  ഇരുമ്പിന്റെ ആധിക്യത്താലുള്ള ദോഷം പരിഹരിക്കുന്നത് മണ്ണില്‍ കുമ്മായം ചേര്‍ത്തും നീര്‍വാര്‍ച്ച വര്‍ദ്ധിപ്പിച്ചുമാണ്.   

മാംഗനീസ്
 
     ഇലകള്‍ കുരുടിക്കുകയും അഗ്രഭാഗത്തും ഞരമ്പുകള്‍ക്കിടയിലും മഞ്ഞളിപ്പ് പ്രതൃക്ഷപ്പെടുകയും ചെയ്യുന്നു.  ഞരമ്പുകള്‍ പച്ചയായി തന്നെ കാണപ്പെടുന്നു.  ചിലപ്പോള്‍ ചെറിയ തവിട്ടുപുള്ളികള്‍ പ്രത്യക്ഷപ്പെടുകയും ഇവ ഇലകളില്‍ ആകെ വ്യാപിക്കുകയും ചെയ്യും.  ചെടികള്‍ ദുര്‍ബ്ബലമാകുകയും വിളവ് കുറയുകയും ചെയ്യുന്നു.  ക്ഷാരാംശം കൂടിയ മണ്ണില്‍ കൃഷിചെയ്യുന്ന വിളകളിലാണ് ഈ മൂലകത്തിന്റെ അഭാവം മൂലമുള്ള വൈകല്യം അനുഭവപ്പെടുന്നത്.    

നാകം (സിങ്ക്)
 
     കേരളത്തില്‍ ചില സ്ഥലങ്ങളില്‍ നാകത്തിന്റെ അപര്യാപ്തത അനുഭവപ്പെടുന്നുണ്ട്.  പ്രകൃത്യാലുള്ള കുറവിനുപുറമെ അമിതമായ തോതില്‍ കുമ്മായം, ഫോസ്‌ഫേറ്റ് എന്നിവ ചേര്‍ക്കുന്നതുകൊണ്ടും ഇരുമ്പിന്റെ ആധിക്യത്താലും സിങ്ക് ചെടികള്‍ക്ക് ലഭിക്കാതെ വരുന്നു.
 
      ഇതിന്റെ കുറവുമൂലം ഇലഞെട്ടുകള്‍ തമ്മിലുള്ള അകലം കുറയുകയും ഇലകള്‍ മഞ്ഞളിക്കുകയും ചെയ്യും.  ഏക്കറിന് 8 കി.ഗ്രാം. സിങ്ക്‌സള്‍ഫേറ്റ് മണ്ണില്‍ ചേര്‍ത്ത് ഇതിന്റെ കുറവ് പരിഹരിക്കാം.  

ചെമ്പ്
 
     ചെമ്പ് ആവശ്യത്തിന് മണ്ണിലില്ലെങ്കില്‍ അധികമായ വരള്‍ച്ച കൊണെ്ടന്നപോലെ ചെടികളിലെ ഹരിതകം നഷ്ടപ്പെട്ട് ഉണക്കം നേരിടുന്നു.  ഇവയുടെ കുറവുമൂലം ഇലകള്‍ക്ക് നീളം കൂടുകയും അവ മഞ്ഞളിക്കുകയും ചെയ്യും.  ചെടിയുടെ വളര്‍ച്ച മന്ദഗതിയിലാകുന്നു.  ചെമ്പിന്റെ അംശം അധികമായാല്‍ ഇരുമ്പിന്റെ ദൗര്‍ലഭ്യം അനുഭവപ്പെടുന്നതാണ്.   

ബോറോണ്‍
 
     കുരുന്നിലകള്‍ ചുരുളുകയും മറ്റുള്ളവ മഞ്ഞളിക്കുകയോ തവിട്ടുനിറമാകുകയോ ചെയ്യും.  കിഴങ്ങുവര്‍ഗ്ഗ വിളകളില്‍ ഇലപ്പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു.  ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു.

മോളിബ്ഡിനം

         അമ്ലാംശം കൂടുതലുള്ള മണ്ണിലാണ് ഈ മൂലകത്തിന്റെ അപര്യാപ്തത അനുഭവപ്പെടുന്നത്.  പ്രായം ചെന്ന ഇലകളുടെ ഞരമ്പുകള്‍ക്കിടയില്‍ മഞ്ഞളിപ്പ് വ്യാപിക്കുകയും ചെടികള്‍ മുരടിക്കുകയും ചെയ്യുന്നു. 

ക്ലോറിന്‍ 
 
       ചെടിയുടെ വളര്‍ച്ചയെയും ഉല്പാദനത്തെയും വര്‍ദ്ധിപ്പിക്കുവാന്‍ സഹായകമായ ഒരു മൂലകമാണ് ക്ലോറിന്‍.  ഇത് വളരെ കുറഞ്ഞ തോതില്‍ മാത്രമേ ചെടിക്ക് ആവശ്യമുള്ളു.  

        ക്ലോറിന്റെയും ക്ഷാരത്തിന്റെയും അഭാവം മൂലം പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍ ഏതാണെ്ടാരുപോലെയാണ്.  ഇലകളില്‍ മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പുള്ളികള്‍ പ്രത്യക്ഷപ്പെടുക, ഇലയുടെ തുമ്പുകള്‍ നുറുങ്ങിപ്പൊടിഞ്ഞു പോകുക തുടങ്ങിയവയാണ് ഇവയുടെ കമ്മി കൊണ്ടുണ്ടാകുന്ന ലക്ഷണങ്ങള്‍.    
 
        മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ചീര, വഴുതന, പയര്‍ തുടങ്ങിയ പച്ചക്കറികളില്‍ ഈ ഉഗ്രവിഷത്തിന്റെ അംശം തങ്ങി നില്‍ക്കുന്നുണെ്ടന്നാണ് കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്.  ആഴ്ചതോറും വിളവെടുപ്പ് നടത്തുന്ന ഈ പച്ചക്കറികള്‍ക്ക് പോലും കാര്‍ബോഫുറാന്‍ ഇട്ടുകൊടുക്കുന്നുണെ്ടന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. നമ്മള്‍ അറിയാതെ കുറേശ്ശെയായി അകത്തു ചെല്ലുന്ന ഈ വിഷബാധയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമാണ് സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി അവരവരുടെ വീട്ടുവളപ്പില്‍ നട്ടുണ്ടാക്കുക എന്നത്.   
 
        അടുക്കളയിലെ പാഴായിപ്പോകുന്ന വെള്ളവും അവശിഷ്ടങ്ങളും പ്രയോജനപ്പെടുത്തി കുറെയൊക്കെ ജൈവവളങ്ങളും ശേഖരിച്ച് ഇട്ടു കൊടുത്താല്‍ ഒരു കുടുംബത്തിനാവശ്യമായ പച്ചക്കറികള്‍ അവരവര്‍ക്കു തന്നെ നട്ടുണ്ടാക്കാം.  ഇങ്ങനെയുള്ള വീട്ടുവളപ്പിലെ കൃഷിയിലും കച്ചവടത്തിനു വേണ്ടിയുള്ള വിപുലമായ കൃഷിയിലും കീടശല്യമൊഴിവാക്കാന്‍ വിഷമുള്ള യാതൊരു കീടനാശിനിയും ഉപയോഗിക്കരുത്.

വിവരണങ്ങൾക്ക് ..കടപ്പാട് ...

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...