Wednesday, March 27, 2019

ബിവേറിയ

സസ്യങ്ങളെ ആക്രമിക്കുന്ന എല്ലാ കൃമികീടങ്ങളെയും പ്രതിരോധിക്കാൻ ഒരേ ഒരു മിത്ര   കുമിൾ   മതിയെങ്കിൽ അതൊരു വലിയ അനുഗ്രഹമല്ലേ. അങ്ങനെ ഒരു കുമിളിനെ നമുക്ക് ഇന്ന് പരിചയപ്പെടാം. 16, 17 നൂറ്റാണ്ടുകളിൽ ഇറ്റലിയിലും ഫ്രാൻസിലും പട്ടുനൂൽ പുഴുക്കൾ ഒരു വെളുത്ത പൂപ്പൽ ബാധിച്ചു ചത്ത് ഒടുങ്ങിക്കൊണ്ടിരുന്നു.  വൈറ്റ് മസ്കർഡൈൻ    ഡിസീസ് എന്നാണ് ഈ രോഗം അറിയപ്പെട്ടിരുന്നത്.  1835  ൽ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അഗസ്റ്റിനോ ബാസി ഡി ലോധി (Agostino Bassi de Lodi (the "Father of Insect Pathology")  ഈ രോഗം പരത്തുന്നത് ഒരു കുമിൾ ആണെന്ന് കണ്ടെത്തി. ശാസ്ത്രജ്ഞനോടുള്ള ബഹുമാനസൂചകമായി ഇതിനു നൽകിയ പേരാണ് ബിവേറിയ ബാസിയാന. ലോകമെമ്പാടും മണ്ണിൽ കാണപ്പെടുന്ന ഒരു കുമിൾ ആണിത്. ഈ കുമിളിന്റെ പ്രതേകത, ഇത് വെള്ളീച്ച മുതൽ കൊമ്പൻ ചെല്ലി വരെയുള്ള എല്ലാ കൃമി കീടങ്ങളുടെയും, ലാർവകളുടെയും തൊലിയിൽ കൂടി അതിന്റെ ശരീരത്തിൽ കടന്ന് ആ ജീവിയിൽ വസിക്കുന്ന ബാക്ടീരിയകളെയും നശിപ്പിച്ചു ആന്തരിക അവയവങ്ങൾ എല്ലാം ഭക്ഷിച്ചു വംശ വർധന നടത്തി ദശ ലക്ഷങ്ങളായി പുറത്തു വരും. മൂട്ടയെയും കൊതുകിനെയും ബിവേറിയ വെറുതെ വിടത്തില്ല.  ബിവേറിയ മനുഷ്യനേയോ മൃഗങ്ങളെയോ ആക്രമിക്കാറില്ല.  ഇന്ന് പല കർഷകരും ബിവേറിയ ഉപയോഗിക്കുന്നുണ്ട്. ഇത് മിക്ക അഗ്രി ഷോപ്പുകളിലും ലഭ്യമാണ്.
ഇത് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും ലഭ്യമാണ്. എക്സ്പയറി ഡേറ്റ് നോക്കി വാങ്ങുക. 20 gm. പൊടി ഒരു ലിറ്റർ വെള്ളത്തിന് എന്ന തോതിൽ ക്ളോറിൻ കലരാത്ത ശുദ്ധജലത്തിൽ കലക്കുക. RO  വെള്ളമോ തിളപ്പിച്ച് ആറിയ പൈപ്പ് വെള്ളമോ മഴവെള്ളമോ ഒക്കെ ആയാൽ നന്ന്.  ഈ വെള്ളത്തിൽ ഒരൽപം ഗ്ലൂക്കോസും സസ്യ എണ്ണയും ചേർക്കാവുന്നതാണ്. വേപ്പെണ്ണ പാടില്ല. സസ്യ എണ്ണ ചേർക്കുമ്പോൾ 10 gm. എണ്ണക്ക് 1/2-1 gm മഞ്ഞ  ബാർ  സോപ്പും  ചേർക്കാവുന്നതാണ്.  ഈ വെള്ളം നല്ലവണ്ണം തെളിഞ്ഞു കഴിയുമ്പോൾ അതി രാവിലെയോ വൈകിട്ടോ ചെടികൾ നല്ലവണ്ണം നനയത്തക്കവണ്ണം തളിക്കുക. വെയില് തട്ടിയാൽ ബിവേറിയ നിർവീര്യമാകും. കൃമികീടങ്ങളെ കൊല്ലാൻ ബിവേറിയക്ക്  അൽപ്പം സമയം കൊടുക്കണം. ഒരു 3 മുതൽ 5 ദിവസം വരെ. ഇത് അന്തരീക്ഷ ഊഷ്മാവിനെയും ഹ്യുമിഡിറ്റിയെയും ആശ്രയിച്ചിരിക്കും. പുഷ്പങ്ങളിൽ വീഴാതെ നോക്കണം. പരാഗണം നടത്താൻ എത്തുന്ന തേനീച്ചകളും മിത്ര പ്രാണികളും ചത്തൊടുങ്ങും. അന്തരീക്ഷത്തിൽ കലരുമാറു മിസ്ററ് സ്പ്രേ  അടിക്കരുത്. ചുരുങ്ങിയത് ആഴ്ചയിൽ ഒരു തവണ എങ്കിലും   ബിവേറിയ അടിക്കണം. മാസ്ക്കും കയ്യുറയും ധരിക്കണം. കലക്കിയ പാത്രത്തിൽ മിച്ചം വരുന്ന `കൊഴുത്ത വെളുത്ത അവശിഷ്ടവും ഏതെങ്കിലും ചെടികളുടെ കടക്കൽ ഒഴിക്കാം. മത്സ്യങ്ങളെ ദോഷകരമായി ബാധിക്കും എന്നുള്ളതുകൊണ്ട് ജലസ്രോതസുമായി ഇത് കലർത്തരുത്. ബിവേറിയ മണ്ണിലും പ്രയോഗിക്കാവുന്നതാണ്. കായീച്ചയുടെയും മറ്റും  ലാർവകളെയും  നിമാ വിരകളെയും അത് കൊന്നൊടുക്കും. ഗുണനിലവാരമില്ലാത്ത ബിവേറിയ പൈപ്പ് വെള്ളത്തിൽ കലക്കി നട്ടുച്ചക്ക് അടിച്ചു പിടിപ്പിച്ചിട്ട് ഈ സാധനം കാശിനു കൊള്ളില്ല എന്ന് പറയരുത്.  .
കടപ്പാട് ചന്ദ്രശേഖരൻ നായർ

Friday, March 22, 2019

തക്കാളിയും മുളകും നന്നായി കായ്ക്കാന്‍ തൈരും പാല്‍ക്കായവും പ്രയോഗിക്കാം

അടുക്കളത്തോട്ടത്തില്‍ എല്ലാവരും സ്ഥിരമായി വളര്‍ത്തുന്ന പച്ചക്കറികളാണ് മുളക്, തക്കാളി, വഴുതന എന്നിവ. നല്ല ആരോഗ്യത്തോടെ ചെടികള്‍ വളര്‍ന്നാലും ചിലപ്പോള്‍ തക്കാളിയും മുളകുമെല്ലാം കായ്പിടിക്കാന്‍ മടിക്കുന്നതു കാണാം. കീടങ്ങളുടെ ആക്രമണമോ മറ്റു പ്രശ്‌നങ്ങളോ ഒന്നുമില്ലെങ്കിലും ഇവയില്‍ കായ്പിടിക്കാത്തത് വലിയ നിരാശയായിരിക്കും നമ്മളിലുണ്ടാക്കുക. തൈരും പാല്‍ക്കായവും ചേര്‍ത്ത് ഇതിനു പരിഹാരം കണ്ടെത്താം. പൂക്കള്‍ കൊഴിഞ്ഞു പോകാതിരിക്കാനും ഇത് ഉപയോഗിക്കാം.

തൈരും പാല്‍ക്കായവും

ഒരു ലിറ്റര്‍ വെള്ളം, രണ്ടു ടേബിള്‍ സ്പൂണ്‍ തൈര്, അഞ്ച് ഗ്രാം പാല്‍ക്കായം എന്നിവയാണ് ആവശ്യം. വെള്ളത്തില്‍ തൈര് നന്നായി അടിച്ചു ചേര്‍ക്കുക. ഇതിലേക്ക് പാല്‍ക്കായം ചേര്‍ക്കുക. തുടര്‍ന്ന് നന്നായി ഇളക്കുക. തൈരും പാല്‍ക്കായവും വെള്ളത്തില്‍ നന്നായി അലിഞ്ഞു ചേര്‍ന്നതിനു ശേഷം വേണം ലായനി ചെടികളില്‍ പ്രയോഗിക്കാന്‍.

പ്രയോഗിക്കേണ്ട രീതി

ആഴ്ചയില്‍ രണ്ടു തവണയാണ് ഈ ലായനി ചെടികളില്‍ പ്രയോഗിക്കേണ്ടത്. ഇലകളിലും തണ്ടുകളിലും വേണം ലായനി തളിക്കാന്‍. ഈ ലായനി തളിച്ചു തുടങ്ങിയാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചെടികളില്‍ പൂവിട്ട് കായ്പിടിക്കാന്‍ തുടങ്ങും.

-Farmnewskerala

Tuesday, March 19, 2019

സ്യുഡോമോണസ് (Pseudomonas)

എന്താണ് സ്യുഡോമോണസ് എന്ന് നോക്കാം. ഒരു മിത്ര ബാക്ടീരിയ ആണ് സ്യുഡോമോണസ്. ജൈവ കൃഷി രീതിയില്‍ സഹായകമായ ഒരു സൂക്ഷ്മാണു.

ചെടിയുടെ വേരു പടലത്തിനു ചുറ്റുമുള്ള മണ്ണിലും ചെടിയിലും പ്രവര്‍ത്തിച്ചു രോഗാണുക്കളെ നശിപ്പിക്കാന്‍ സ്യുഡോമോണസിന് സാധിക്കും.

ചെടികളിലെ ചീയല്‍ രോഗം, ചീരയിലെ ഇലപ്പുള്ളി രോഗം ഇവയ്ക്കെതിരെ സ്യുഡോമോണസ് വളരെ ഫലപ്രദം ആണ്.

വിത്തുകള്‍ നടുമ്പോള്‍, തൈകള്‍ പറിച്ചു നടുമ്പോള്‍, ചെടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍, ഇവയിലൊക്കെ നമുക്ക് സ്യുഡോമോണസിന്റെ നമുക്ക് പ്രയോജനപ്പെടുത്താം.

സ്യുഡോമോണസ് ദ്രവ, ഖര രൂപത്തില്‍ ലഭ്യമാണ്. ദ്രവ രൂപത്തിന് വില കൂടുതല്‍ ആണ്. ഖര രൂപതിലുള്ളവ വെളുത്ത പൊടി പോലെ ഇരിക്കും. അതിനു വില കുറവാണ്. ഒരു കിലോ ഏകദേശം 75 രൂപ ആണ് ഖര രൂപത്തിലുള്ള സ്യുഡോമോണസിന്‍റെ വില.

വാങ്ങുമ്പോള്‍ ഉപയോഗിച്ച് തീര്‍ക്കേണ്ട ഡേറ്റ് നോക്കി വാങ്ങണം. ഏകദേശം 3-4 മാസം ആണ് പൊടി രൂപത്തിലുള്ള സ്യുഡോമോണസ് ഉപയോഗിച്ച് തീര്‍ക്കേണ്ട സമയം.

സൂര്യ പ്രകാശം ഏല്‍ക്കാതെ സൂക്ഷിക്കണം.

സ്യുഡോമോണസ് ഉപയോഗിക്കുമ്പോള്‍ രസ വളങ്ങളും കീട നാശിനികളും ഒഴിവാക്കണം.

ഉപയോഗം.

വിത്ത് പാകുമ്പോള്‍ ഇരുപതു ഗ്രാം സ്യുഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വിത്തുകള്‍ നടുന്നതിന് മുന്‍പ് അര മണിക്കൂര്‍ ഇട്ടു വെക്കാം.

നമ്മുടെ അടുക്കളതോട്ടതിലക്കേ വളരെ ചെറിയ തോതില്‍ നടുമ്പോള്‍ ഇത്രയും അളവ് വെള്ളം എടുക്കണ്ട, കുറച്ചു എടുത്താല്‍ മതി. ചീര, തക്കാളി, വഴുതന, മുളക്, കാബേജ്, പാലക്, കോളി ഫ്ലവര്‍, ബീറ്റ്റൂട്ട് പോലത്തെ ചെറിയ വിത്തുകള്‍ ഒരു വെള്ള തുണിയില്‍ കെട്ടി സ്യുഡോമോണസ് ലായനിയില്‍ ഇട്ടു വെക്കാം. ശേഷം പാകാം, വിത്തുകള്‍ ആരോഗ്യത്തോടെ എളുപ്പത്തില്‍ മുളച്ചു കിട്ടും. രോഗ നിയന്ത്രണതോടൊപ്പം വിത്തുകളുടെ അങ്കുരണ ശേഷി കൂട്ടുക, വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക, ഇവയൊക്കെ സ്യുഡോമോണസിന്‍റെ മറ്റു മേന്മകള്‍ ആണ്.

നെല്‍കൃഷിയില്‍ വിത്ത് മുക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍, ഒരു കിലോ ഗ്രാം നെല്‍വിത്തിന് 10 ഗ്രാം സ്യുഡോമോണസ് കലര്‍ത്തി 8 മണികൂര്‍ വെച്ചാല്‍ കുമിള്‍ രോഗങ്ങളില്‍ നിന്നും നെല്ലിനെ രെക്ഷിക്കാം.

സ്യൂഡോമോണസ് എന്ന മിത്ര ബാക്ടീരിയ ഓരൊ ചെടികളിലും എങ്ങിനെ പ്രയോഗിക്കണമെന്ന് നോക്കാം

കുരുമുളകിന്റെ തവാരണകളിൽ ഉണ്ടാകുന്ന വിവിധയിനം രോഗങ്ങൾ നിയന്ത്രിക്കുന്നതിനും, വേരു പിടിപ്പിക്കുന്നതിനും വളർച്ച ത്വരിതപ്പെടുത്തുന്നതിനും സ്യൂഡോ മോണസ് ഉപയോഗിക്കാവുന്ന
താണ്.

250 ഗ്രാം സ്യൂഡോമോണസ് 750 മില്ലി ലിറ്റർ വെള്ളത്തിൽ കലക്കിയുണ്ടാക്കിയ ലായനിയിൽ കുരുമുളക് വള്ളികൾ പതിനഞ്ച് മിനിറ്റ് നേരം മുക്കി പോളിത്തീൻ ബാഗിൽ നട്ടശേഷം രണ്ട് ശതമാനം ഒരു ലിറ്റർ വെളളത്തിൽ കലക്കി ചുവട്ടിൽ ഒഴുച്ച് കൊടുത്തും ധ്രുതവാട്ടം പോലുള്ള വേരുകളിൽ ഉണ്ടാകുന്ന രോഗങ്ങളെ നിയന്ത്രിക്കാം.

ഇലകൾ വന്ന ശേഷം ചുവട്ടിൽ ഒഴിച്ച് കൊടുക്കുകയും ഇലകളിൽ തളിക്കുകയും വേണം.

മഴക്കാലാത്താണ് രോഗബാധ കൂടുതൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇടവപ്പാതിക്കും തുലാവർഷത്തിനും തൊട്ട് മുമ്പ് ലായനി ചെടികളിലും മണ്ണിലും എത്തിക്കണം.

രോഗബാധ ഉള്ള ചെടികൾക്ക് പത്ത് ദിവസം ഇടവിട്ട് ലായനി തളിക്കണം.

ഇഞ്ചിയുടെ അഴുകലും വാട്ടരോഗങ്ങൾക്കുമെതിരെ വിത്ത് രണ്ടുശതമാനം സ്യൂഡോമോണസ് ലായനിയിൽ പതിനഞ്ച് മിനിറ്റ് മുക്കിവെച്ച ശേഷം നടാവുന്നതാണ്.

ഇഞ്ചി കിളിർത്ത് വരുമ്പോഴും ഇലവരുമ്പോളും ലായനി ചുവട്ടിൽ ഒഴിച്ച് കൊടുക്കണം.

രോഗങ്ങൾ കണ്ടുതുടങ്ങിയാൽ രണ്ടാഴ്ച ഇടവിട്ട് രണ്ടുമൂന്ന് പ്രാവശ്യം തളിച്ച് കൊടുക്കണം.

പച്ചക്കറികളിൽ ഉണ്ടാകുന്ന രോഗങ്ങൾക്കെതിരെ രണ്ടുശതമാനം വീര്യത്തിൽ ലായനി ചുവട്ടിൽ ഒഴിച്ച് കൊടുത്തും തളിച്ചുകൊടുത്തും നല്കാവുന്നതാണ്.

തക്കാളി,വഴുതന തുടങ്ങിയവയ്ക്കുണ്ടാകുന്ന വാട്ടരോഗങ്ങൾ, വേരു ചീയൽ തുടങ്ങിയവക്കെതിരെ ഇത് ഫലപ്രദമാണ്. നെല്ലിന് വിത്തിൽ പുരട്ടിയും ലായനിയിൽ വേരുമുക്കിയും ചെടികളിൽ തളിച്ചും ജൈവ വളത്തോടൊപ്പം മണ്ണിൽ ചേർത്തും നല്കാവുന്നതാണ്. നെല്ലിന്റെ വിത്തിൽ പുരട്ടുന്നതിനായി പത്ത് ഗ്രാം സ്യൂഡോമോണസ് പൊടി ഒരു കിലോ വിത്തിന് എന്ന തോതിൽ വിത്ത് മുളപ്പിക്കുവാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ കലർത്തി എട്ട് മണിക്കൂർ വെയ്ക്കുക. അധികമുള്ള ജലം വാർത്ത് കളഞ്ഞ് മുളയ്ക്കുവാനായി വെയ്ക്കുക. ഇപ്രകാരം മുളപ്പിച്ച വിത്ത് താവാരണകളിൽ വിതയ്ക്കുക. ഞാറ് പറിച്ച് നടുമ്പോൾ സാന്ദ്രത കൂടിയ സ്യൂഡോമോണസ് ലായനിയിൽ(250 ഗ്രം 750 മില്ലി ലിറ്റർ വെള്ളത്തിൽ)പതിനഞ്ച് മിനിറ്റ് മുക്കിവെയ്ക്കണം. പാടത്ത് ഇരുപത് കിലോ ചാണകത്തിന് ഒരു കിലോ എന്ന കണക്കിന് മണ്ണിൽ ചേർത്ത് കൊടുക്കാവുന്നതാണ്. ഇലകൾ തളിർക്കുന്നതിനായി രണ്ടുശതമാനം വീര്യത്തിൽ പറിച്ച് നട്ട് 45 ദിവസം കഴിഞ്ഞ് പ്രയോഗിക്കാവുന്നതാണ്. രോഗങ്ങൾ കണ്ടുതുടങ്ങിയാൽ ഒന്നോരണ്ടോ പ്രാവശ്യം തളിച്ച് കൊടുക്കാവുന്നതാണ്. ആന്തൂറിയത്തിൽ കാണുന്ന ബാക്ടീരിയൽ ബ്ലൈറ്റ്, ഇലപ്പു
ള്ളിരോഗങ്ങൾ, ഓർക്കിഡിലെ ഫൈറ്റോഫ്ത്തോറ അഴുകൽ തുടങ്ങിയ രോഗങ്ങൾക്കും സ്യൂഡോമോണസ് ഫലപ്രദമാണ്.

സാധാരണയായി രണ്ടുശതമാനമാണ് കണക്ക്(20 ഗ്രാം ഒരു ലിറ്റർ വെള്ളം) രോഗത്തിന്റെ തീവ്യത അനുസരിച്ച് രണ്ടോമൂന്നോ തവണ തളിക്കേണ്ടതാണ്. എല്ലാ ചെടികളിലും കാണുന്ന ബാക്ടീരിയൽ, കുമിൾ രോഗങ്ങൾക്ക് സ്യൂഡോമോണസ് ഉത്തമ ഔഷധമാണ്. സ്യൂഡോമോണസ് രാസവളങ്ങൾക്കൊപ്പം ഉപയോഗിക്കരുത്. ചാരം ചേരാത്ത ജൈവ വളത്തോടൊപ്പം ഉപയോഗിക്കാവുന്നതാണ്. മണ്ണുവഴിയുള്ള ചീയൽ രോഗങ്ങൾക്ക് മണ്ണിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്.

മണ്ണിൽ ഈർപ്പമുള്ളസമയത്ത് ഉപയോഗിച്ചാൽ കൂടുതൽ ഫലപ്രദമാണ്. പായ്ക്കറ്റിൽ പറഞ്ഞിരിക്കുന്ന കാലാവധിക്ക് മുമ്പായി ഉപയോഗിക്കുക.മുളകിന്റെ വാടൽ രോഗം, തക്കാളിയുടെ വാടൽ രോഗം,തുടങ്ങിയവയ്ക്കും സ്യൂഡോ മോണസ് നല്ല ഔഷധമാണ്. ഇല,തണ്ട്, വേര് എന്നിവയിലൊക്കെ ഈ ബാക്ടീരിയ ജിവിക്കും. അതിനാൽ ഏതു ഭാഗത്ത് നിന്നുള്ള രോഗാക്രമണത്തെയും ഈ ബാക്ടീരിയ കീഴ്പെടുത്തും.

Thursday, March 14, 2019

മല്ലി ഇല കൃഷി ചെയ്യേണ്ട രീതി

പല തരം കറികള്ക്കും അത്യാവശ്യമായ ഒരു ഇല ആണ് മല്ലിഇല. അതിന്‍റെ ഇല പോലെ വേരിനും നല്ല മണമാണ്. എന്നിട്ടും വളരെ കുറച്ചു ആളുകള്‍ മാത്രമേ ഇതുവളരത്തുന്നുള്ളു. ഇതുവളര്ത്താന്‍ ബുദ്ധിമുട്ടാണെന്ന് വിചാരിച്ചിട്ടാണോ അതോ മെനക്കെടാന്‍ വയ്യെന്ന് വിചാരിച്ചിട്ടാണോ എന്ത്കൊണ്ടെന്നു അറിയില്ല. ഈ ചെടി കുറച്ചു delicate ആണെന്നത് ശരി. മാര്‍ക്കറ്റില്‍ കിട്ടുന്ന ഇല പല തരം രാസ-വിഷ പ്രയോഗം കഴിഞ്ഞതാണ് എന്നറിഞ്ഞിട്ടും പലരും ഇതു വീട്ടില്‍ വളര്ത്താന്‍ ശ്രമിക്കുന്നില്ല എന്നത് അതിശയംതന്നെ.വീട്ടില്‍വളരത്താന്‍ വലിയ ബുദ്ധിമുട്ടില്ലാത്ത ഒന്നാണ് മല്ലി. വിത്തു നേരിട്ട് പാകാം. നമ്മുടെ കാലാവസ്ഥയില്‍ ഇതുവര്ഷംമുഴുവന്‍വളരത്താന്‍ പറ്റിയതാണ്.
കൃഷി ചെയ്യേണ്ട രീതി.

ആദ്യമായി നടാന്‍ പറ്റിയ സ്ഥലം കണ്ടെത്തുക. കുറേശ്ശെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം ആയിരിക്കണം. നട്ടുച്ചയ്ക്ക് നേരിട്ടുള്ള സൂര്യപ്രാകാശം വീഴുന്ന സ്ഥലം ഒഴിവാക്കുക. മല്ലിചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. അപ്പോള്‍ രാവിലെയും വൈകുന്നേരവും മാത്രം വെയില്‍ കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും നല്ലത്.
നല്ല നീര്‍വാഴ്ചയുള്ള സ്ഥലമായിരിക്കണം. മണ്ണു നന്നായി കിളച്ചു അതിലെ കല്ലും മറ്റു പാഴ് വസ്തുക്കളും നീക്കം ചെയ്യുക. മണ്ണില്‍ പച്ചിലകളും ജൈവകമ്പോസ്റ്റും അടിവളമായി ഇടുക. മുന്പ് രാസവളം ഉപയോഗിച്ച മണ്ണു ആണെങ്കില്‍ കുറച്ചു കുമ്മായം ഇടുക. മല്ലിക്ക് വേണ്ടത് pH 6.2 നും 6.8 നും ഇടക്കാണ്.

ചട്ടിയിലാണെങ്കില്‍, മല്ലി ആണിവേര് ഉള്ള ചെടിയായതുകൊണ്ട് (കാരറ്റിന്‍റെ കുടുംബത്തില്‍ പെട്ടത്) എട്ടോ പത്തോ ഇഞ്ചു ആഴമുള്ള ചട്ടി വേണം. പിരിച്ചു നടാന്‍ പറ്റിയ ഇനമല്ലാത്തത് കൊണ്ട് വിത്തിടുന്നതിനു മുന്പ് തന്നെ ശരിയായ അടിവളംചേരത്തിരിക്കണം. മേല്മണ്ണു, മണല്‍, ചകിരിചോറു, മണ്ണിരകമ്പോസ്റ്റ്, ചാണകപൊടി, പച്ചിലകള്‍ എന്നിവകൂട്ടിയ മിശ്രിതമാണ് നല്ലത്.
വീട്ടിലെ അടുക്കളആവശ്യത്തിനു  കടയിൽ നിന്നും  വാങ്ങുന്ന മല്ലിവിത്ത് ഉപയോഗിക്കാം

വിത്തിടല്‍ :
---------------
മല്ലി വിത്ത് കണ്ടിട്ടില്ലേ? ഒരു തോടില്‍ രണ്ടു വിത്തുകള്‍ ഒട്ടിപിടിച്ചു ഒരു ഉരുണ്ട പന്ത് പോലെ ഇരിക്കും. അതിന്‍റെ തോടു കുറച്ചു കട്ടി കൂടിയതാണ്. അത്കൊണ്ട് അത് ഒരു പേപ്പറില്‍ ഇട്ടു ഒരു ഉരുളന്‍ വടി കൊണ്ട് (ചപ്പാത്തിക്കോല്‍) മേലെ ഉരുട്ടിയാല്‍ ഓരോ വിത്തും രണ്ടു വിത്തായി വേര്‍പെടും. വിത്ത് മുളക്കുന്നതിനു ധാരാളം ഈര്പ്പം വേണം. മുളക്കാന്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുക്കും. വിത്ത് ഒന്നോ രണ്ടോ ദിവസം കുതിര്ത്ത ശേഷം നടുന്നതാണ് നല്ലത്. വിത്ത് കട്ടന്‍ചായ വെള്ളതില്‍ ഇട്ടുവെച്ചാല്‍ ചായയിലെ tannin അതിന്‍റെ തോടിനെ മൃദുവാക്കും എന്നത് കൊണ്ട് വേഗത്തില്‍ മുളക്കും.
വിത്തിടുന്നതിനു രണ്ടു രീതിയുണ്ട്.
മണ്ണില്‍ കാല്‍ ഇഞ്ചു താഴെ, നാലിഞ്ചു മുതല്‍ ആറിഞ്ചു അകലത്തില്‍ വരിയായി നടാം. വരികള്‍ തമ്മില്‍ അര അടി അകലം വേണം. അല്ലെങ്കില്‍ വിത്ത് മണ്ണിന്‍റെ മുകളില്‍ ഒരേ തരത്തില്‍ പരക്കുന്ന രീതിയില്‍ വിതറാം. വിത്തിന് മുകളില്‍ കാല്‍ ഇഞ്ചു കനത്തില്‍ ചകിരി ചോറോ നനുത്ത മണ്ണോ കൊണ്ട് മൂടണം. വെള്ളം സ്പ്രേ ചെയ്യണം. നനക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വെള്ളം കുത്തി ഒഴിച്ചാല്‍ വിത്ത് അവിടവിടെ ആയി പോകും.
ഈ ചെടിക്ക് മൂന്നോ നാലോ മാസം മാത്രം ആയുസ്സുള്ളതുകൊണ്ട് വിത്തിടുമ്പോള്‍ പല ബാച്ചുകളായി രണ്ടു മൂന്നു സ്ഥലത്ത് രണ്ടു മൂന്നു ആഴ്ച ഇടവിട്ടു നട്ടാല്‍ എല്ലായ്പ്പോഴും ഇല കിട്ടും.

വളം കൊടുക്കല്‍ :
----------------------
മുളച്ചു രണ്ടിഞ്ചു ഉയരം വന്നാല്‍ വളം കൊടുക്കാന്‍ തുടങ്ങാം. വെള്ളത്തില്‍ അലിയുന്ന നൈട്രജെന്‍ വളങ്ങളാണ് നല്ലത്. വളം ഒരിക്കലും അധികമാകരുത്‌, അധികമായാല്‍ ഇലയുടെ മണം കുറയും. നേര്പ്പി ച്ച ചാണക വെള്ളം മാത്രം ഒഴിച്ചാലും മതി. ഏറ്റവും നല്ലത് ഫിഷ്‌ അമിനോ ആസിഡ് ആണ്. അതൊരിക്കല്‍ മാത്രമേ കൊടുക്കാവൂ. കട്ടി കൂടിയ മിശ്രിതങ്ങള്‍ ഒഴിവാക്കുക. നെമവിര ശല്യം ഒഴിവാക്കാനാണിത്. ചെടി കുറച്ചു വലുതായാല്‍ പിന്നെ നനക്കുന്നത് കുറക്കണം. രാവില ചെറുതായി നനച്ചാല്‍ വൈകുന്നേരതെക്ക് കട ഉണങ്ങിയിരിക്കണം. ഒരിക്കലും വെള്ളം കെട്ടി നില്ക്കതരുത്.
ചെടികള്‍ കൂട്ടംകൂടി വളര്ന്നാല്‍ നന്നല്ല. അതുകൊണ്ട് ഇടക്കുള്ള ഉയരം കുറഞ്ഞ ചെടികള്‍ പറിച്ചെടുത്തു കറിക്ക് ഉപയോഗിക്കാം. ചെടികള്ക്കിടയില്‍ 8 ഇഞ്ചു ഇടം വരുന്ന രീതിയില്‍ ബാക്കിയുള്ളവയെ പറിചെടുക്കുക. ഇടയില്‍ കള വളരാന്‍ ഇട വരരുത്. കള വളരെ ചെറുതായിരിക്കുമ്പോള്‍ തന്നെ പറിച്ചു കളയുക. ചട്ടിയിലെ പോഷകം തിന്നു വളര്ന്ന ശേഷം ആ കളയെ പറിച്ചു കളഞ്ഞിട്ടെന്തു കാര്യം?

വിളവെടുപ്പ് :
----------------
ചെടി നാലോ ആറോ ഇഞ്ചു ഉയരം വെച്ചാല്‍ അടിഭാഗത്തുള്ള ഇലകളോ ചെറിയ ചില്ലകളോ നുള്ളി എടുക്കാം. ഇല നുള്ളിയാല്‍ മാത്രമേ അത് വേഗം വളരൂ എന്ന് ഓര്മിക്കുക. മൂന്നില്‍ രണ്ടു ഭാഗം ഇലകളില്‍ കൂടുതല്‍ ഒരേ സമയം നുള്ളരുത്, അത് ചെടിയ്ക്ക്‌ ക്ഷീണമാകും. ഒരിയ്ക്കല്‍ ഇല നുള്ളിയാല്‍ ചെടി വീണ്ടും കിളിര്ക്കാന്‍ തുടങ്ങും. രണ്ടു മൂന്നു ആഴ്ച കൂടുമ്പോള്‍ ഇങ്ങനെ ഇല നുള്ളാം. പിന്നീട് ചെടി പൂവിടാന്‍ തുടങ്ങും. അപ്പോള്‍ പുതിയ ഇലകള്‍ വരുന്നത് നില്ക്കും . തുടര്ന്നും ഇല വേണമെങ്കില്‍ ഉണ്ടാകുന്ന പൂക്കളെ അപ്പപ്പോള്‍ കളയണം. നമുക്ക് ഇല വേണോ അതോ അതിനെ പൂവിടാന്‍ വിടണോ എന്ന് തീരുമാനിക്കുക. പൂ ഉണങ്ങിയാല്‍ കൊത്തംബാല corriandar കിട്ടും. അത് പറിക്കാതെ ചെടിയില്‍ തന്നെ നിര്ത്തിയയാല്‍ ഉണങ്ങി താഴെ വീണു പുതിയ ചെടികള്‍ മുളച്ചു വരാന്‍ തുടങ്ങും. ചെടി രണ്ടടിവരെ ഉയരം വെയ്ക്കും.

ഇലയുടെ തീക്ഷ്ണമായ മണം കാരണം കീട ശല്യം ഇതിനു കുറവാണ്. എങ്കിലും ഈര്പ്പം അധികം ആയാല്‍ കുമിള്‍ ബാധ വരും. വെളുത്ത പൊടി പോലെ ഇലകളില്‍ നിറയും. കുമിള്‍ ബാധ വരാതിരിക്കാന്‍ നല്ല വായു സഞ്ചാരം ഉണ്ടായിരിക്കണം. ബാധ വന്ന ഇലകള്‍ അപ്പപ്പോള്‍ നുള്ളി കളയുക. ചെടിയുടെ കടക്കല്‍ എപ്പോഴും വൃത്തിയായി വെയ്ക്കണം. അവിടെ ചീഞ്ഞ ഇലകളോ പൂക്കളോ ഉണ്ടെങ്കില്‍ കുമിള്‍ ബാധ വരാന്‍ സാധ്യതയുണ്ട്. മല്ലി ഇലയുടെ നീര് acidity കുറയ്ക്കും. ശരീരത്തിന് തണുപ്പ് കൊടുക്കും. ഛര്‍ദ്ദിക്ക് ഒന്നോ രണ്ടോ ഇല വായിലിട്ടു ചവച്ചു നീരിറക്കിയാല്‍ മതി. സുഗന്ധ ദ്രവ്യം എന്ന നിലയില്‍ കറികളില്‍ ചേര്ക്കാം. ഇതു ദഹനത്തെയും സഹായിക്കും.
സാധാരണ മല്ലി പാകിയാൽ മതി. ചപ്പാത്തി കുഴൽ കൊണ്ട് അല്ലെങ്കിൽ അത് പോലെ ഉള്ള എന്തേലും വസ്തു കൊണ്ട് മല്ലി വിത്ത് മൃദുവായി പൊട്ടിച്ച ശേഷം പാകാവുന്നതാണ്. വളരെ വേഗം മുളയ്ക്കുന്ന ഒരു വിത്താണ്. മാറ്റി നട്ടാൽ വളരാൻ ബുദ്ധിമുട്ടാണ് അത് കൊണ്ട് വളരേണ്ട സ്ഥലത്ത് തന്നെ നേരിട്ടാണ് സാധാരണ വിത്ത് നടുന്നത്. നല്ല വളർച്ച കിട്ടാൻ ചെടികൾ തമ്മിൽ 5 cm അകലം വേണം. അത് കൊണ്ട് മുളച്ചു അഞ്ചാറ് ഇല ആകുമ്പോൾ ഇടയ്ക്കു നിന്ന് തൈകൾ പറിച്ചു മാറ്റി ഉപയോഗിക്കാം. ബാക്കി ഉള്ളവ നന്നായ് വളരും. രണ്ടു ആഴ്ച കൊണ്ട് ഉപയോഗിക്കാൻ പറ്റും. പൂത്തു തുടങ്ങിയാൽ പൂവ് നുള്ളി കളയണം. ഒരെണ്ണം പൂത്താൽ കൂട്ടത്തിൽ ഉള്ള മുഴുവൻ ചെടികളും പൂക്കും. വിത്ത് ശേഖരണം വേണമെങ്കിൽ കുറച്ചു വിത്ത് വേറെ ചട്ടിയിൽ നട്ട് പൂക്കാൻ അനുവദിക്കണം.
ചാണകം കലക്കി ഒഴിക്കുന്നത് വളർച്ചക്ക് ഉത്തമം

കടപ്പാട്: ഷക്കീർ കെ.പി.

Thursday, March 7, 2019

ബീജാമൃതം ....

ചെടികള്ക്ക് വിത്തിലൂടെ കുമിള്‍ ബാധ ഉണ്ടാവുകയും ദോഷമായി ബാധിക്കുകയും ചെയ്യും. വിത്തിനെ ബാധിക്കുന്ന ബാക്ടീരിയകളും ഉണ്ട്. അതുകൊണ്ട് ഇവയെ ഫലപ്രദമായി തുടക്കത്തില്‍ തന്നെ നിയന്ത്രിക്കേണ്ടതുണ്ട്. വിത്തുകളെ പൊതുവേ ആക്രമിക്കുന്നവ ഏതൊക്കെ എന്ന് മനസ്സിലാക്കിയ ശേഷം അവയെ ഫലപ്രദമായി നിയന്ത്രിക്കാന്‍ പലേക്കര്‍ കണ്ടുപിടിച്ച ഒരു മരുന്നാണ് ബീജാമൃതം. ഇത് ജീവാമൃതത്തിന്റെത ഒരു വകഭേദം ആണ്.

.                           വിത്തിന്റെ അങ്കുരണ ശേഷി നശിപ്പിക്കുന്നവയെ ബീജാമൃതം നിര്‍വീര്യമാക്കുന്നതുകൊണ്ട് വിത്തുകള്‍ 90% മുളക്കും. ബീജാമൃതത്തില്‍ മുക്കിയെടുത്ത വിത്തുകള്‍ ഒരാഴ്ചക്കകം ഉപയോഗിക്കണം.

വിതക്കാന്‍/ മുളപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ധാന്യ/ പുല്ലുവര്ഗത്തില്‍ പെട്ട വിത്തുകള്‍ പരത്തിയിട്ട് അതിന്മേല്‍ ആവശ്യത്തിനു ബീജാമൃതം തളിച്ച് രണ്ടു കൈ കൊണ്ടും തിരുമ്മുക. വിത്തിന്മേല്‍ ബീജാമൃതത്തിന്റെ  ഒരു ചെറിയ കവചം ഉണ്ടാക്കുക. തണലില്‍ ഉണക്കി എടുക്കുക. പയറ് വര്ഗത്തില്‍ പെട്ടവയുടെ വിത്തുകള്‍ ആണെങ്കില്‍ ബീജാമൃതം തളിച്ച ശേഷം കൈ കൊണ്ട് തിരുമ്മരുത്. കാരണം വിത്തിന്റെ  പുറം തോട് വളരെ ലോലമാണ്. ബീജാമൃതം തളിച്ച ശേഷം സൂക്ഷിച്ചു ഇളക്കി തണലില്‍ ഉണക്കി എടുക്കണം. നിലകടല, സോയാബീന്‍ എന്നിവയുടെ വിത്തുകള്‍ അതിലും കൂടുതല്‍ ലോലമാണ്. അതുകൊണ്ട് അവയ്ക്ക് ബീജാമൃതം പറ്റില്ല. അവയെ രക്ഷിക്കാന്‍ ഖര ജീവാമൃതം (10%) കൂട്ടി ഇളക്കി തണലില്‍ ഉണക്കി എടുത്തു വിതക്കാം. പുറത്തു നിന്നും വാങ്ങുന്ന പച്ചക്കറി വിത്തുകള്‍ ആദ്യം നന്നായി കഴുകണം. ബീജാമൃതം തളിച്ച ശേഷം ഇളക്കി തണലില്‍ ഉണക്കി എടുക്കാം. കരിമ്പ്, വാഴ, മഞ്ഞള്‍, ഇഞ്ചി, ഉരുളക്കിഴങ്ങ് എന്നിവയുടെതാണെങ്കില്‍ അത് ജീവാമൃത്തില്‍ കുറച്ചു സെക്കന്റ് മുക്കി വെച്ച് ഉണക്കാതെ തന്നെ ഉടനെ നടാം. കമ്പ് മുറിച്ചു നടുന്ന റോസ്, കൂര്ക്ക, വെറ്റില, കുരുമുളക്, വാനില, ചക്കര കിഴങ്ങ്, ബസള, കപ്പ  എന്നിവയുടെ തണ്ടുകള്‍ ബീജാമൃതത്തില്‍ മുക്കിയെടുത്തു നേരിട്ട് നടാം. നര്സറിയില്‍ തൈ മുളപ്പിച്ച് നടുകയാണെങ്കില്‍ വിത്തിടുമ്പോള്‍ തന്നെ ബീജാമൃതം പ്രയോഗിചിരിക്കണം. വീണ്ടും തൈ പിരിച്ചു നടുമ്പോള്‍ ബീജാമൃതത്തില്‍ മുക്കി പിരിച് നടണം. നെല്ലും ഇതുപോലെ തന്നെ ഞാറ്റടിയില്‍ പാകുമ്പോഴും ഞാറു നടുമ്പോഴും ബീജാമൃതത്തില്‍ മുക്കണം. ഫല വൃക്ഷ ചെടികളും നടുമ്പോള്‍ വിത്ത് ജീവാമൃതത്തില്‍ മുക്കി തന്നെ നടണം. തെങ്ങ്, കവുങ്ങ് എന്നിവയുടെ കാര്യത്തില്‍, വിത്തെടുക്കുമ്പോള്‍ 35 വര്ഷ്ത്തില്‍ കൂടുതല്‍ പഴക്കമുള്ള നല്ല ലക്ഷണമുള്ള മാതൃ വൃക്ഷങ്ങളില്‍ നിന്നാവണം. അവ ശരിയായ ഇലച്ചാര്ത്ത് , നിറയെ കുലകള്‍, ഒത്ത ആരോഗ്യമുള്ള തടി, രോഗ രഹിതമായ ലക്ഷണമൊത്ത മരമാവണം. കായ ഉണങ്ങി തനിയെ വീണതാവണം, കുല വെട്ടി എടുക്കരുത്. ഉണങ്ങി കൊഴിഞ്ഞു വീഴുന്നവയില്‍ നിന്നുള്ള നല്ല വിത്ത് എടുക്കണം. അടുത്ത തലമുറ നല്ല ഇനമാകാന്‍ വേണ്ടിയാണ് ഇങ്ങനെ വിത്ത്കായ തിരഞ്ഞെടുക്കുന്നത്. അവ ബീജാമൃതത്തില്‍ മുളപൊട്ടുന്നവരെ വെച്ച ശേഷം എടുത്തു പാകാം.

ബീജാമൃതം ഉണ്ടാക്കുന്ന രീതി ........
നാടന്‍ പശുവിന്റെ ചാണകം -  5 കിലോ
ഗോമൂത്രം                           - 5 ലിറ്റര്‍
കുമ്മായം                           -  50 ഗ്രാം
വെള്ളം                             - 20 ലിറ്റര്‍
തയ്യാറാക്കുന്ന വിധം : -  ചാണകവും ഗോമൂത്രവും കുമ്മായവും വെള്ളവും കൂടി നന്നായി ഇളക്കി യോജിപ്പിച്ച് ഘടികാര വൃത്തത്തില്‍ രണ്ടു നേരം ഇളക്കുക. ചണചാക്ക് കൊണ്ട് മൂടി തണലത്തു വെക്കുക. 24 മണിക്കൂറിനു ശേഷം ഉപയോഗിക്കാം. വിത്തുകളുടെ അംഗുരണ ശേഷി വര്‍ധിപ്പിക്കാനും ചെടികളുടെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഉപയോഗിക്കുന്നു. വിത്തുകള്‍ ഈ ലായനിയില്‍ മുക്കി തണലത്തു ഉണക്കി ഉപയോഗിക്കാം. ചെടികള്‍ നടുന്നതിന് മുന്‍പ് അതിന്റെ വേര് പടലങ്ങള്‍ ഈ ലായനിയില്‍ മുക്കി നടുക

(കടപ്പാട് ... വിവിധ മാധ്യമങ്ങൾ , FB , കൃഷി സുഹൃത്തുക്കൾ )

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...