Tuesday, February 19, 2019

മുന്തിരി കൃഷി

നടുന്ന രീതി:
നല്ല വെയില്‍കിട്ടുന്ന സ്ഥലത്ത് ഏതു കാലത്തും മുന്തിരി നടാം. രണ്ടരയടി ചതുരുത്തിലും ആഴത്തിലും ടെറസ്സിന് ചേര്‍ന്നോ മുറ്റത്തോ കുഴിയെടുക്കാം. അതില്‍ രണ്ടുഭാഗം മണലും ഒരുഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണിരവളമോ നിറച്ച് 100 ഗ്രാം കുമ്മായവും ചേര്‍ത്ത് അഞ്ച് ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിര്‍ക്കണം. ഇതില്‍ വിശ്വസ്തമായ നഴ്സറികളില്‍ നിന്നും വാങ്ങുന്ന കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാത്രം നിലനിര്‍ത്തി വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതെ കുഴിയുടെ മധ്യേ നട്ടതിന് ശേഷം താങ്ങുകമ്പ് നാട്ടണം. മിതമായി ദിവസവും നനയ്ക്കുകയും വേണം.
പന്തലൊരുക്കാം:
ടെറസ്സിലാണ് പന്തലൊരുക്കുന്നതെങ്കില്‍ ടെറസ്സില്‍ നിന്ന് ആറടി ഉയരം വരെ വള്ളിവളര്‍ത്തിക്കൊണ്ടുവരണം. മുറ്റത്താണെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടി പന്തലാക്കി പന്തലില്‍ വള്ളിതൊടുമ്പോള്‍ തലപ്പ് നുള്ളിവിടുക. ഇങ്ങനെ നുള്ളി വിടുന്ന തലപ്പുകള്‍ കൂടുതല്‍ വള്ളികളായി പന്തലിലേക്ക് കയറും. പരിചരണത്തിനും കായ് പറിക്കുന്നതിനും വേണ്ടിയാണ് പന്തല്‍ ആറടി ഉയരത്തില്‍ ക്രമീകരിക്കുന്നത്.
പ്രൂണിങ്ങ്:
ചെടിയുടെ തലപ്പ് മുറിച്ച് മാറ്റുന്ന രീതിക്കാണ് പ്രൂണിംഗ് എന്നു പറയുന്നത്. പ്രൂണിങ്ങ് നടത്തിയാലെ മുന്തിരിയില്‍ കൂടുതല്‍ കായ്കള്‍ ഉണ്ടാവുകയുള്ളു. ചെടി വളരുന്നതോടൊപ്പം ഇലകളടുപ്പിച്ച് വരുന്ന വള്ളികള്‍ നീക്കണം. തലപ്പ് നുള്ളി വിട്ടത് പല ശിഖരങ്ങളായ് വളരും. ഇവ ഒരടി വളരുമ്പോള്‍ വീണ്ടും തലപ്പ് നുള്ളി വിടണം. ഈ പ്രക്രിയ വള്ളി പന്തല്‍ മുഴുവന്‍ വ്യാപിക്കുന്നത് വരെ തുടരണം. ഏകദേശം 10 മാസം കൊണ്ട് ഒരു ചെടിയുടെ വള്ളികള്‍ ഒരു സെന്റോളം സ്ഥലത്ത് വളരും. അപ്പോള്‍ എല്ലാ തലപ്പ് വള്ളികളേയും ഒരടി നീളത്തില്‍ മുറിച്ച് മാറ്റുകയും എല്ലാ ഇലകളേയും അടര്‍ത്തി മാറ്റുകയും ചെയ്യണം. അത് കഴിഞ്ഞ് 15 നാള്‍ കഴിയുമ്പോള്‍ പുതിയ തളിരിലകളോടൊപ്പം ശിഖിരത്തില്‍ മൊത്തമായ് ഇളം പച്ചനിറത്തിലുള്ള പൂക്കളും വന്ന് തുടങ്ങും. വീണ്ടും രണ്ടാഴ്ച്ച കഴിയുമ്പോള്‍ തലപ്പ് വീണ്ടും ഒന്നരടിയോളം വളരും ആ സമയം അവയുടെ തലപ്പും നുള്ളി വിട്ടതിന് ശേഷം തൊട്ട് താഴെയുള്ള 3 ഇലകളേയും അടര്‍ത്തി മാറ്റണം. അതോടൊപ്പം സ്പ്രിങ്ങ് പോലുള്ള ചുറ്റുവള്ളികളും മാറ്റണം. ശരിയായ് പ്രൂണിങ്ങ് ചെയ്ത് ഇലകള്‍ മാറ്റിയ ശേഷം പന്തല്‍ വള്ളി മാത്രമായ് കാണണം. പ്രൂണിങ്ങിന് ശേഷം ഉണ്ടായ പൂക്കള്‍ 120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്ത് പറിക്കാറാകും. മുന്തിരി കുലകള്‍ ചെടിയില്‍ വെച്ചു തന്നെ പഴുക്കാന്‍ അനുവദിക്കണം. പഴങ്ങള്‍ പറിച്ചതിന് ശേഷം വീണ്ടും പ്രൂണിങ്ങ് നടത്തിയാല്‍ ഒരാണ്ടില്‍ 3 തവണ വിളവെടുക്കാം. കിളികളുടെ ഉപദ്രവം ഉണ്ടാകാതിരിക്കാന്‍ കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കാം.
-കടപ്പാട്

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...