മനോഹരമായ പാക്കറ്റില്‍ ലഭിക്കുന്ന മുളക് പൊടിയുടെ ഉപയോഗം മലയാളിക്ക് സമ്മാനിച്ചത് നിരവധി രോഗങ്ങളാണ്. ചുവന്ന മുളകിനേക്കാള്‍ എത്രയോ ആരോഗ്യത്തിന് ഗുണകരമാണ് കുരുമുളക്. കേരളത്തിലെ കുരുമുളക് കറുത്ത പൊന്നെന്ന പേരില്‍ ലോക പ്രശസ്തവുമാണ്. നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് ടെറസില്‍ വളരെ എളുപ്പത്തില്‍ കുരുമുളക് വളര്‍ത്താം. ഇതിനു പറ്റിയ ഇനമാണ് കുറ്റിക്കുരുമുളക്. ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ കുറ്റിക്കുരുമുളക് നിഷ്പ്രയാസം കൃഷി ചെയ്യാം.
തൈ തയാറാക്കാം
വശങ്ങളിലേക്ക് വളരുന്ന ശാഖകളാണ് കുറ്റിക്കുരുമുളക് തൈകള്‍ തയാറാക്കാന്‍ ഉപയോഗിക്കുക. സെപ്തംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിലാണ് നടാന്‍പറ്റിയ സമയം. ശാഖകള്‍ നാലഞ്ച് മുട്ടുകള്‍ വീതം നീളമുള്ള കഷണങ്ങളായി മുറിക്കണം. അഗ്രഭാഗത്തുള്ള ഇലകള്‍ മുറിച്ചുമാറ്റുക. സാധാരണ കൃഷിചെയ്യുന്ന തണ്ടില്‍നിന്ന്വേരുകള്‍ പിടിച്ചുകിട്ടുന്നതിനെക്കാള്‍ അല്‍പ്പം സാവകാശം വേണ്ടി വരും വശങ്ങളിലുള്ള ശാഖകള്‍ക്ക് വേരുപിടിക്കാന്‍. ഇന്റോള്‍ ബ്യൂട്ടിക് ഏസിഡ് എന്ന ഹോര്‍മോണ്‍ 20 മി. ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ തണ്ടിന്റെ അടിഭാഗം അഥവാ വേരുപിടിക്കേണ്ട ഭാഗം മുക്കിവച്ചശേഷം നടുന്നത് വേരുപിടിക്കുന്നത് വേഗത്തിലാക്കാന്‍ സഹായിക്കും. മുറിച്ച് അധികം താമസിയാതെ നടാന്‍ ശ്രദ്ധിക്കണം.
കൃഷി രീതി
അത്യാവശ്യം വലുപ്പമുള്ള ഗ്രോബാഗോ, ചട്ടിയോ വേണം തൈ നടാന്‍ ഉപയോഗിക്കാന്‍. വെള്ളം വാര്‍ന്നുപോകാന്‍ ദ്വാരങ്ങള്‍ ഇവയുടെ അടിയിലിടണം. ഇതില്‍ 1:1:1 എന്ന അനുപാദത്തില്‍ മേല്‍മണ്ണ്, ഉണങ്ങിയ ചാണകം അഥവാ കമ്പോസ്റ്റ്, മണല്‍ എന്നിവ ചേര്‍ത്ത് കുഴച്ച പോട്ടിങ് മിശ്രിതം നിറയ്ക്കണം. മുകള്‍ഭാഗം രണ്ട് ഇഞ്ച് താഴ്ചവരത്തക്കവിധം നിറയ്ക്കുക. ഇതിലാണ് തൈ നടേണ്ടത്. നട്ടശേഷം ഏതാനും ദിവസം തണലില്‍ വയ്ക്കുക. 2 ഃ 2 മീറ്റര്‍ അകലത്തില്‍ നിരത്തിവയ്ക്കാം. കരിയിലകൊണ്ടോ മറ്റോ ചട്ടിക്കകത്ത് പുതയിടുന്നതും നല്ലതാണ്. എല്ലാ ദിവസവും നനയ്ക്കുക. വെള്ളം കെട്ടികിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
വളപ്രയോഗം
മാസത്തില്‍ ഒരുതവണവീതം ഉണക്കിപ്പൊടിച്ച ചാണകം, കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് എന്നിവ മാറിമാറി ഉപയോഗിക്കാം. ചാണകപ്പൊടിയില്‍ ‘െ്രെടക്കോഡര്‍മ’ എന്ന മിത്രകുമിളിന്റെ പാക്കറ്റ് വാങ്ങി വളവുമായി കലര്‍ത്തി പൂപ്പല്‍ വളര്‍ത്തിയെടുത്ത് ഉപയോഗിച്ചാല്‍ വാട്ടരോഗം തടയാം. സ്യൂഡൊമോണസ് ലായനിയോ ബോഡോമിശ്രിതമോ തളിക്കാം. കീടങ്ങളെ തടയാന്‍ മണ്ണില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കാം. വേപ്പധിഷ്ഠിത കീടനാശിനി തളിക്കാം. നട്ട് ഒരുവര്‍ഷം കഴിയുമ്പോള്‍ ചെടി കായ്ച്ചുതുടങ്ങും. രണ്ടാം വര്‍ഷംമുതല്‍ നല്ല വിളവുതരും. 500 ഗ്രാം മുതല്‍ ഒരുകിലോ ഗ്രാം കുരുമുളക് ഒരു ചെടിയില്‍ നിന്നു പ്രതീക്ഷിക്കാം.
No comments:
Post a Comment