പച്ചമുളകില്ലാത്ത അടുക്കള മലയാളിയുടെ ആലോചനയ്ക്കുമപ്പുറത്താണ്. ക്ലോർപെറിഫോസും സൈപർമെത്രിനും അടക്കം ഏഴ് രാസകീടനാശിനികൾ നിറഞ്ഞതാണ് നമ്മുടെ വിപണിയിലെ മുളക് എന്ന് പഠനങ്ങൾ. വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന അനലറ്റിക്കൽ ലാബിൽ നടത്തിയ എല്ലാ പരിശോധനയിലും വർധിത വീര്യത്തിലുള്ള കീടനാശിനികളുടെ കാര്യത്തിൽ പച്ചമുളക് ഒന്നാംസ്ഥാനം ആർക്കും വിട്ടുകൊടുത്തിട്ടില്ല. പച്ചടി, ചട്ണി, സാലഡ് തുടങ്ങിയ കറികളിലെല്ലാം പച്ചമുളക് പച്ചയായിത്തന്നെ ഉപയോഗിക്കുന്നത് പ്രശ്നം രൂക്ഷമാക്കുന്നു. നമുക്ക് വേണ്ട പച്ചമുളക് നമുക്കുതന്നെ കൃഷി ചെയ്തെടുക്കാം.
ഉജ്വലയാണ് പച്ചമുകളിലെ താരം. സെപ്തംബർ-ഒക്ടോബറാണ് തൈ നടാൻ ഏറ്റവും അനുയോജ്യം. നല്ല തുറസ്സായ സ്ഥലത്ത് വളക്കൂറുള്ള മേൽമണ്ണും ഉണങ്ങിപ്പൊടിച്ച ചാണകവും ചേർത്താണ് നഴ്സറി തയ്യാറാക്കേണ്ടത്. ഉണക്കിപ്പൊടിച്ച ചാണകത്തിനു പകരം ട്രൈക്കോഡർമ വളർത്തിയെടുത്ത ചാണകം ഉപയോഗിക്കുന്നതാണ് നല്ലത്. വിത്ത് പാകിയശേഷം വാരങ്ങൾ പച്ചിലകൊണ്ട് പുതയിട്ട് ദിവസേന കാലത്ത് നയ്ക്കുക. വിത്ത് മുളച്ചുതുടങ്ങിയാൽ പുത മാറ്റണം. തൈകൾ തഴച്ചുവളരുന്നതിനായി നേർപിച്ച ചാണകപ്പാലോ ഗോമൂത്രമോ ഇടയ്ക്ക് തളിക്കേണ്ടതാണ്.
മുളച്ച് ഒരുമാസം പ്രായമായ തൈകൾ പറിച്ചുനടാം. നഴ്സറി നനച്ചതിനുശേഷം മാത്രമേ തൈകൾ പറിച്ചെടുക്കാവൂ. കൃഷിസ്ഥലം നല്ലപോലെ കിളച്ച് സെന്റൊന്നിന് രണ്ടു കിലോഗ്രാം കുമ്മായവുമായി ചേർത്തിളക്കണം. 15 ദിവസത്തിനുശേഷം 100 കിലോഗ്രാം ട്രൈക്കോഡർമ നമ്പുഷ്ടീകരിച്ച ചാണകപ്പൊടി അടിവളമാക്കാം. പറിച്ചുനടുന്ന സമയത്ത് തൈകളുടെ വേരുകൾ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ അരമണിക്കൂർ മുക്കിവയ്ക്കുക. 10 ദിവസത്തിലൊരിക്കൽ മണ്ണിര കമ്പോസ്റ്റോ പൊടിച്ച ആട്ടിൻകാഷ്ഠമോ പുളിച്ച കടലപ്പിണ്ണാക്കോ ചേർത്ത് മണ്ണ് കൂട്ടണം.
തൈ ചീയൽ, ഇലപ്പുള്ളിരോഗം, ബാക്ടീരിയ വാട്ടം എന്നീ രോഗങ്ങൾ ചെറുക്കുന്നതിനായി ആഴ്ചയിലൊരിക്കൽ 20 ഗ്രാം സ്യൂഡോമോണസ് ഒരുലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുകയും തടം കുതിർക്കുകയും വേണം. ഇലകളുടെ അടിയിൽ വെള്ളീച്ചയുടെ ആക്രമണം കാണുകയാണെങ്കിൽ അഞ്ചുഗ്രാം വെർട്ടിസിലിയം ലെക്കാനി ഒരുലിറ്റർ വെള്ളത്തിൽ കലക്കി തളിക്കണം. പച്ചിലകൾ, തൊണ്ട് എന്നിവ ഉപയോഗിച്ച് പുതയിട്ടുകൊടുക്കുന്നത് കളകൾ നിയന്ത്രിക്കാനും ഈർപ്പം നിലനിർത്താനും സഹായിക്കും. 10 പച്ചമുളകു തൈകൾ ഉണ്ടെങ്കിൽ ഏത് അടുക്കളയുടെ ആവശ്യവും നിറവേറ്റാമെന്നിരിക്കെ വിപണിയിലെ വിഷാംശം കലർന്ന മുളക് കഴിക്കണമോ? in
No comments:
Post a Comment