Thursday, February 8, 2018

ബാക്ടീരിയൽ വാട്ടം എങ്ങനെ തടയാം ....?

കടയിൽ നിന്ന് വാങ്ങുന്ന തക്കാളി വിത്തൊക്കെ നട്ടാൽ ബാക്ടീരിയൽ വാട്ടം വന്ന് നശിക്കാൻ സാധ്യത കൂടുതലാണ് ...
കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത ബാക്ടീരിയ ൽ വാട്ടം തടയുന്ന തക്കാളി ഇനങ്ങളായ ശക്തി ,മുക്തി ,അനഘ തുടങ്ങിയവ മേടിച്ച് നടുക .....

കേരള കാർഷിക സർവ്വകലാശാലയിലെ ഹോർട്ടികൾച്ചർ കോളേജ്  വികസിപ്പിച്ചെടുത്ത തക്കാളി ഇനമാണ് അനഘ.  കൃത്യമായ പരിപാലനം ലഭിച്ചാൽ ഒരു ഹെക്ടറിൽ നിന്നും 30 ടൺ വരെ വിളവ് ലഭിക്കാൻ പ്രാപ്തിയുള്ള ഇനമാണ്. തക്കാളി കൃഷിയുടെ മുഖ്യ പ്രശ്നമായ ബാക്ടീരിയൽ വാട്ടം തടയുന്ന ഇനമാണ് അനഘ.
നല്ല ചുവന്ന നിറത്തിൽ വൃത്താകൃതിയിൽ ഇടത്തരം  വലിപ്പത്തിൽ ഉള്ള ഈ ഇനം തക്കാളിയുടെ ഒരു കായ ഏകദേശം 45gm തൂക്കം വരുന്നതാണ്.....
കായ വിള്ളൽ, ഇല ചുരുളൽ, മൊസൈക് രോഗം എന്നിവയിൽ നിന്നും ഈ ഇനത്തിന് പ്രതിരോധശേഷി ഉണ്ട് .

ബാക്ടീരിയൽ വാട്ടം .............................................

.തക്കാളി, പച്ചമുളക്, വഴുതിന എല്ലാം ഒരേ കുടുംബക്കാര്‍. സോളനേസ്യ തറവാട്ടിലെ അംഗങ്ങളായ ഇവയുടെയെല്ലാം പ്രധാന പ്രശ്നമാണ് ബാക്ടീരിയല്‍ വാട്ടം. വളരെ പെട്ടെന്ന് പച്ചനിറം കെടാതെ വാടിപ്പോകുന്നെങ്കില്‍ ഉറപ്പിച്ചോളൂ രോഗം വാട്ടംതന്നെ. ഇലകള്‍ താഴേക്ക് ചുരുളലും തണ്ടിനകത്തെ നിറവ്യത്യാസവും രോഗത്തോടൊപ്പം കൂട്ടിവായിക്കേണ്ട ലക്ഷണങ്ങളാണ്.

വഴുതിനവര്‍ഗ വിളകള്‍ കൃഷിചെയ്യുമ്പോള്‍ മണ്ണിൽ കുമ്മായം ചേര്‍ത്തല്‍ വാട്ടത്തിന് കാരണഭൂതനായ റാള്‍സ്റ്റോണിയ സോളനേസ്യാറം എന്ന ബാക്ടീരിയയെ അകറ്റിനിര്‍ത്താം. രോഗംബാധിച്ച ചെടികള്‍ പിഴുതുനശിപ്പിച്ചേ മതിയാകൂ. തക്കാളിയും പച്ചമുളകും വഴുതിനയും ഒരുസ്ഥലത്ത് അടുത്തടുത്തായി നടുന്നത് വാട്ടരോഗത്തിനുള്ള സാധ്യത കൂടും. വെള്ളം കെട്ടിനില്‍ക്കാത്ത രീതിയില്‍ ഗ്രോബാഗുകള്‍ ക്രമീകരിക്കണം. നിര്‍വാര്‍ച്ചാ സൌകര്യം മെച്ചപ്പെടുത്തിയാല്‍തന്നെ വാട്ടത്തെ ഒരുപരിധിവരെ പിടിച്ചുകെട്ടാം. വിത്ത് പാകുന്നതിനുമുമ്പ് സ്യൂഡോമോണസില്‍ നേര്‍ത്ത നനവോടെ പുരട്ടിവയ്ക്കണം.

തൈകള്‍ പറിച്ചുനടുന്നതിനു മുമ്പായി 20 ഗ്രാം സ്യൂഡോമോണസ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ മുക്കിവയ്ക്കുന്നത് നന്ന്.  തീര്‍ന്നില്ല. എല്ലാ ആഴ്ചയും സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിക്കുന്നതും ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നതും വാട്ടക്കാരനായ ബാക്ടീരിയയെ തുരത്തിയോടിക്കും.

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...