Thursday, February 22, 2018

ഗ്രാമ്പൂ കൃഷി

വീട്ടുകൃഷിത്തോട്ടത്തിലും തെങ്ങിന്‍തോപ്പിലുമെല്ലാം ആദായകരമായി വളര്‍ത്താവുന്ന സുഗന്ധവിളയാണ് ഗ്രാമ്പൂ. 75 സെന്റീമീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള കുഴികള്‍ 6-7 മീറ്റര്‍ ഇടയകലം വിട്ട് എടുക്കണം. ഇത് ഒറ്റവിളയായി നടുമ്പോഴത്തെ കാര്യമാണ്. മേല്‍മണ്ണും നന്നായി അഴുകിപ്പൊടിഞ്ഞ കാലിവളവും ചേര്‍ത്ത് കുഴി പാതി നിറയ്ക്കുക. മഴക്കാലം തുടങ്ങുന്നതോടെ (ജൂണ്‍-ജൂലായ് മാസം) തൈ നടാം. വളരുന്ന ചെടിയൊന്നിന് 15 കിലോ കാലിവളം അഥവാ കമ്പോസ്റ്റ് ചേര്‍ക്കണം.

വളര്‍ന്നു വരുമ്പോള്‍ ജൈവവളം മെയ്-ജൂണ്‍ മാസവും രാസവളം രണ്ടുതുല്യ ഗഡുക്കളായി മെയ്-ജൂണിലും സപ്തംബര്‍ മാസവുമായി ഒരു മീറ്റര്‍ വലയത്തിലെടുത്ത ആഴം കുറഞ്ഞ ചാലുകളില്‍ ഇട്ട് മണ്ണിളക്കിച്ചേര്‍ക്കണം. തെങ്ങ്, മാവ്, പ്ലാവ് , വാഴ തുടങ്ങിയവയോടൊപ്പം മികച്ച രീതിയില്‍ ഇടവിളയായി ഗ്രാമ്പൂ വളര്‍ത്താം. ഹൈറേഞ്ച് മേഖലകളിലെ വീട്ടുവളപ്പില്‍ കാപ്പി,കുരുമുളക് എന്നിവയോടൊപ്പം ഗ്രാമ്പൂ ഇടവിളയാക്കുന്നു. ഗ്രാമ്പൂ വളരുന്ന പരിസരം സദാ തണുപ്പും ഈര്‍പ്പവുമുള്ള സൂക്ഷ്മ കാലാവസ്ഥയാക്കി നിലനിര്‍ത്താന്‍ വാഴ ഇടവിളയായി വളര്‍ത്താന്‍ ശുപാര്‍ശ ചെയ്യാറുമുണ്ട്. ചില സ്ഥലങ്ങളില്‍ ശീമക്കൊന്ന തന്നെ വളര്‍ത്തി ഇവയ്ക്ക് തണല്‍ നല്‍കാനും ശ്രമിക്കാറുണ്ട്.

കൊമ്പുണക്കവും പൂമൊട്ടു കൊഴിയലും ഗ്രാമ്പൂമരത്തില്‍ ചിലപ്പോള്‍ കാണാറുണ്ട്. ഇത് കുമിള്‍രോഗമാണ്. 1 % വീര്യമുള്ള ബോര്‍ഡോമിശ്രിതം ഒന്നര മാസം ഇടവിട്ട് തളിച്ചാല്‍ രോഗം നിയന്ത്രണ വിധേയമാക്കാവുന്നതേയുള്ളു. ഗ്രാമ്പൂ മരങ്ങള്‍ക്കിടയില്‍ കളകള്‍ വളരാന്‍ അനുവദിക്കാതെയും നോക്കുക. മരത്തിന് പുതയിടുകയും ചെയ്യാം. നട്ട് 7-8 വര്‍ഷമാകുമ്പോഴാണ് ഗ്രാമ്പൂമരം വിളവ് തരാനൊരുങ്ങുക. സമതലപ്രദേശത്ത് സപ്തംബര്‍-ഒക്ടോബര്‍ മാസവും ഹൈറേഞ്ചുകളില്‍ ഡിസംബര്‍-ജനവരിയുമാണ് ഗ്രാമ്പൂവിന്റെ പൂക്കാലം. പൂര്‍ണമായും തുറക്കാത്ത പൂമൊട്ടുകള്‍ ഉരുണ്ടു തുടുത്തിരിക്കുമ്പോള്‍ത്തന്നെ വിളവെടുക്കണം. ഇവ പിന്നീട് ഉണക്കി സൂക്ഷിക്കാം. ഉണക്കിയ ഗ്രാമ്പൂവിന് ഗ്രാമ്പൂമൊട്ടിന്റെ മൂന്നിലൊരു ഭാഗം തൂക്കമേ കാണുകയുള്ളു. ഏകദേശം 11,000 മുതല്‍ 15,000 മൊട്ടുവരെ വേണം ഒരു കിലോ തൂങ്ങാന്‍.

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...