ശീതകാല പച്ചക്കറികള്‍ നടുന്ന തിരക്കിലാണ് നാമെല്ലാവരും. പറമ്പിലും തൊടിയിലും മട്ടുപ്പാവില്‍ ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമായി നഴ്സറികളില്‍ നിന്നു വാങ്ങുന്ന കാബേജിന്റെയും കോളിഫ്ളവറിന്റെയും തൈകള്‍ നട്ടു പരിപാലിക്കുകയാണ് കൃഷിയോട് സ്‌നേഹമുള്ള എല്ലാ മലയാളികളും. എന്നാല്‍, കഷ്ടപ്പെട്ട് വളര്‍ത്തുന്ന ചെടികള്‍ക്ക് രോഗങ്ങളും കീടങ്ങളും ബാധിച്ചാലോ? വിത്തുകള്‍ വിതച്ച് തൈകള്‍ തയ്യാറാക്കുമ്പോഴും ചെടികള്‍ നടുമ്പോഴും ചിലകാര്യങ്ങള്‍ ശ്രദ്ധിച്ച് കൃത്യമായ പരിപാലനം നല്‍കിയാല്‍ ഇവയുടെ രോഗങ്ങളെയും കീടങ്ങളെയും ഒരു പരിധി വരെയെങ്കിലും മാറ്റിനിര്‍ത്താം. ......
വിത്തുകളെ പരിചരിക്കാം:-
തവാരണകളില്‍ പാകുന്നതിന് മുമ്പ് സ്യൂഡോമോണസ് എന്ന ജീവാണുവളം ഉപയോഗിച്ച് വിത്തുകളെ പരിചരിക്കണം. സ്യൂഡോമോണാസ് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ ഇട്ടുവെച്ച ശേഷമാണ് വിത്തുകള്‍ തവാരണകളില്‍ പാകേണ്ടത്. മുളച്ച് തൈകള്‍ വലുതായി കൃഷിയിടത്തിലേക്ക് പറിച്ചു നടുന്നതിന് മുമ്പ് സ്യൂഡോമോണസ് ലായനിയില്‍ വേര് അരമണിക്കൂര്‍ താഴ്ത്തിവെച്ചതിന് ശേഷം വേണം നടാന്‍. പ്രോട്രേയിലുള്ള തൈകളാണ് വാങ്ങുന്നതെങ്കില്‍ ട്രേയില്‍ നിന്ന് തൈകള്‍ അടര്‍ത്തിമാറ്റി നടുമ്പോള്‍ ലായനിയില്‍ മുക്കി നടാം. വൈകുന്നേരങ്ങള്‍ മാത്രമേ തൈകള്‍ നടാന്‍ തിരഞ്ഞെടുക്കാവൂ. നട്ടുകഴിഞ്ഞാല്‍ രണ്ടുദിവസം തണല്‍ നല്‍കണം അല്ലെങ്കില്‍ വേരുപിടിക്കുന്നതിനു മുമ്പേ വാടിപ്പോകും. നടീലില്‍ ഇത്തരം മുന്‍ കരുതലുകളെടുത്താല്‍ ഒരു പരിധിവരെ രോഗകീടങ്ങളെ അകറ്റാം. ......
പകല്‍ സമയത്ത് ഇലകള്‍ക്കടിയില്‍ ഒളിച്ചിരിക്കുന്ന ഇവ രാത്രിയാണ് ഇലകള്‍ തിന്നു നശിപ്പിക്കുന്നത്. ഇവയെ നിയന്ത്രിച്ചില്ലെങ്കില്‍ ചെടിയുടെ നിലനില്പിനെയും വിളവിനെയും സാരമായി ബാധിക്കും. കാബേജ് ലൂപ്പര്‍, ക്രോസ് സ്ട്രിപ്പ്ഡ് കാബേജ് പുഴു, വിദേശയിനം വലിയ ഇനം പുഴു, ബീറ്റ് ആര്‍മി പുഴു, കാബേജ് മാങ്കോട്ട്, കട്ട്വേം എന്നിവയാണ് ശീതകാല പച്ചക്കറികളില്‍ കാണുന്ന വിവിധയിനം ഇലതീനിപ്പുഴുക്കള്‍. കാബേജ് മാങ്കോട്ട് ഇലകളെയും വേരിനെയും ഒരുപോലെ നശിപ്പിക്കും. രാവിലെയോ വൈകിട്ടോ ചെടികളില്‍ കാണുന്ന പുഴുക്കളെ പിടിച്ച് നശിപ്പിക്കുക.
മുന്‍കരുതല്‍ എന്ന നിലയില്‍ രണ്ടു ശതമാനം വീര്യമുള്ള വേപ്പെണ്ണ-വെളുത്തുള്ളി-സോപ്പ് മിശ്രിതം/35 % വേപ്പിന്‍കുരു ലായനി ഒഴാഴ്ചത്തെ ഇടവേളയില്‍ തളിച്ചു കൊടുക്കുക എന്നീ ശ്രമങ്ങളിലൂടെ ഇതിനെ അകറ്റാം.......
ഡയമണ്ട് ബ്ലാക്ക് മോത്ത് :-
ശീതകാല വിളകളുടെ മറ്റൊരു ശത്രുവാണ് ഡയമണ്ട് ബ്ലാക്ക് മോത്ത് ശലഭങ്ങളുടെ പുഴുക്കള്‍. ഇവ ഇല തിന്നു നശിപ്പിക്കുന്നു. ആക്രമണം ബാധിച്ച ഇലകളെയും പുഴുക്കളെയും നശിപ്പിക്കണം. മുന്‍കരുതല്‍ എന്ന നിലയില്‍ 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ-വെളുത്തുള്ളി-സോപ്പ് മിശ്രിതം ആഴ്ചയില്‍ മുന്നുദിവസം തുടര്‍ച്ചയായി തളിച്ചു കൊടുക്കാം.
അഴുകല്‍ രോഗങ്ങള്‍ :-കാബേജിന്റെയും കോളിഫ്ളവറിന്റെയും ഇലകള്‍ അഴുകുക, തൂമ്പ് അഴുകുക, തണ്ട് അഴുകുക എന്നിവയാണ് പ്രധാന അഴുകല്‍ രോഗങ്ങള്‍. നിറവ്യത്യാസങ്ങള്‍ ഉണ്ടാകുകയും അവ കൂടിച്ചേര്‍ന്ന് കരിയുകയും നല്ല ഭാഗം മുഴുവന്‍ അഴുകുകയും ചെയ്യും. കോളിഫ്ലവറിന്റെ പൂവില്‍ വിളവെടുക്കാന്‍ വൈകിയാല്‍ കറുത്ത പൊട്ടുകള്‍ കാണപ്പെടുകയും അവ വശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അഴുകല്‍ കൂടുന്നതോടെ ദുര്‍ഗന്ധം ഉണ്ടാകുകയും ചെയ്യും.ഒരുതരം ഫംഗസുകളാണ് രോഗകാരികള്‍. അടിവളം ചേര്‍ക്കുമ്പോള്‍ മണ്ണില്‍ സെന്റൊന്നിനു 5 കിലോഗ്രാം കുമ്മായം അല്ലെങ്കില്‍ 3 കിലോ ഡോളമൈറ്റോ ചേര്‍ക്കണം. 20 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടിയുമായി ഒരു കിലോഗ്രാം സ്യൂഡോമോണാസ് ചേര്‍ത്തശേഷം മണ്ണില്‍ കലര്‍ത്തുക. രോഗപ്രതിരോധശേഷിക്ക് ഓരോ ചെടിക്കും മാസത്തില്‍ 50 ഗ്രാം പൊട്ടാഷ് വളം നിര്‍ബന്ധമായും ഇട്ട് കൊടുക്കണം. കൂടാതെ സ്യൂഡോമോണാസ് 10-20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുകയും ഗോമൂത്രം ഒരു ലിറ്റര്‍ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലയുടെ മുകളില്‍ തളിക്കുകയും മുരട്ടില്‍ ഒഴിക്കുകയും ചെയ്യുക. കീടങ്ങളെയും രോഗങ്ങളെയും അകറ്റാം.......
തൈ ചീയല്‍ :-
ചെടികളെ പെട്ടെന്ന് ബാധിക്കുന്നതും പെട്ടെന്ന് പടരുന്നതുമായ ഇതൊരു കുമിള്‍ രോഗമാണ്. തൈകളുടെ കടഭാഗം തറനിരപ്പില്‍ വെച്ച് അഴുകി മറിഞ്ഞു വീഴുന്നു.ചിലപ്പോള്‍ വിത്ത് മുളയ്ക്കാതെ മണ്ണിനടിയില്‍വെച്ച് തന്നെ ചീഞ്ഞളിഞ്ഞ് പോകും. വിത്തുപചാരം (സ്യൂഡോമോണാസ് 10 ഗ്രാം ഒരു കിലോഗ്രാം വിത്തിന്) നടത്തുക. നീര്‍വാര്‍ച്ചാ സൗകര്യം ഉറപ്പാക്കിയ തവാരണകളില്‍ വേണം വിത്ത് പാകേണ്ടത്. വിത്ത് പാകാനുള്ള തവാരണയില്‍ കുമ്മായം ഇട്ട് ഒരാഴ്ചയ്ക്ക് ശേഷം സ്യൂഡോമോണാസ്/ട്രൈക്കോഡെര്‍മ എന്നിവ ചേര്‍ത്ത സമ്പുഷ്ടമാക്കിയ ചാണകപ്പൊടിയും ചേര്‍ത്ത് കൊടുത്താല്‍ തൈ ചീയല്‍ രോഗം നിയന്ത്രിക്കാന്‍ സാധിക്കും.......
ആന്ത്രാക്നോസ് :-ഇലകളിലും കായ്കളിലും വൃത്താകൃതിയിലോ ആകൃതിയില്ലാത്തതോ ആയ പാടുകള്‍ കാണപ്പെട്ട് കായകളില്‍ കാണുന്ന പൊട്ടുകളുടെ ഭാഗം കുഴിഞ്ഞിരിക്കും. ചെടികളില്‍ കാണപ്പെടുന്ന പൊട്ടുകളില്‍ നിന്ന് പശപോലുള്ള ദ്രാവകം ഊറി വരുന്നത് കാണാം. രോഗം വന്ന ചെടികള്‍ മാറ്റി നശിപ്പിക്കണം. സ്യൂഡോമോണാസ് 10-20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ ട്രൈക്കോഡെര്‍മ 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിക്കണം.......
തലകെട്ടിക്കൊടുക്കണം:- വീടുകളിലും മട്ടുപ്പാവിലും ഗ്രോ ബാഗുകളില്‍ കൃഷി ചെയ്യുന്നവര്‍ക്ക് കാബേജിന്റെ ഇലകള്‍ മൊത്തം വിരിഞ്ഞുപോകുന്നതിനാല്‍ കാര്യമായ വലിപ്പത്തിലുള്ള ഹെഡ് കിട്ടില്ല. കാരണം തണുപ്പിന്റെ കുറവാണ.് കൃത്യമായ വലിപ്പത്തിലുള്ള ഹെഡ് കിട്ടാന്‍ ചെടിയുടെ തുമ്പില്‍ ഹെഡ് ഉണ്ടായിവരുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബാക്കിയുള്ള ഇലകള്‍ ചേര്‍ത്ത് കെട്ടിക്കൊടുത്താല്‍ കുറച്ചുകൂടി വലിയ ഹെഡ് കിട്ടും.......
പ്രതിരോധ മാര്‍ഗങ്ങള്‍ക്കെല്ലാം ഉപരി കൃഷിയിടത്തില്‍ നമ്മുടെ കൃത്യമായ ശ്രദ്ധയും പരിചരണവും ഉറപ്പുവരുത്തുകയെന്നതാണ് പ്രധാനം. ചെടികള്‍ക്കുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ വരെ കണ്ടെത്താനും പ്രതിവിധി ചെയ്യാനും കൃത്യമായ നിരീക്ഷണം നമ്മെ സഹായിക്കും. ......
പ്രമോദ്കുമാര്‍ വി.സി.......(മാതൃഭൂമി)
No comments:
Post a Comment