Monday, March 12, 2018

ചീമക്കൊന്നയില്‍ നിന്ന് ജൈവവളം തയാറാക്കുന്ന വിധം

ജൈവകൃഷിയില്‍ പ്രധാനമാണ് ചാണകവും പച്ചിലകളും. ഇവ ഉപയോഗിച്ച് എളുപ്പത്തില്‍ നിരവധി വളങ്ങളും കീടനാശിനികളുമുണ്ടാക്കാം. പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് അവയെ സംരക്ഷിക്കുകയും ചെയ്യും ഇത്തരം ജൈവവളങ്ങള്‍. രാസവസ്തുക്കള്‍ ഒട്ടും കലരാത്തതിനാല്‍ നമ്മുടെ ആരോഗ്യത്തിനും ഇവ ഒരു കുഴപ്പവും സൃഷ്ടിക്കില്ല. ചീമക്കൊന്ന ഇലയും ചാണകവും ചേര്‍ത്ത് നിര്‍മിക്കുന്ന കമ്പോസ്റ്റ് മികച്ച ജൈവവളമാണ്. ഇതു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.


ചീമക്കൊന്നയും ചാണകവും


നാട്ടിന്‍പുറങ്ങളില്‍ ഇന്നും ചീമക്കൊന്ന ധാരാളമുണ്ട്. കോണ്‍ക്രീറ്റ് മതിലുകള്‍ വരുന്നതിനു മുമ്പ് അതിരുകളില്‍ വളര്‍ത്തിയ ചെടിയായിരുന്നു ചീമക്കൊന്ന. പ്രത്യേകതരം ഗന്ധമാണ് ചീമക്കൊന്നയുടെ ഇലയ്ക്കും തൊലിക്കുമെല്ലാം. ജൈവകൃഷി വ്യാപകമായതോടെ ചീമക്കൊന്നയുടേയും ഡിമാന്റ് വര്‍ധിച്ചു. നാടന്‍ പശുവിന്റെ ചാണകമാണ് കമ്പോസ്റ്റ് നിര്‍മിക്കാന്‍ ഉത്തമം. നാടന്‍ പശുക്കള്‍ വളരെ അപൂര്‍വമായ ഇക്കാലത്ത് ചാണകം ലഭിക്കുക പ്രയാസമാണ്. അടുക്കളത്തോട്ടത്തിലെ എല്ലാ തരം പച്ചക്കറികള്‍ക്കും പുതുജീവന്‍ നല്‍കും ചീമക്കൊന്നപച്ചച്ചാണകം കമ്പോസ്റ്റ്. മണ്ണിലെ കീടങ്ങളെ അകറ്റാനും ഇതു വളരെ ഫലപ്രദമാണ്.


തയാറാക്കുന്ന വിധം


ഒരു വലിയ ബാരല്‍ ഇതിനായി കണ്ടെത്തണം
1. 40 കിലോഗ്രാം പച്ച ചാണകം നാടന്‍ പശുവിന്റെത് വളരെ ഉത്തമം.
2. 10 കിലോഗ്രാം ചീമക്കൊന്ന ഇല.


3. 5 കിലോഗ്രാം ശര്‍ക്കര.


4. 5 കിലോഗ്രാം കടലപ്പിണ്ണാക്ക്.


ഇവയെല്ലാം കൂടി ബാരലില്‍ ഇട്ട് അടച്ച് വെക്കണം. 30-40 ദിവസംകൊണ്ട് പുളിച്ച് നല്ല ജൈവ കുഴമ്പായി മാറും. ഇതില്‍ അഞ്ച് ഇരട്ടി വെള്ളം ചേര്‍ത്ത് പച്ചക്കറി തടത്തില്‍ ഒഴിച്ചു കൊടുക്കാം. 15 ദിവസം കൂടുമ്പോള്‍ ഇത്തരത്തില്‍ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്. പച്ചക്കറികള്‍ ആരോഗ്യത്തോടെ വളരുകയും മികച്ച വിളവ് ലഭിക്കുകയും ചെയ്യും. കീടങ്ങളെ അകറ്റാനും കമ്പോസ്റ്റ് ഉപകരിക്കും.


No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...