Wednesday, December 5, 2018

മണ്ണിളക്കാതെ എങ്ങനെ പച്ചക്കറിക്കൃഷി ചെയ്യാം?

      ആഴത്തിൽ കിളച്ച് അകലത്തിൽ നടണമെന്ന് പഴമൊഴി. അടുത്ത് നട്ടാൽ അഴക്, അകറ്റി നട്ടാൽ വിളവ് എന്നും. ഇത് രണ്ടും സൂചിപ്പിക്കുന്നത് കൃഷി ചെയ്യുന്ന മണ്ണ് നന്നായി കിളയ്ക്കണമെന്നും ചെടികൾ തമ്മിൽ സൂര്യപ്രകാശത്തിനും വളത്തിനും നിൽക്കാനുള്ള ഇടത്തിനും വേണ്ടി പരസ്പരം കലഹിക്കാത്ത അകലത്തിൽ നടണമെന്നുമാണ്.

     എന്തിനാണ് മണ്ണിളക്കുന്നത്? മണ്ണിളക്കാതെ കൃഷി സാധ്യമല്ലേ? മണ്ണിളക്കണമെന്നത് നിർബന്ധമുള്ള കാര്യമല്ല. ചെടികളുടെ വേരുകൾക്ക് തടസ്സമേതും കൂടാതെ ദൂരങ്ങളിലും ആഴങ്ങളിലും പടർന്നു പന്തലിച്ച് ആവശ്യമായ വെള്ളവും വളവും വലിച്ചെടുക്കാൻ കഴിയുന്ന ഒരു ഭൗതിക സാഹചര്യം സംജാതമാക്കുന്നതിനാണ് മണ്ണ് കിളയ്ക്കുന്നത്.

     മണ്ണിനുള്ളിൽ ജീവവായു നിറയ്ക്കുമ്പോളാണ് വേരുകൾ ശരിയായി ശ്വസിക്കുന്നതും അനുകൂല സൂക്ഷ്മാണുക്കൾ പെരുകുന്നതും. ഒരു ട്രോപ്പിക്കൽ കാലാവസ്ഥ നിലനിൽക്കുന്നത് കൊണ്ട് ഓരോ മഴക്കാലം കഴിയുമ്പോളും വീഴുന്ന വെള്ളത്തിന്റെ ആഘാതം കൊണ്ട് മണ്ണ് തറഞ്ഞു പോകുന്നു. മണ്ണിളക്കുന്നതിന് അതും ഒരു കാരണമാണ്.

മണ്ണിളക്കാതെ കൃഷി:

    ദിവസവും 6-8 മണിക്കൂർ നല്ല വെയിൽ കിട്ടുന്ന സ്ഥലം തെരഞ്ഞെടുക്കുക. എത്ര തറഞ്ഞു കിടന്ന സ്ഥലമായിക്കോട്ടെ. അല്ലെങ്കിൽ കോൺക്രീറ്റ് ചെയ്ത പ്രതലമാവട്ടെ. നമുക്കവിടെ മികച്ച രീതിയിൽ കൃഷി ചെയ്യാം.

    ആദ്യം 25-30 സെന്റീമീറ്റർ ഉയരം കിട്ടത്തക്ക രീതിയിൽ കൃഷി ചെയ്യാനുദ്ദേശിക്കുന്നത്രയും സ്ഥലത്ത് ഇഷ്ടിക കൊണ്ട് ഒരു ചതുരം നിർമിക്കുക. അതിനുശേഷം അവിടെ ഉണങ്ങിയ തൊണ്ടിൻ കഷണങ്ങൾ നിരത്തുക. അവയ്ക്ക് മുകളിൽ ഒരു പാളി പച്ചച്ചാണകം നിരത്തിയതിന് ശേഷം മണ്ണ് നിരത്തുക.

    അതിനുശേഷം മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ തുല്യ അളവിൽ കൂട്ടിക്കലർത്തിയ മിശ്രിതം നിറയ്ക്കുക. ഏതാണ്ട് മുക്കാൽ അടി പൊക്കത്തിൽ ഇത് നിറയ്ക്കാം. അതിന് ശേഷം ഏത് വിളയാണോ ചെയ്യാൻ ഉദ്ദേശിക്കുന്നത്, അതിന്റെ നിർദ്ദിഷ്ട അകലത്തിൽ കുഴികൾ എടുത്ത് കുമ്മായം ചേർത്തിളക്കി രണ്ടാഴ്ച കഴിഞ്ഞ് അടിവളമായും ട്രൈക്കോഡെർമയടങ്ങിയ ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ചേർത്ത് വിത്തു പാകുകയോ തൈകൾ പറിച്ചു നടുകയോ ചെയ്യുക.

     ചെടികൾക്ക് ഉയരം വയ്ക്കുമ്പോൾ തടത്തിലും ഇടസ്ഥലത്തും കരിയിലകൾ കൊണ്ട് പുതയിടുക. നന ഒരിക്കലും അധികമാകരുത്. ആഴ്ചയിലൊരിക്കൽ മേൽവളമായി ബയോസ്ലറി, പച്ചച്ചാണകം നീട്ടിക്കലക്കിയത്, വളച്ചായ, പഞ്ചഗവ്യം, ഹരിതഗുണപജലം, ഫിഷ് അമിനോ ആസിഡ് എന്നിവ മാറി മാറി നൽകുക. രോഗത്തെ പ്രതിരോധിക്കാൻ രണ്ടാഴ്ചയിലൊരിക്കൽ സ്യൂഡോമോണാസ് 20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുകയും തടം കുതിർക്കുകയും ചെയ്യുന്നു. നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ ഇലയുടെ അടിവശത്ത് ഒളിച്ചിരിക്കും. 2% വീര്യത്തിൽ വേപ്പെണ്ണ-വെളുത്തുള്ളി-ബാർസോപ്പ് മിശ്രിതം രണ്ടാഴ്ച കൂടുമ്പോൾ ഇലയുടെ അടിവശത്തു നന്നായി തളിക്കുക.

കടപ്പാട് :
Pramod Madhavan
Agriculture officer



No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...