കീടനാശിനികളും കീടവിരട്ടിലായനികളുമെല്ലാം സസ്യസംരക്ഷണവഴികളിലെ പ്രധാന സഹായികൾതന്നെയാണ്.കീടനാശിനികൾ ഉണ്ടാക്കുന്ന പരിസ്ഥിതിപ്രശ്നങ്ങൾ തിരിച്ചറിഞ്ഞതോടെ അവയുടെ ഉപയോഗം കുറച്ചുകൊണ്ടുവരാൻ തീവ്ര ശ്രമങ്ങൾ നടക്കുകയാണ്. കീടവിരട്ടി ലായനികൾ എന്തെങ്കിലും പരിസ്ഥിതിപ്രയാസങ്ങൾ ഉണ്ടാക്കുമോ എന്ന കാര്യത്തിലും പഠനങ്ങൾ നടക്കുകയാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് പ്രകൃതിതന്നെ ഒരുക്കുന്ന സസ്യസംരക്ഷണരീതികളിലേക്ക് ജനശ്രദ്ധ തിരിയുന്നത്. ശത്രുകീടങ്ങൾക്കു പകരം മിത്രകീടങ്ങളെ രംഗത്തിറക്കിയും ഒരു വിളയെ രക്ഷിക്കാൻ മറ്റൊരു വിളയെ ആവരണവിളയാക്കി കൃഷിചെയ്തും പാരിസ്ഥിതിക എൻജിനിയറിങ‌് രീതികൾ ഫലപ്രദമാക്കാം.
എന്തൊക്കെ രീതികൾ:-
പ്രകൃതി നിലനിൽക്കുന്നത് ഭക്ഷ്യവ്യൂഹ ശൃംഖലയിലാണെന്ന തിരിച്ചറിവിൽനിന്നാണ് ശത്രുകീടങ്ങളെയും മിത്രകീടങ്ങളെയും കണ്ടെത്തിയത് ശത്രുകീടങ്ങളെ തുരത്താനോ ഭക്ഷിച്ച‌് ഇല്ലാതാക്കാനോ മിത്രകീടങ്ങൾക്കു കഴിയും
പയറുകൾ, കോവലുകൾ എന്നിവയിൽ കണ്ടുവരുന്ന കറുത്ത പയർപ്പേനുകളെ ഇല്ലാതാക്കാൻ മീറുകളെ (പുളിയുറുമ്പുകൾ) വളർത്തുന്ന രീതി നാട്ടിൽ ഇപ്പോൾ വ്യാപകമാണ് . മീറുകളെ ആകർഷിക്കാനുള്ള എളുപ്പവഴി പച്ചയിറച്ചിയോ പച്ചമത്സ്യമോ പയർക്കൃഷിക്കിടയിൽ കെട്ടിത്തൂക്കലാണ്. മീറുകളുടെ കൂടുകൾ ശേഖരിച്ചു പയറിൽ വച്ചുകൊടുത്താലും മതി.
പയർപ്പേനുകളെ മാത്രമല്ല, ഷഡ്പദങ്ങളെയും മീറുകൾ തിന്നുതീർക്കും. പയർവർഗങ്ങളുടെ ശത്രുകീടമാണ്ചാ ഴി. ചാഴിയെ അകറ്റാൻ സൂര്യകാന്തിച്ചെടി ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ട്. സൂര്യകാന്തിപ്പൂ വിടർന്നുകഴിയുമ്പോൾ ചാഴികൾ മുഴുവൻ പൂവുകളിലേക്കു ആകർഷിക്കപ്പെടുകയും പയറുകളിലെ ശല്യം കുറയുകയുംചെയ്യും.
വെള്ളരിയുടെ വലിയ ശല്യക്കാരനാണ് മത്തൻവണ്ടുകൾ. വെള്ളരിക്കൃഷിയിടത്തിൽ മുള്ളങ്കി (റാഡിഷ്) നട്ടുവളർത്തിയാൽ മത്തൻവണ്ടുകളുടെ ആക്രമണം മുള്ളങ്കിക്കു നേരെയാവും. മുള്ളങ്കിയുടെ നീര് മത്തൻവണ്ടുകൾക്ക‌് ഏറെ ഇഷ്ടമാണ്. മുള്ളങ്കിനീര് ആവശ്യത്തിനു ലഭിക്കുന്നതോടെ വെള്ളരിയെ ആക്രമിക്കുന്ന പതിവ് മത്തൻവണ്ടുകൾ ഉപേക്ഷിക്കും. വെള്ളരിവർഗ വിളകൾക്കിടയിൽ മുതിര കൃഷിചെയ്യുന്നതും മത്തൻവണ്ടുകളുടെ ആക്രമണങ്ങൾ കുറയ‌്ക്കാൻ ഏറെ സഹായിക്കും.
പച്ചമുളക്, തക്കാളി, വഴുതന എന്നിവയെ ആക്രമിക്കുന്ന വെള്ളീച്ച, മുഞ്ഞ, മിലീമൂട്ട എന്നീ കീടങ്ങളെ ആകർഷിച്ച‌് പ്രധാനവിളകൾക്കു സംരക്ഷണം നൽകാൻ ചെണ്ടുമല്ലി (മാരിഗോൾഡ്)ക്കു സാധിക്കും.
ചെണ്ടുമല്ലി പൂവിടുന്നതോടെ വെള്ളീച്ച, മുഞ്ഞ, മിലീമൂട്ട എന്നിവയെല്ലാം അവയുടെ പൂക്കളിലേക്ക‌് ആകർഷിക്കപ്പെടും. കൃഷിസ്ഥലങ്ങളിൽ പലഭാഗത്തായി വേണം ചെണ്ടുമല്ലി കൃഷിചെയ്യാൻ.
വെണ്ടയാണ് കൃഷി ചെയ്യുന്നതെങ്കിൽ അവയ‌്ക്കിടയിൽ ബന്തിപ്പൂ നട്ടുവളർത്തുന്നത് കീടശല്യം ഒഴിവാക്കാൻ ഇടയാക്കും.
മരച്ചീനിത്തോട്ടങ്ങളുടെ അതിരുകളിൽ കൊടുവേലി നടുന്നത് എലി, പന്നി എന്നിവയുടെ ശല്യം കുറയ‌്ക്കാൻ സഹായിക്കും. കൊടുവേലിയുടെ മണവും കറയും പന്നിക്കും എലിക്കും ഏറെ പ്രയാസമുണ്ടാക്കുന്നതാണ് കാരണം.
തെങ്ങിൻതൈ നടുമ്പോൾ കൂവ നടുന്നത് വേരുതീനിപ്പുഴുക്കളുടെ ആക്രമണം കുറയ‌്ക്കാൻ സഹായിക്കും .
നെൽപ്പാടത്തും ചെണ്ടുമല്ലി (മാരിഗോൾഡ്) കൃഷിചെയ്യുന്നത് കീടാക്രമണങ്ങളെ ചെറുക്കൻ സഹായിക്കും .
ഗ്രോ ബാഗുകളിൽ ചേന നടുന്നത് പന്നികളുടെ ചേന ആക്രമണത്തെ കുറയ‌്ക്കാൻ ഇടയാക്കും. ബാഗുകളിൽ ചേന നട്ട‌് നെൽവയലിന്റെ വരമ്പുകളിൽ കൊണ്ടുവച്ചാൽ തണ്ടുതുരപ്പൻ പുഴുവിന്റെ ആക്രമണം തടയാൻ കഴിയും ചേനയിൽനിന്നുണ്ടാകുന്ന ഒരുതരം ഗന്ധം തണ്ടുതുരപ്പനെ അകറ്റുമത്രെ.
Source: ദേശാഭിമാനി
No comments:
Post a Comment