Sunday, November 25, 2018

വെണ്ടകളില്‍ കേമന്‍ ആനക്കൊമ്പന്‍

നിരവധി വിഭവങ്ങള്‍ തയാറാക്കാന്‍ നാം ഉപയോഗിക്കുന്ന പച്ചക്കറിയാണ് വെണ്ട. വിറ്റാമിന്‍ എ,സി,കെ, കോപ്പര്‍, കാത്സ്യം എന്നിവ ധാരാളമായി വെണ്ടയില്‍ അടങ്ങിട്ടുണ്ട്. വെണ്ടയിലെ കൊഴുപ്പ് മനുഷ്യ ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കും. നാടന്‍, ഹൈബ്രിഡ് ഇനങ്ങളിലായി ധാരാളം ഇനങ്ങളുണ്ടെങ്കിലും രുചിയിലും ഗുണത്തിലും കൂടുതല്‍ വിളവ് തരുന്ന കാര്യത്തിലും ആനക്കൊമ്പന്‍ മുന്നിലാണ്.


കൃഷിരീതിയും പരിചരണവും


തടം ജൈവസമ്പുഷ്ടമാക്കി വെണ്ടക്കൃഷി ചെയ്താല്‍ മികച്ച വിളവ് ലഭിക്കും. വലിയ ചെടിയായി വളരുന്ന ഇനമായതുകൊണ്ടു തന്നെ വലിയ തടമെടുത്ത് വേണം ആനക്കൊമ്പന്‍ വെണ്ട നടാന്‍. തൈയാകുമ്പോള്‍ മുതല്‍ കൊടുക്കുന്ന വളവും പരിരക്ഷയുമാണ് ഒരു ചെടിയില്‍ നിന്നു ലഭിക്കുന്ന വിളവിനാധാരം.

തടം ജൈവസംമ്പുഷ്ടമാക്കാം

മുന്നടി സമചതുരത്തില്‍ കുഴികളെടുത്ത് കല്ല്, മുട്ടി എന്നിവ ഒഴിവാക്കി ഉണങ്ങിയ കരിയില, പൊടിഞ്ഞ കോഴിക്കാഷ്ടം അല്ലെങ്കില്‍ കാലിവളം, തടം ഒന്നിന് 200 ഗ്രാം എല്ല് പൊടി എന്നിവ നന്നായി കൂട്ടി കലര്‍ത്തി കുഴി മൂടുക. കമ്പോസ്റ്റിങ്ങ് പ്രവര്‍ത്തനം വേഗത്തിലാക്കാനും തടത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും ഒന്നു രണ്ടു തവണ നനച്ച് കൊടുക്കണം. തുടര്‍ന്ന് തടം 25-30 ദിവസം വെറുതെ ഇടണം. ഈ ദിവസങ്ങള്‍ കൊണ്ട് തടം ഉണങ്ങിയ കരിയിലകളും കോഴിക്കാഷ്ടം/ കാലി വളം മണ്ണുമായി പ്രവര്‍ത്തിച്ച് അത്യാവശ്യം ജൈവാംശമുള്ള മണ്ണായിട്ടുണ്ടാവും. ഇങ്ങനെ തയ്യാറാക്കിയ തടത്തില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ത്ത് ഒന്നു കൂട്ടിയിളക്കി വെണ്ട വിത്ത് നടാം. അല്ലെങ്കില്‍ മുന്‍കൂട്ടി പോളിത്തീന്‍ കവറുകളില്‍ പാകി വളര്‍ത്തിയ തൈകള്‍ വേരിന് ക്ഷതം പറ്റാതെ നടുകയോ ചെയ്യാം. വെണ്ട പറിച്ച് നടുന്ന ഇനമല്ലാത്തതു കൊണ്ട് തന്നെ കവറില്‍ പാകിയ തൈകള്‍ രണ്ടില പ്രായമാകുമ്പോള്‍തന്നെ വേരുകള്‍ക്ക് കോട്ടം തട്ടാതെ തടത്തില്‍ നടണം.

തൈകള്‍ നടുന്ന രീതി

മഞ്ഞു കാലത്തും വേനല്‍ക്കാലത്തുമാണ് വെണ്ട നടുന്നതെങ്കില്‍ തടങ്ങള്‍ അല്‍പ്പം താഴ്ത്തി വേണം നടാന്‍. പിന്നീട് ചെടിയുടെ വളര്‍ച്ച അനുസരിച്ച് പച്ചില കമ്പോസ്റ്റും ജൈവ വളങ്ങളും കൊടുത്തത് തടങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുന്നതാണ് നല്ലത്. ഈ രീതി അവലംമ്പിക്കുന്നതിലൂടെ തടത്തില്‍ വായു സഞ്ചാരമുറപ്പാക്കാന്‍ സാധിക്കും. മഴക്കാലത്താണ് നടുന്നതെങ്കില്‍ തടമല്‍പ്പം ഉയര്‍ത്തി നടുണം. വെള്ളം കെട്ടിക്കിടക്കാതിരിക്കാനിതു സഹായിക്കും. വൈകുന്നേരങ്ങളിലാണ് തൈ നടാന്‍ പറ്റിയ സമയം. മഴ കുറവുള്ള സമയത്താണങ്കില്‍ രണ്ട് നേരം നനയ്ക്കണം. വളപ്രയോഗം മറ്റു പച്ചക്കറി വിളകള്‍ക്ക് നല്‍കുന്ന പോലെ തന്നെ നല്‍കാം. എല്ലാതരം ജൈവവളങ്ങളും കൊമ്പന്‍ വെണ്ടയ്ക്ക് വളമായി ഉപയോഗിക്കാം. നന്നായി പരിപാലിച്ചാല്‍ ആറ്- ഏഴ് മാസം തുടര്‍ച്ചായി ആനക്കൊമ്പന്‍ വെണ്ടയില്‍ നിന്ന് വിളവ് ലഭിക്കും. വിളവ് കുറയുമ്പോള്‍ മുകള്‍ അറ്റം വെട്ടിവിട്ടാല്‍ പുതിയ ശിഖരങ്ങള്‍ വന്ന് വീണ്ടും വിളവ് ലഭിക്കും.




No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...