Friday, May 11, 2018

കറിവേപ്പിന് വളം കഞ്ഞിവെള്ളം.

കേരളീയർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും എല്ലാ ഭക്ഷണത്തിലും ഉൾപ്പെടുത്തുന്നതുമായ ഒന്നാണ്കറിവേപ്പില. മുൻപൊക്കെ പുരയിടങ്ങളിൽ നാം കറിവേപ്പിന്റെ തൈകൾ നട്ടുവളർത്തുമായിരുന്നു. എന്നാലിപ്പോൾ പച്ചക്കറികളുടെ അവസ്ഥതെന്നയാണ് നിത്യോപയോഗ ഇലയായ കറിവേപ്പിലയ്ക്കും.

പച്ചക്കറിയിനങ്ങളിൽ ഏറ്റവും കൂടുതൽ മാരക കീടനാശിനികൾ അടങ്ങിയിരിക്കുന്നതാണ്നമ്മുടെ കറിവേപ്പില. ഒട്ടേറെ പരിശോധനകളിൽ ഇത് തെളിഞ്ഞതുകൊണ്ടുതന്നെ വീട്ടിൽ ഒരുകറിവേപ്പിലത്തൈ നടുവളർത്തേണ്ടത് ഇന്നിന്റെ ആവശ്യമായി മലയാളികൾ അംഗീകരിച്ചിരിക്കുന്നു. ഫ്ലാറ്റുകളിലുംവീടുകളിലും ചട്ടികളിലും ഗ്രോബാഗുകളിലും വീട്ടമ്മമാർ കറിവേപ്പില നട്ടുവളർത്താൻ തുടങ്ങിയിരിക്കുന്നു എന്നതുതന്നെ ശുഭോദർക്കമാണ്. കറിവേപ്പില തൈകൾ നടുന്നസമയത്തും വളർത്തുമ്പോളും ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്താൽ രണ്ടു തൈകളിൽ നിന്നുതന്നെ ഒരു അണുകുടുംബത്തിനുവേണ്ട കറിവേപ്പില പറിച്ചെടുക്കാം.

കൃഷിരീതി.

വീടുകളിൽ ഒന്നോ രണ്ടോ തൈകൾ ഗ്രോബാഗിലോ ചട്ടിയിലോ വെക്കുന്നവർ നഴ്സറികളിൽ നിന്ന് കരുത്തുള്ള തൈകൾ തിരഞ്ഞെടുത്താൽ മതി. വിത്ത്മുളച്ചുണ്ടാകുന്നതൈകളും വേരിൽ നിന്നു പൊട്ടുന്ന തൈകളും ഉപയോഗിക്കാറുണ്ട്. ചട്ടിയിലാണ് വളർത്തുന്നതെങ്കിൽ ചെടി വലുതാകുന്നതനുസരിച്ച് ചട്ടിമാറ്റി വലിയ പാത്രങ്ങളിലേക്ക് നട്ടുകൊടുക്കണം.

പുരയിടങ്ങളിൽ ചെടിനടാൻ കുഴിയെടുക്കുമ്പോൾ നല്ല നീർവാർച്ചയുള്ളിടത്തായിരിക്കണം. ഒരടി നീളവും വീതിയും ആഴവുമുള്ള കുഴിയായിരിക്കണം എടുക്കേണ്ടത്. കുഴിയിൽ കാലിവളം, മണൽ, മണ്ണ്, ഓരോ കുഴിക്കും 100ഗ്രാം വേപ്പിൻപിണ്ണാക്ക്, 50 ഗ്രാം കുമ്മായം എന്നിവ നന്നായി ഇളക്കിച്ചേർത്തതിനുശേഷം അതിൽ മുക്കാലടിയുള്ള പിള്ളക്കുഴിയടുത്ത് തൈ നടാവുന്നതാണ്.

വേനൽക്കാലത്താണ് നടുന്നതെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽനനച്ചുകൊടുക്കണം. വെള്ളം കെട്ടിനിൽക്കാത്ത സ്ഥലമായിരിക്കണം തൈ നടാൻ തിരഞ്ഞെടുക്കേണ്ടത്. സൂര്യപ്രകാശവും ലഭിക്കണം. ചെടി വളരുന്നതിനനുസരിച്ച് മൂന്നുമാസത്തിലൊരിക്കൽ മുരടിൽനിന്ന് ഒരടിവിട്ട് ചുവടുകിളച്ച് കാലിവളം ചേർത്തിളക്കിക്കൊടുക്കണം. നന്നായി നനച്ചും കൊടുക്കണം. കൊമ്പ് വലുതായിവരുമ്പോൾ കൊമ്പ് കോതിക്കൊടുക്കണം. എന്നാൽ കൂടുതൽ ചില്ലകൾ ഇടതൂർന്ന് വലുതായിവരും.

കീടനാശിനിയും വളവുമായി കഞ്ഞിവെള്ളം

നമ്മൾ ദിവസവും വീട്ടിൽ നിന്ന് വെറുതേ ഒഴിവാക്കുന്ന കഞ്ഞിവെള്ളം കറിവേപ്പിലയുടെ കീടനാശിനിയായും വളക്കൂട്ടായും ഉപയോഗിക്കാം. ചട്ടികളിൽ നട്ട് ഒന്നോരണ്ടോ ഇലത്തൂമ്പുകൾ വന്നു കഴിഞ്ഞാൽ കഞ്ഞിവെള്ള പ്രയോഗം നടത്താം.

തലേ ദിവസത്തെ കഞ്ഞിവെള്ളമാണ് നാം കീടനാശിനിയായി ഉപയോഗിക്കേണ്ടത്. പുളിച്ച കഞ്ഞിവെള്ളത്തിൽ അല്പം വെളുത്തുള്ളി ചതച്ചിട്ടതിന് ശേഷം അല്പം വെള്ളം ചേർത്ത് നേർപ്പിച്ച് സ്പ്രേ ചെയ്തു കൊടുക്കാം. സൈലിഡ്എന്ന കീടവും നാരകവർഗവിളകളെ ബാധിക്കുന്ന ശലഭപ്പുഴുക്കളുമാണ് കറിവേപ്പിന് ബാധിക്കുന്ന കീടങ്ങൾ. കൂടാതെ തേയിലക്കൊതുകിന്റെ ആക്രണവും സാധാരണയായി കണ്ടുവരുന്നു. ചെടിയുടെ തണ്ടിലും ഇലയിലും വെളുത്ത പാടപോലെ പറ്റിക്കിടക്കുന്ന ഒരുതരം ഫംഗസ്സും ഇതിന്റെ ശത്രുവാണ്. ഇവയ്ക്കെല്ലാം കഞ്ഞിവെള്ള പ്രയോഗം നല്ലതാണ്.

കടലപ്പിണ്ണാക്കും കഞ്ഞിവെള്ളവും ചേർത്ത മിശ്രിതമാണ് കറിവേപ്പില തഴച്ചുവളരാൻ വളമായി നൽകേണ്ടത്. പുളിച്ച അര ബക്കറ്റ് കഞ്ഞിവെള്ളത്തിൽ അരക്കിലോ കടലപ്പിണ്ണാക്ക് വാങ്ങി പുതർത്തിയതിന് ശേഷം അത് നേർപ്പിച്ച് കറിവേപ്പിന്റെ മുരട്ടിൽ നിന്ന് വിട്ട് ഒഴിച്ചു നൽകാം.

ഇത് കൂടാതെ വേപ്പെണ്ണ എമെൽഷൻ, വേപ്പധിഷ്ഠിത കീടനാശിനികൾ എന്നിവ കറിവേപ്പിലയിലെ കീടബാധയ്ക്കും രോഗബാധയ്ക്കും ഉത്തമമാണ്. രാസകൃഷിയിൽ വളരെയധികം കടുത്ത രാസവസ്തുക്കൾ തന്നെയാണ് ഉപയോഗിക്കുന്നത്. മേട്ടുപ്പാളയം ഭാഗങ്ങളിലും തമിഴ് നാടിന്റെ മറ്റുപല ഭാഗങ്ങളിലും നിരോധിച്ച എൻഡോസൾഫാൻ വരെ തളിക്കുന്നുണ്ട്. പറിച്ചെടുത്താലും കുറേക്കാലം ഫ്രഷായി നിൽക്കാൻവേണ്ടി വിളവെടുപ്പിന്റെ സമയത്തും കീടനാശിനി തളിക്കുന്നതിനാലാണ് പചച്ചക്കറികളിൽ ഏറ്റവും കൂടുതൽ കീടനാശിനി വിഷാംശം നിലനിൽക്കുന്നയിനമായി കറിവേപ്പിലമാറുന്നത്.

ജീവകം എ.യുടെ നല്ല കലവറയാണ് കറിവേപ്പില ദഹനത്തെ നന്നായി സഹായിക്കുന്ന ഇതിൽ 100 ഗ്രാം (3.5 ഒസിൽ) അടങ്ങിയിരിക്കുന്ന അന്നജം 6ഗ്രാം, ഭക്ഷ്യനാരുകൾ 7ഗ്രാം, കൊഴുപ്പ് 2ഗ്രാം പ്രോട്ടീൻ 6.1 ഗ്രാം ജലം 36.3ഗ്രാം, ജീവകം എ 140 ശതമാനം, റൈബോഫ്ലാവിൻ 14 ശതമാനം, കാത്സ്യം 85 ശതമാനം, ഇരുമ്പ് 56 ശതമാനം എന്നിങ്ങനെയും ജിവകം ബി13യും അടങ്ങിയിരിക്കുന്നു.

Sunday, May 6, 2018

പയർ കൃഷി മെച്ചപ്പെടുത്താൻ ചില പൊടിക്കൈകൾ

*നെഞ്ചൊപ്പമെത്തിയാല്‍ പയറിന്റെ തല മുറിക്കണം?*

പച്ചക്കറികളിൽ ഉത്സവകാലങ്ങളിൽ ഏറ്റവും കൂടുതൽ വിലയുയരുന്ന, നട്ടുപിടിപ്പിച്ച് കീടങ്ങളിൽ നിന്ന് രക്ഷിച്ചെടുത്ത് ദീർഘകാലം വിളവെടുക്കുന്ന രീതിയിൽ നിലനിർത്താൻ ബുദ്ധിമുട്ടുള്ള ഒരിനമുണ്ട്. അതാണ് പയർ. അങ്ങനെ നട്ടുപിടിപ്പിച്ച പയറിന്റെ വള്ളി നമ്മുടെ നെഞ്ചൊപ്പമെത്തിയാൽ അതിന്റെ തല മുറിച്ചുകളയണമെന്ന് പറയുന്നത് വലിയ പാതകം തന്നെയാണ്. പക്ഷേ, അനുഭവസമ്പത്തുള്ള പച്ചക്കറി കൃഷിക്കാരുടെ രീതി അങ്ങനെയാണ്. അതിനുള്ള കാരണമെന്താണ്?

പയർവിത്താണ് ഏറ്റവും ആദ്യം മുളയ്ക്കുന്നവിത്ത്. നനച്ചുവെച്ചാൽ കേവലം മണിക്കൂറുകൾകൊണ്ടു തന്നെ പയർവിത്തിന് മുളപൊട്ടും. പക്ഷേ വേഗം മുളച്ചതുകൊണ്ട് പയർച്ചെടി വേഗം പിടിച്ച് തഴച്ചു വളരണമെന്നില്ല. അതിന് കടമ്പകളേറെയുണ്ട്.

*മണ്ണൊരുക്കൽ കൃത്യമാവണം.*

ചുട്ട മണ്ണിൽ പച്ചക്കറി വേഗം വിളയുമെന്നാണ് അനുഭവപാഠം. അതുകൊണ്ടുതന്നെയാണ് കൃഷിക്കാർ വിത്തുനടുന്നതിന് മുമ്പ് മണ്ണ് പൊടിച്ച് അതിനു മുകളിൽ ഉണങ്ങിയ ചപ്പിലകൾ കത്തിക്കുന്നത്. അങ്ങനെ ചെയ്താൽ മണ്ണിലുള്ള ചെടിയെ ദോഷകരമായി ബാധിക്കുന്ന ബോറൻ പുഴു പോലുള്ള കീടങ്ങളുടെ മുട്ടയും ഫംഗസുകളും ചിതലും നശിച്ചുപോകുന്നു. അങ്ങനെ കത്തിക്കുമ്പോഴുള്ള ചാരം പച്ചക്കറിത്തടത്തിന് വളമാവുകയുംചെയ്യും.പയറിന്റെ കാര്യത്തിൽ എന്തായാലും കത്തിക്കൽ പ്രക്രിയ അനിവാര്യമാണ്.

*ചട്ടിയിലും ചെയ്യാം.*

ചട്ടിയിലോ ബാഗിലോ ചാക്കിലോ ഇങ്ങനെ മണ്ണൊരുക്കി കൃഷി നടത്താം. ഫ്ലാറ്റിലും തീരെ സൗകര്യം കുറഞ്ഞ വീടുകളിലും വെയിലത്ത് പത്ത് ചട്ടി വെക്കാൻ കഴിഞ്ഞാൽ പയർവിളയിക്കാം. നിറയ്ക്കാനുള്ള മണ്ണൊരുക്കലാണ് ആദ്യപടി. മണ്ണ് കിട്ടാൻ പാടുള്ള ഫ്ളാറ്റുകളിൽ ചകിരിച്ചോറിന്റെ കട്ടവാങ്ങി പുതർത്തി ബാഗിൽ നിറച്ചാലും മതി.

മണ്ണു കിട്ടുന്ന സ്ഥലങ്ങളിൽ മണ്ണ്, മണൽ, ചാണകപ്പൊടി (കോഴിവളം), എന്നിവ 3:3:1: എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തി അതിനുമുളളിൽ ചപ്പിലയിട്ട് കത്തിച്ചശേഷം നന്നായിളക്കി ബാഗിന്റെയും ചട്ടിയുടെയും അരഭാഗത്തോളം നിറയ്ക്കുക. ചാണകം ലഭിക്കാൻ പ്രയാസമുള്ളയിടങ്ങളിൽ കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും വാങ്ങി പുതർത്തി പുളിപ്പിച്ച് ചകിരിച്ചോറിന്റെ കൂട്ടത്തിൽ കൂട്ടി നടീൽ മിശ്രിതം തയ്യാറാക്കാം.

വിപണിയിൽ കിട്ടുന്ന വിത്തുകൾ ചട്ടിയിൽ നടാൻ ഉപയോഗിക്കാം. വിത്ത് നടുന്നതിന് മുൻപ് കടയിൽ നിന്ന് വാങ്ങുന്ന സ്യൂഡോമോണസ് പുരട്ടി തണലത്തുണക്കിയെടുക്കാം. റൈസോബിയം എന്ന ജീവാണുവളവും പോട്ടിങ്മിശ്രിതത്തിൽ ചേർത്തുകൊടുക്കാം. വിത്ത് നട്ടബാഗ്, ചാക്ക്,ചട്ടി എന്നിവ സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വെക്കണം. വിത്ത് നട്ട് രണ്ടാം നാൾ മുളച്ചുപൊന്തും. ആഴ്ചയിലൊരിക്കൽ കടലപ്പിണ്ണാക്ക് പുതർത്തി നേർപ്പിച്ച് ഒഴിച്ചുകൊടുക്കാം. മാസത്തിലൊരിക്കൽ 50 ഗ്രാം മലേഷ്യൻ സാൾട്ട്(പൊട്ടാഷ്) ഒരു ചെടിക്ക് നൽകാം.

*തല മുറിക്കാം.*

പയർത്തൈ വലുതായി വരുമ്പോൾ കമ്പോ കയറോ കെട്ടി വീടിന്റെ ഇറയത്തേക്കോ ജനൽക്കമ്പിയിലേക്കോ പടർത്തിവിടാം. നമ്മുടെ നെഞ്ചിന്റെ ഉയരത്തിൽ വള്ളിയെത്തിക്കഴിഞ്ഞാൽ അതിന്റെ തല നുള്ളിക്കളയണം. ചെടി ഉണങ്ങിപ്പോകുമോയെന്ന് വിചാരിച്ച് അതിന് മിക്കവരും മടികാണിക്കും.എന്നാൽ ഒരു തലപ്പ് ഒരുതവണ നുള്ളിക്കഴിഞ്ഞാൽ അതിന്റെ മറ്റെല്ലാ മുട്ടിൽനിന്നും പുതുവള്ളികൾ പൊട്ടുകയും അതിലെല്ലാം കായകൾ ഉണ്ടാവുകയും ചെയ്യും.

*വേപ്പെണ്ണയും വെളുത്തുള്ളിയും.*

പയറിന്റെ മുഞ്ഞ, വെള്ളീച്ച, ചാഴി എന്നിവയെ പ്രതിരോധിക്കാൻ വേപ്പെണ്ണ എമൽഷൻ ആണ് ഉത്തമം. കീടങ്ങൾ വരുന്നതിന് മുൻപ് തന്നെ ഇത് തളിക്കാൻ തുടങ്ങണം. പയർച്ചെടിയുടെനീരൂറ്റിക്കുടിക്കുന്ന മുഞ്ഞയെ പ്രതിരോധിക്കാൻ കഞ്ഞിവെള്ളം നന്നായി സ്പ്രേ ചെയ്തുകൊടുത്താൽ മതി. കീടങ്ങളെ പ്രതിരോധിക്കാൻ ബ്യുവേറിയ ബാസിയാന എന്ന മിത്രകുമിളും പുകയില, വെളുത്തുള്ളി കഷായങ്ങളും ഫലപ്രദമാണ്.

ചെടിയെ നിരീക്ഷിക്കുകയെന്നതാണ് പ്രധാനം. വണ്ടുകൾ ചെറിയ പുഴുക്കൾ എന്നിവയെ കീടനാശകങ്ങളുടെ സഹായമില്ലാതെത്തന്നെ കൈകൊണ്ട് പിടിച്ച് നശിപ്പിക്കാം.

*വളം ചെയ്യാം.*

വിളവെടുപ്പ് തുടങ്ങിക്കഴിഞ്ഞാൽപ്പിന്നെ വളം ചെയ്യാത്തതാണ് പച്ചക്കറികൾ ശോഷിക്കാനും ഉണങ്ങാനും കാരണം. ഓരോ മാസവും രണ്ടു പ്രാവശ്യം എന്ന തോതിൽ കടപ്പിണ്ണാക്കോ, കംപോസ്റ്റോ, ചാണപ്പൊടിയോ, ജൈവവളമോ നൽകണം. കൂട്ടത്തിൽ മാസത്തിലൊരിക്കൽ 50ഗ്രാം പൊട്ടാഷും മുരട്ടിൽ നിന്ന് വിട്ട് ചട്ടിയിൽ വിതറിക്കൊടുക്കണം. എന്നാൽ ആരോഗ്യത്തോടെ നിൽക്കുന്ന വള്ളിയിൽ നിന്ന് ദീർഘകാലം പയർ പറിച്ച് ഉപയോഗിക്കാം.

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...