Wednesday, December 12, 2018

തെങ്ങിന്‍ തൈകള്‍ക്കുള്ള പരിചരണം.

കേരളത്തിന്റെ കല്‍പ്പ വൃക്ഷമാണ് തെങ്ങ്. ഒരു തെങ്ങെങ്കിലുമില്ലാത്ത വീടുകള്‍ നമ്മുടെ നാട്ടില്‍ കുറവാണ്.എവിടേയും വളര്‍ത്താവുന്ന ഒരു ദീര്‍ഘകാല വിളയാണ്. തെങ്ങിന്റെ ആദ്യഘട്ടത്തില്‍ സംഭവിക്കുന്ന ശ്രദ്ധക്കുറവുകള്‍ പിന്നീടൊരിക്കലും നികത്താനാകില്ല. നട്ട് ആദ്യത്തെ അഞ്ചുവര്‍ഷം തെങ്ങിന് പ്രത്യേക ശ്രദ്ധ നല്‍കണം.

1. ആദ്യമായി ഗുണമേന്‍മയുള്ള തെങ്ങിന്‍ തൈകള്‍ തെരഞ്ഞെടുക്കുക.
2. മണ്ണ് നല്ല നീര്‍വാഴ്ചയുള്ളതായിരിക്കണം.
3. നല്ല സൂര്യപ്രകാശമുള്ള സ്ഥലമായിരിക്കണം.
4. കാലവര്‍ഷത്തിനോടൊപ്പം മെയ്-ജൂണ്‍ മാസത്തില്‍ തൈകള്‍ നടാവുന്നതാണ്.
5. തൈകള്‍ തമ്മില്‍ ഉയരം കൂടിയ ഇനങ്ങള്‍ക്ക് 7.5 മീറ്ററും കുറിയവയ്ക്ക് 6.5 മീറ്ററും അകലം ഉണ്ടായിരിക്കണം.
6. തൈ നടുന്നതിനു മുന്‍പായി മണ്ണില്‍ ചാണകപ്പൊടിയും ചാരവും കൂട്ടി കലര്‍ത്തി കുഴി നിറക്കണം. കുഴിയുടെ നടുവി ലായി ഒരു ചെറിയ കുഴിയെടുത്ത് തൈ നടാവുന്നതാണ്.
7. തൈ നടുമ്പോള്‍ ഓലക്കവിളുകളില്‍ മണ്ണ് വീഴാതെ സൂക്ഷിക്കണം.
8. കുഴിയില്‍ തൈ വച്ചതിനു ശേഷം ചുറ്റുമുള്ള മണ്ണ് ചവിട്ടി നന്നായി ഉറപ്പിക്കണം.
9. മണ്ണിന്റേയും ജൈവവളത്തിന്റേയും കൂടെ 200 ഗ്രാം സ്യൂഡോമോണസ് കൂടി കൂട്ടിക്കലര്‍ത്തിയാല്‍
തൈകള്‍ക്ക് രോഗപ്രതിരോധ ശക്തിയും കരുത്തും കൂടുതലായി കിട്ടും.
10. തൈകള്‍ കാറ്റത്ത് ഉലയാതെ ഒരു കുറ്റി നാട്ടി കെട്ടി നിര്‍ത്തണം.
11. മഴക്കാലത്ത് തൈക്കുഴിയില്‍ വെള്ളം കെട്ടിനില്‍കാന്‍ ഇടവരുത്തരുത്, കുഴികളില്‍ വളരുന്ന കളകള്‍ പറിച്ചു കളയണം.
12. വേനല്‍കാലത്ത് ആവശ്യത്തിന് തണല്‍ നല്‍കണം, നാലു ദിവസം കൂടുമ്പോള്‍ ആവശ്യത്തിന് വെള്ളമൊഴിക്കണം.
13. തൈ വളരുന്നതിനനുസരിച്ച് കുഴിയുടെ ആഴം കുറയ്ക്കുകയും വ്യാസം കൂട്ടുകയും വേണം.

വളപ്രയോഗം

ശരിയായ വളര്‍ച്ചക്കും നേരത്തേ കായ്ക്കുന്നതിനും സമയാസമയം ശരിയായ രീതിയില്‍ വളപ്രയോഗം നടത്തണം. തൈകള്‍ നട്ട് മൂന്നു മാസം കഴിയുമ്പോള്‍ ജൈവ വളപ്രയോഗം നടത്തേണ്ടതാണ്. ചാണകപ്പൊടിയും എല്ലുപൊടിയും മാറി മാറി ഇടണം. ആദ്യത്തെ വളപ്രയോഗം മെയ്-ജൂണ്‍ മാസങ്ങളിലും, രണ്ടാമത്തേ വളപ്രയോഗം ആഗസ്റ്റ് -സെപ്തംബര്‍ മാസത്തിലും ചെയ്യണം.

കീടരോഗ നിയന്ത്രണം

തൈത്തെങ്ങുകളെ ആക്രമിക്കുന്ന പ്രധാന കീടമാണ് കൊമ്പന്‍ചെല്ലി. നെടിയ ഇനങ്ങളിലാണ് കൊമ്പന്‍ചെല്ലിയുടെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. സാധാരണയായി നാമ്പോലയും കൂമ്പുഭാഗവും ചെല്ലി ആക്രമിക്കുന്നതിനാല്‍ തൈകള്‍ പൂര്‍ണമായും നശിക്കാനിടയാകും. ഇവയെ ചെറുക്കാന്‍ 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് തുല്യ അളവില്‍ മണലുമായി ചേര്‍ത്ത് നാമ്പോലയുടെ കവിളിലിട്ട് കൊടുക്കണം. ഇതിന് പകരം രണ്ടു വലിയ പാറ്റാ ഗുളിക ഓലക്കവിളില്‍ വച്ച മണലുകൊണ്ട് മൂടുന്നതും ഫലപ്രഥമാണ്. ഈ ഗുളികകള്‍ മൂന്നു മാസത്തിലൊരിക്കല്‍ മാറ്റികൊടുക്കണം. നാമ്പുചീയല്‍, ഇലപ്പുള്ളി രോഗം എന്നിവക്കെതിരെ മുന്‍കരുതലായി 1% ബോര്‍ഡോ മിശ്രിതം തളിയ്ക്കണം. എലി ശല്യമുണ്ടെങ്കില്‍ കെണിയോ വിഷമോ ഉപയോഗിച്ച് നിയന്ത്രിക്കണം.

നല്ല പരിചരണം നല്‍കിയാല്‍ കുറിയ ഇനങ്ങള്‍ 3 വര്‍ഷത്തിനുള്ളിലും നെടിയ ഇനങ്ങള്‍ 5 വര്‍ഷത്തിനുള്ളിലും പുഷ്പിക്കും. തെങ്ങിന്റെ ഫലം ആദ്യത്തെ അഞ്ചുവര്‍ഷത്തേ അതിന്റെ പരിചരണത്തെ ആശ്രയിച്ചിരിക്കും. ഇതിനാല്‍ ഗുണമേന്മയുള്ള തൈകള്‍ തെരഞ്ഞെടുക്കുകയും തൈ നടുന്നതു മുതല്‍ നല്ല പരിചരണം കൊടുക്കുകയും വേണം.

കടപ്പാട്

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...