നല്ല മണ്ണില്‍ മാത്രമേ ചെടികള്‍ നന്നായി വളര്‍ന്നു നല്ല വിളവ് ലഭിക്കൂ. മണ്ണിന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ജൈവലായനിയാണ് അമൃതജലം. അടുക്കളത്തോട്ടത്തിലെ വിളകള്‍ നല്ല കായ്ഫലം തരാന്‍ അമൃതജലം സഹായിക്കും. ഗ്രോബാഗിലും ചട്ടികളിലും ഇതു മിതമായ അളവില്‍ പ്രയോഗിക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
1. പച്ചച്ചാണകം- ഒരു കിലോ
2. ഗോമൂത്രം- ഒരു ലിറ്റര്‍
3. ശര്‍ക്കര- 50 ഗ്രാം
4. വെള്ളം -പത്ത് ലിറ്റര്‍
തയാറാക്കുന്ന വിധം
ശര്‍ക്കര വെള്ളത്തില്‍ നന്നായി അലിയിപ്പിക്കുക. ഇതിലേക്ക് ഗോമൂത്രം ചേര്‍ക്കുക. തുടര്‍ന്ന് നന്നായി ഇളക്കണം. പച്ചച്ചാണകവും ബാക്കിയുള്ള വെള്ളവും ഈ ലായനിയിലേക്ക് ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കണം. തുടര്‍ന്ന് മണ്‍പാത്രത്തിലോ പ്ലാസ്റ്റിക്ക് ഡ്രമ്മിലോ സൂക്ഷിച്ചുവയ്ക്കുക. പ്ലാസ്റ്റിക് കവറോ തുണിയോ ഉപയോഗിച്ച് അടച്ചു ശേഷം തണലത്ത് വേണം സൂക്ഷിക്കാന്‍. മൂന്നു ദിവസം ഈ ലായനി സൂക്ഷിച്ചുവയ്ക്കണം. എല്ലാ ദിവസവും മൂന്നു തവണയെങ്കിലും നന്നായി ഇളക്കണം.
ഉപയോഗിക്കുന്ന വിധം
നാലാം ദിവസം മുതല്‍ അമൃതജലം ഉപയോഗിച്ചു തുടങ്ങാം. ഒരു ലിറ്റര്‍ അമൃത ജലത്തില്‍ പത്തുലിറ്റര്‍ വെള്ളം ചേര്‍ത്ത് ചെടികളുടെ തടത്തില്‍ ഒഴിച്ചു കൊടുക്കുക. നേരിട്ട് വെയില്‍ തടത്തില്‍ തട്ടുന്ന സമയത്ത് അമൃതജലം ഒഴിക്കരുത്. കരിയിലകളും മറ്റു ചപ്പുചവറുകളും ഉപയോഗിച്ച് പുതയിടുന്നതും നല്ലതായിരിക്കും.
By Harithakeralam News
No comments:
Post a Comment