എല്ലായ്പ്പോഴും കൂട്ടുകാര്‍ ഉന്നയിക്കുന്ന വലിയൊരു പ്രശ്നമാണ് തക്കാളിക്കൃഷിയിലെ ബാക്ടീരിയവാട്ടരോഗം . ഒരു സുപ്രഭാതത്തില്‍ മുഴുവനായി തിളച്ചവെള്ളമൊഴിച്ചപോലെ വാടിനില്‍ക്കുന്നതായിക്കാണുന്ന ചെടിയെ എന്തൊക്കെ ചെയ്താലും മിക്കവാറും രക്ഷിക്കാനുമാവില്ല. Ralstonia solanacearum എന്ന ബാക്ടീരിയയാണ് രോഗഹേതു. ബാക്ടീരിയവാട്ടം ഉറപ്പാക്കാനായി വാടിയ ചെടിയുടെ മൂക്കാത്ത തണ്ട് ബ്ലേഡുപയോഗിച്ച് കുറുകെ മുറിച്ചശേഷം ഒരു ചില്ലുഗ്ലാസിലെ വെള്ളത്തിൽ തണ്ടിന്റെ പാതിഭാഗം മുക്കിവെക്കുക. ഒരു മണിക്കൂറിനുശേഷം പരിശോധിച്ചാൽ മുറിച്ചയിടത്തുനിന്നും കഞ്ഞിവെള്ളംപോലൊരു ദ്രാവകം ഒലിച്ചിറങ്ങുന്നതായിക്കാണാം.
ഈ രോഗത്തിനെതിരെ നമുക്ക് അനുവര്‍ത്തിക്കാവുന്ന ചില പ്രതിരോധമാര്‍ഗ്ഗങ്ങള്‍ വിവരിക്കാം.
* വെള്ളക്കെട്ടുണ്ടായിരുന്ന മണ്ണില്‍ തക്കാളി നടാതിരിക്കുക.
* കെട്ടിക്കിടക്കുന്നതും പായല്‍ നിറഞ്ഞതുമായ ജലസ്രോതസ്സുകളില്‍നിന്നുമുള്ള വെള്ളമെടുത്ത് തക്കാളിച്ചെടിക്ക് ജലസേചനം ചെയ്യാതിരിക്കുക.
* ഒരിക്കലും വെള്ളം തടത്തില്‍ കെട്ടിക്കിടക്കുന്ന വിധത്തില്‍ ജലസേചനം ചെയ്യാതിരിക്കുക.
* മണ്ണൊരുക്കുമ്പോള്‍ കുമ്മായം / ഡോളോമൈറ്റ് നിര്‍ബന്ധമായും ചേര്‍ക്കുക. മണ്ണിലെ pH മൂല്യം 7.5 ആണ് തക്കാളിച്ചെടിക്ക് അഭികാമ്യം. കൂടാതെ മണ്ണിലെ കാത്സ്യത്തിന്‍റെ സാന്നിധ്യവും ബാക്ടീരിയവാട്ടത്തെ ചെറുക്കുന്നു.
* തക്കാളിച്ചെടി നടുമ്പോള്‍ കിലുക്കിച്ചെടിയുടെ (Crotalaria ) (ചിത്രം കാണുക) പച്ചയിലകള്‍ ചേര്‍ത്ത് മണ്ണൊരുക്കുക.
* അടുത്തുള്ള ചെടികളില്‍ രോഗം കാണുന്നപക്ഷം ഒരു ചതുരശ്രമീറ്റര്‍ മണ്ണിലേക്ക് 50 ഗ്രാം ( 15 ഗ്രാം ഒരു ചെടിക്ക് ) ബ്ലീച്ചിംഗ് പൌഡര്‍ മണ്ണ് നനയാന്‍മാത്രം പാകത്തിനുള്ള വെള്ളത്തില്‍ കലക്കിയൊഴിക്കുക.
* രോഗം കണ്ടയുടനെ ചെടി നില്‍ക്കുന്ന ഒരു ചതുരശ്രമീറ്റര്‍ മണ്ണില്‍ 5 ഗ്രാം സ്ട്രെപ്ടോമൈസിന്‍ സള്‍ഫേറ്റ് മണ്ണ് നനയാന്‍മാത്രം പാകത്തിനുള്ള വെള്ളത്തില്‍ കലക്കിയൊഴിച്ചാല്‍ ചെടി രക്ഷപ്പെട്ടേക്കാം.
* രോഗം ബാധിച്ച ചെടികളില്‍നിന്നുള്ള വിത്തുകള്‍ പാകാനെടുക്കാതിരിക്കുക.
* കാര്‍ഷികസര്‍വ്വകലാശാല പുറത്തിറക്കിയ ശക്തി, മുക്തി എന്നീയിനങ്ങള്‍ ബാക്ടീരിയവാട്ടത്തെ ചെറുക്കുന്നവയാണ്.
(കുമിളുകളാല്‍ വരുന്ന വാട്ടരോഗങ്ങള്‍ കൃത്യമായ ട്രൈക്കോഡെര്‍മ / സ്യൂഡോമോണാസ് പ്രയോഗങ്ങളാല്‍ നിയന്ത്രിക്കാം)
deepan_vs
No comments:
Post a Comment