Monday, November 12, 2018

ടെറസിന് മുകളിലെ കുരുമുളക് വളര്‍ത്തല്‍

മനോഹരമായ പാക്കറ്റില്‍ ലഭിക്കുന്ന മുളക് പൊടിയുടെ ഉപയോഗം മലയാളിക്ക് സമ്മാനിച്ചത് നിരവധി രോഗങ്ങളാണ്. ചുവന്ന മുളകിനേക്കാള്‍ എത്രയോ ആരോഗ്യത്തിന് ഗുണകരമാണ് കുരുമുളക്. കേരളത്തിലെ കുരുമുളക് കറുത്ത പൊന്നെന്ന പേരില്‍ ലോക പ്രശസ്തവുമാണ്. നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് ടെറസില്‍ വളരെ എളുപ്പത്തില്‍ കുരുമുളക് വളര്‍ത്താം. ഇതിനു പറ്റിയ ഇനമാണ് കുറ്റിക്കുരുമുളക്. ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ കുറ്റിക്കുരുമുളക് നിഷ്പ്രയാസം കൃഷി ചെയ്യാം.


തൈ തയാറാക്കാം


വശങ്ങളിലേക്ക് വളരുന്ന ശാഖകളാണ് കുറ്റിക്കുരുമുളക് തൈകള്‍ തയാറാക്കാന്‍ ഉപയോഗിക്കുക. സെപ്തംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിലാണ് നടാന്‍പറ്റിയ സമയം. ശാഖകള്‍ നാലഞ്ച് മുട്ടുകള്‍ വീതം നീളമുള്ള കഷണങ്ങളായി മുറിക്കണം. അഗ്രഭാഗത്തുള്ള ഇലകള്‍ മുറിച്ചുമാറ്റുക. സാധാരണ കൃഷിചെയ്യുന്ന തണ്ടില്‍നിന്ന്വേരുകള്‍ പിടിച്ചുകിട്ടുന്നതിനെക്കാള്‍ അല്‍പ്പം സാവകാശം വേണ്ടി വരും വശങ്ങളിലുള്ള ശാഖകള്‍ക്ക് വേരുപിടിക്കാന്‍. ഇന്റോള്‍ ബ്യൂട്ടിക് ഏസിഡ് എന്ന ഹോര്‍മോണ്‍ 20 മി. ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ തണ്ടിന്റെ അടിഭാഗം അഥവാ വേരുപിടിക്കേണ്ട ഭാഗം മുക്കിവച്ചശേഷം നടുന്നത് വേരുപിടിക്കുന്നത് വേഗത്തിലാക്കാന്‍ സഹായിക്കും. മുറിച്ച് അധികം താമസിയാതെ നടാന്‍ ശ്രദ്ധിക്കണം.


കൃഷി രീതി


അത്യാവശ്യം വലുപ്പമുള്ള ഗ്രോബാഗോ, ചട്ടിയോ വേണം തൈ നടാന്‍ ഉപയോഗിക്കാന്‍. വെള്ളം വാര്‍ന്നുപോകാന്‍ ദ്വാരങ്ങള്‍ ഇവയുടെ അടിയിലിടണം. ഇതില്‍ 1:1:1 എന്ന അനുപാദത്തില്‍ മേല്‍മണ്ണ്, ഉണങ്ങിയ ചാണകം അഥവാ കമ്പോസ്റ്റ്, മണല്‍ എന്നിവ ചേര്‍ത്ത് കുഴച്ച പോട്ടിങ് മിശ്രിതം നിറയ്ക്കണം. മുകള്‍ഭാഗം രണ്ട് ഇഞ്ച് താഴ്ചവരത്തക്കവിധം നിറയ്ക്കുക. ഇതിലാണ് തൈ നടേണ്ടത്. നട്ടശേഷം ഏതാനും ദിവസം തണലില്‍ വയ്ക്കുക. 2 ഃ 2 മീറ്റര്‍ അകലത്തില്‍ നിരത്തിവയ്ക്കാം. കരിയിലകൊണ്ടോ മറ്റോ ചട്ടിക്കകത്ത് പുതയിടുന്നതും നല്ലതാണ്. എല്ലാ ദിവസവും നനയ്ക്കുക. വെള്ളം കെട്ടികിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.


വളപ്രയോഗം


മാസത്തില്‍ ഒരുതവണവീതം ഉണക്കിപ്പൊടിച്ച ചാണകം, കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് എന്നിവ മാറിമാറി ഉപയോഗിക്കാം. ചാണകപ്പൊടിയില്‍ ‘െ്രെടക്കോഡര്‍മ’ എന്ന മിത്രകുമിളിന്റെ പാക്കറ്റ് വാങ്ങി വളവുമായി കലര്‍ത്തി പൂപ്പല്‍ വളര്‍ത്തിയെടുത്ത് ഉപയോഗിച്ചാല്‍ വാട്ടരോഗം തടയാം. സ്യൂഡൊമോണസ് ലായനിയോ ബോഡോമിശ്രിതമോ തളിക്കാം. കീടങ്ങളെ തടയാന്‍ മണ്ണില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കാം. വേപ്പധിഷ്ഠിത കീടനാശിനി തളിക്കാം. നട്ട് ഒരുവര്‍ഷം കഴിയുമ്പോള്‍ ചെടി കായ്ച്ചുതുടങ്ങും. രണ്ടാം വര്‍ഷംമുതല്‍ നല്ല വിളവുതരും. 500 ഗ്രാം മുതല്‍ ഒരുകിലോ ഗ്രാം കുരുമുളക് ഒരു ചെടിയില്‍ നിന്നു പ്രതീക്ഷിക്കാം.


ശീതകാല പച്ചക്കറി കൃഷിക്ക് ഒരു വളക്കൂട്

തയ്യാറാക്കുന്ന വിധം:- കടലപ്പിണ്ണാക്ക് / കൊപ്രപ്പിണ്ണാക്ക് 500ഗ്രം, ചാണകം / കോഴിവളം ഒരു കിലോഗ്രം, വേപ്പിന്‍ പണ്ണാക്ക് 250ഗ്രം എന്നിവ ഒരു ബാരലില്‍ ഇട്ട്, രണ്ട് ലിറ്റര്‍ വെള്ളം / കഞ്ഞിവെള്ളം ചേര്‍ത്ത് ഇളക്കി മൂടി വെക്കുക. ഈ ലായനി ദിവസവും രാവിലെയും വൈകുന്നേരം ഇളക്കി കൊടുക്കുക. അഞ്ച് ദിവസം വെച്ച് പുളിപ്പിച്ച ശേഷം പത്തിരട്ടി (20 ലിറ്റര്‍ ) വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ആഴ്ചയില്‍ ഒരു തവണ ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം. ദ്രാവക രൂപത്തിലുള്ള വളപ്രയോഗം നടത്തുമ്പോള്‍ ചെടികള്‍ക്ക് പുതയിട്ട് കൊടുക്കുന്നത് നന്നായിരിക്കും.. വളപ്രയോഗം കാലത്ത് നടത്തുന്നതായിരിക്കും ഉത്തമം.. മഴക്കാലത്ത് ദ്രവരൂപത്തിലുള്ള വളപ്രയോഗം ഒഴിവക്കുക..

നാം ജൈവ വളങ്ങള്‍ പ്രത്യേകിച്ച് പിണ്ണാക്കുകള്‍ ചാണകം എന്നിവ പുളിപ്പിച്ച് ചെടികള്‍ക്ക് നല്‍കുമ്പോള്‍ അവിടെ എന്‍. പി. കെ അനുപാതം വ്യത്യാസപ്പെടുന്നുണ്ടോ??ഇങ്ങനെ ചെയ്യുമ്പോള്‍ അവിടെ വല്ല രാസമാറ്റവും നടക്കുന്നുണ്ടോ?? സാധാരണ ഒരു ഗ്രോ ബാഗില്‍ ഉപയോഗിക്കാവുന്ന വളക്കൂട്ട് പുളിപ്പിച്ച് നല്‍കുമ്പോള്‍ 5-8 ഗ്രോ ബാഗില്‍ ഉപയോഗിക്കാന്‍ പരുവത്തിലാകുന്നത് എന്ത്കൊണ്ട് ? എന്ന് പരിശോധിക്കാം....
  മണ്ണിലെ നൈട്രേറ്റ്, അമോണിയം സം‌യുക്തങ്ങളിൽ നിന്നാണ്‌ സസ്യങ്ങൾക്കാവശ്യമുള്ള നൈട്രജൻ ലഭിക്കുന്നത്. സസ്യങ്ങളിൽ നിന്ന് നൈട്രജൻ ജന്തുക്കൾക്കും പകർന്നു കിട്ടുന്നു.
ജീവികളുടെ മൃതശരീരങ്ങളും ജന്തുവിസർജ്ജ്യങ്ങളും മറ്റു ജൈവ വസ്തുക്കളും അമോണീകരണ ബാക്റ്റീരിയങ്ങൾ (Ammonifying bacteria) വിഘടിപ്പിച്ച് കാർബണിക സം‌യുക്തങ്ങളിലെ നൈട്രജനെ അമോണിയ ആക്കുന്നു. രാസസംശ്ലേഷക നൈട്രീകരണ ബാക്റ്റീരിയങ്ങൾ (Chemosythetic Nitrifying Bacteria) ഇങ്ങനെയുണ്ടാകുന്ന അമോണിയയെ നൈട്രേറ്റുകൾ ആക്കി മാറ്റുന്നു. ഈ നൈട്രേറ്റുകളാണ് സസ്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്... നാം ജൈവ വളങ്ങള്‍ പുളിപ്പിക്കുമ്പോള്‍ മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങളുടെ (അനുകൂല സാഹചര്യത്തില്‍ ബാക്റ്റീരിയകള്‍ പെട്ടന്ന് പെരുകുന്നതുകൊണ്ട് ) തോത് തൊരിതപൊടുകയും, വളത്തിലടങ്ങിയ മൂലകങ്ങള്‍ പൂര്‍ണ്ണമായും ചെടികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന രൂപത്തില്‍ ഈ ലായനയില്‍ ലയിച്ച് ചേരുകയും ചെയ്യുന്നു... മറിച്ച് നാം നേരിട്ട് വളപ്രയോഗം നടത്തുമ്പോള്‍ ഈ വിഘടന പ്രക്രിയ സാവധാനമാണ് നടക്കുന്നത്.. അതുകൊണ്ട്തന്നെ സസ്യങ്ങള്‍ക്കാവശ്യമായ മൂലകങ്ങള്‍ കുറഞ്ഞതോതില്‍ ലഭ്യമായിക്കൊണ്ടിരിക്കും.... ഇക്കാരണത്താല്‍ വളങ്ങള്‍ പുളിപ്പിച്ച് നല്‍കുമ്പോള്‍ വളത്തിന്‍റെ അളവ് കുറക്കാന്‍ കഴിയും ( അധികമായാല്‍ അമൃതും വിഷം )...     ചെടികള്‍ നടുമ്പോള്‍ നല്ല ജൈവ വളങ്ങള്‍  അടിവളമായി നല്‍കിയാല്‍ അത് ചെടിയുടെ പ്രാരംഭഘട്ട വളര്‍ച്ചയില്‍ ഉടനീളം ഉപകരിക്കും... തുടര്‍ ജൈവ വളങ്ങള്‍ പുളിപ്പിച്ച് നല്‍കുന്നതിലൂടെ അവ ചെടികള്‍ക്ക് പെട്ടന്ന് ഉപയോഗപെടുത്താന്‍ കഴിയും ....
#my_veg_garden

Sunday, November 11, 2018

വഴുതിനയെ തണ്ടുതുരപ്പനിൽ നിന്ന് രക്ഷിക്കാൻ ഒരു കുഞ്ഞു Tip

ഉലുവ 50 ഗ്രാം പൊടിച്ചു ഒരു വഴുതനയുടെ ചുവട്ടിൽ ഇട്ടു കൊടുക്കുക

നേന്ത്രവാഴയുടെ വളര്‍ച്ചക്കും മികച്ച വിളവിനും കടലപ്പിണ്ണാക്ക്

നേന്ത്രവാഴ


നിരവധി പോഷകങ്ങള്‍ നിറഞ്ഞ വാഴപ്പഴം ലോകത്ത് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത് ഇന്ത്യയിലാണ്. ധാരാളം ധാതു ലവണങ്ങളും പോഷകങ്ങളും നിറഞ്ഞ നേന്ത്രപ്പഴം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ മികച്ച ഭക്ഷണമാണ്. ജൈവ രീതിയില്‍ കൃഷി ചെയ്യുന്ന നേന്ത്രപ്പഴത്തില്‍ പോഷമൂല്യം ഏറെ ഉയര്‍ന്നതാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അടുക്കളത്തോട്ടത്തിലും പറമ്പിലുമെല്ലാം എളുപ്പത്തില്‍ നേന്ത്രവാഴ വളര്‍ത്താം. നേന്ത്രവാഴയ്ക്ക് ഉത്തമമായ ജൈവവളമാണ് കടലപ്പിണ്ണാക്ക്. കടലപ്പിണ്ണാക്ക് വാഴയ്ക്ക് വളമായി നല്‍കുന്ന രീതികള്‍ നോക്കൂ.


വാഴക്കൃഷി


കേരളത്തില്‍ തെങ്ങ്, റബ്ബര്‍ എന്നിവയെപ്പോലെ വാഴക്കൃഷിയും വ്യാപകമാണ്. വിവിധ ഇനങ്ങളിലുള്ള നിരവധി നേന്ത്രവാഴകള്‍ നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്നു. ഒരു വാഴയെങ്കിലും വളര്‍ത്താത്ത വീടുകള്‍ നമ്മുടെ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം. നന്നായി പരിപാലിച്ചാല്‍ ആറോഏഴോ മാസങ്ങള്‍ കൊണ്ട് വാഴ കുലയ്ക്കും. അതായത് 27-35നും ഇടയില്‍ ഇലകള്‍ വരുമ്പോഴേയ്ക്കും വാഴ കുലയ്ക്കുമെന്നാണ് കണക്ക്.


കൃഷി രീതി


മറ്റു വാഴകളെ അപേക്ഷിച്ച് നേന്ത്ര വാഴകൃഷിക്ക് കുറച്ച് കൂടുതല്‍ പരിരക്ഷ നല്‍കണം. നനവ് കൂടുതല്‍ വേണ്ട ഇനമാണിത്. വെള്ളം കെട്ടികിടക്കാത്ത വയല്‍ പ്രദേശങ്ങളും നേന്ത്രവാഴ കൃഷിക്ക് അനിയോജ്യമാണ്. കൂടാതെ നമ്മുടെ അടുക്കളത്തോട്ടത്തിന്റെ അരികു വശങ്ങളിലും കൃഷി ചെയ്യാന്‍ ശ്രമിക്കാം. മണ്ണ് നന്നായി കൊത്തി ഇളക്കി വായുസഞ്ചാരമുള്ളതാക്കണം. എങ്കിലേ വേരുകള്‍ക്ക് യഥേഷ്ടം വളം വലിച്ചെടുക്കാന്‍ പറ്റുകയുള്ളൂ.


വളപ്രയോഗം


വാഴ നട്ട് പുതിയ ഇലകള്‍ വന്നു തുടങ്ങിയാല്‍ 200 ഗ്രാം വീതം കടലപ്പിണ്ണാക്ക് നല്‍കണം. തടത്തില്‍ കടലപ്പിണ്ണാക്ക് പൊടിച്ചു ചേര്‍ക്കുകയാണ് വേണ്ടത്. ആദ്യത്തെ നാലോ അഞ്ചോ മാസം ഈ രീതി തുടര്‍ന്നാല്‍ വാഴയുടെ വേരുകള്‍ ശക്തി പ്രാപിക്കുകയും വാഴയുടെ കടഭാഗം വണ്ണം വെയ്ക്കുകയും ചെയ്യും. കടല ജീവജാലങ്ങള്‍ക്ക് എന്ന പോലെ സസ്യങ്ങള്‍ക്കും വലിയ ഊര്‍ജമാണ് നല്‍കുക. ഇങ്ങനെ പലതവണയായി നല്‍കുന്ന കടലപ്പിണ്ണാക്ക് പച്ചില കമ്പോസ്റ്റ്, മറ്റു ജൈവ വളങ്ങള്‍ എന്നിവയുടെ പ്രയോഗം കൂടിയാകുമ്പോള്‍ വാഴ കരുത്ത് ആര്‍ജിക്കുകയും വലിയ കുലയുണ്ടാകാന്‍ സഹായിക്കുകയും ചെയ്യും. ഇത്തരത്തില്‍ കൃഷി ചെയ്താല്‍ 12 മുതല്‍ 15 കിലോ വരെയുള്ള കുലകള്‍ ലഭിക്കും


Saturday, November 10, 2018

കോഴിക്ക് മുട്ട കുറയുന്നുണ്ടോ…? പ്രതിവിധികളിതാ....

മുട്ട ലഭിക്കാനായി പല വീടുകളും കോഴികളെ വളര്‍ത്തുന്നുണ്ട്. വീട്ടിലെ ആവശ്യത്തിന് മുട്ടലഭിക്കാനായി വിവിധ ജനുസിലുള്ള കോഴികളെ ഇന്നു ലഭ്യമാണ്. നഗരത്തിലെ വീടുകളും ഫഌറ്റുകളിലും കൂട്ടിലിട്ടു വളര്‍ത്താന്‍ പറ്റുന്ന തരത്തിലുള്ള മുട്ടക്കോഴികള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ ചിലപ്പോള്‍ ഈ കോഴികളിടുന്ന മുട്ടയുടെ അളവില്‍ വലിയ കുറവ് വരാറുണ്ട്. ഇതിനുള്ള കാരണങ്ങളും പ്രതിവിധികളും പരിശോധിക്കാം. വെറ്റിനറി സര്‍ജനായ ഡോ. ശിഹാബുദ്ധീന്‍ തയാറാക്കിയ ലേഖനമാണിത്.


1. കോഴിക്ക് വിരശല്യം കൂടുതലായാല്‍ മുട്ടയിടല്‍ കുറയും. സമയാസമയങ്ങളില്‍ വിര എളക്കാനുള്ള മരുന്ന് കൊടുക്കണം.


2. തീറ്റ കൂടുതലായാലും മുട്ടയിടല്‍ കുറയും. മുട്ടക്കോഴിക്ക് ശരാശരി 120 ഗ്രാമില്‍ കൂടുതല്‍ തീറ്റ കൊടുക്കരുത്. തീറ്റ കൂടിയാല്‍ കോഴിക്ക് നെയ്യ് വെക്കുകയും ഇതു മുട്ടയിടല്‍ കുറയാനും കാരണമാകും.


3. ഗോതമ്പ് പതിവായി മുട്ടക്കോഴിയുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് കോഴി മുട്ടയിടല്‍ കാര്യക്ഷമാക്കും.


4. മുട്ട കോഴികള്‍ക്ക് കൂട്ടില്‍ കൊടുക്കുന്ന ലൈറ്റ് ഹവര്‍ കുറവാണങ്കില്‍ കൂട്ടികൊടുക്കുക.


5. കാല്‍സ്യം വൈറ്റമിന്‍ സപ്ലിമെന്റസ് ഇടയ്ക്ക് കൊടുക്കുന്നത് നല്ലതാണ്.


6. 20 ആഴ്ച്ച മുതല്‍ 80 ആഴ്ച്ച വരെയാണ് മുട്ട കോഴികള്‍ കൂടുതലായി മുട്ടതരുക.


ഇത്തിരി വെളളീച്ച വിശേഷങ്ങൾ

മുളക് , തക്കാളി എന്നീ വിളകളുടെ വലിയ ശത്രുവാണ് വെള്ളീച്ച ... ഇവ ഇലകളുടെ അടിയിൽ വെള്ളപൊടി പോലെ പറ്റി പിടിച്ച് കിടക്കും .ഇളക്കുമ്പോൾ പാറി പോവും .ഇവ ഇലക്കടിയിൽ പറ്റി പിടിച്ച് നീരുറ്റി കുടിച്ച്  ഇലകൾ കുരുടിക്കുകയും  , ക്രമേണ ഉണക്കം ബാധിച്ച് ചെടികൾ നശിക്കുകയും ചെയ്യുന്നു .
ഇലക്കടിയിലായതിനാൽ ആദ്യമൊന്നും  നമ്മൾ കാണില്ല . ചെടി നന്നായി പടർന്ന് പൂവും കായുമിടുമ്പോഴാവും പെട്ടെന്നൊരു ഉണക്കം , അപ്പഴാണ് നമ്മൾ ശ്രദ്ധിക്കുക , അപ്പോഴേക്കും ചെടിയെ രക്ഷിക്കാൻ പറ്റാതാവും .. ഇലക്കടിയിൽ നിറയെ വെളുത്ത പൊടി ' നിറഞ്ഞിരിക്കും ..

നിയന്ത്രണമാർഗ്ഗങ്ങൾ:-

1. വെള്ളീച്ചയുടെ ഉപദ്രവം തുടങ്ങുന്നത് ഏറ്റവും  അടിയിലെ ഇലകളില്‍ നിന്നുമായതിനാൽ ആദ്യം തന്നെ ചെയ്യേണ്ടത്
അടിയിലെ ഇലകള്‍ മുറിച്ചു കളയുക എന്നതാണ്,, മണ്ണിനോട് തട്ടി ഒരൊറ്റ ഇലകളും വളരാന്‍ സമ്മതിക്കാതിരിക്കുക, ജീവന്‍ നഷ്ടപ്പെട്ടു എന്ന് തോന്നുന്ന ഇലകള്‍ഉടനെ ഒരു ബ്ലേഡ് കൊണ്ട് മുറിച്ചു നീക്കുക. മുളക് ചെടികളുടെ ഇലകള്‍ അടിവശത്ത് വെള്ളം സ്പ്രേ ചെയ്തു കഴുകുക .  ശേഷം അല്പം ചാരം കലക്കിയ  വെള്ളം കൊണ്ട് ഇലകളുടെ അടിയില്‍ തടകുക , അല്പം ചാരം ഇലകളില്‍ പറ്റിപിടിച്ചു കിടന്നോട്ടെ .ഈ വെള്ളീച്ചകൾ വലിയ വ്യത്തിക്കാരാണ് . വൃത്തിയുള്ള ഇലകളില്‍ ആണ് വെള്ളീച്ച വരുക . ചാരം മണ്ണ് എന്നിവ പറ്റിപിടിച്ച ഇലകളില്‍ വെള്ളീച്ചയുടെ ശല്യം സാധാരണയായി കാണാറില്ല'

2 മഞ്ഞക്കെണി :-
ഒരു കാർഡ് ബോർഡിന്റെ രണ്ട് വശത്തും മഞ്ഞ ചാർട്ട് പേപ്പർ ഒട്ടിച്ച ശേഷം , അതിൻ മേൽ ആവണക്കെണ്ണ അല്ലെങ്കിൽ വെള്ള ഗ്രീസ് ഇവയിലേതെങ്കിലും പുരട്ടിയ ശേഷം  മുളകു ചെടിക്കടുത്ത് തൂക്കിയിടുക .മഞ്ഞ കളർ ഇവയെ ആകർഷിക്കുമെത്രെ . അങ്ങനെ വരുന്നവ കെണിയിൽ ഒട്ടിപിടിച്ച് നശിച്ചോളും .

3. ആവണക്കെണ്ണ , വേപ്പെണ്ണ മിശ്രിതം :-
ആവശ്യമുള്ള സാധനങ്ങൾ

ആവണക്കെണ്ണ - 20 മി.ലി., വേപ്പെണ്ണ - 80 മി.ലി., വെളുത്തുള്ളി - 120 ഗ്രാം, ബാർ സോപ്പ് - 6 ഗ്രാം, വെള്ളം 6 ലിറ്റർ

തയ്യാറാക്കുന്ന വിധം

ബാർ സോപ്പ് 50 മി.ലി. വെള്ളത്തിൽ നന്നായി ലയിപ്പിക്കുക. ഈ ലായനിയിലേക്ക് വേപ്പെണ്ണയും,ആവണക്കെണ്ണയും ചേർത്തിളക്കുക. ഇതിലേക്ക് നന്നായി അരച്ചെടുത്ത വെളുത്തുള്ളി കൂടി ചേർത്ത് നന്നായി ഇളക്കിയ ശേഷം ബാക്കി വരുന്ന വെള്ളം കൂടി ചേർത്തിലാക്കിയ ശേഷം അരിച്ചെടുക്കുക. ഈ ലായനി ഇലകൾക്കിടയിൽ തളിച്ചാൽ മുഞ്ഞ, വെള്ളീച്ച,പച്ചത്തുള്ളൻ എന്നിവയെ നിയന്ത്രിക്കാം.

4. 5മില്ലി വേപ്പെണ്ണ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളുടെ അടിയിലും, മുകളിലും,തണ്ടുകളിലും വീഴും വിധം തളിക്കാം.

5 . വേപ്പിന്‍ പിണ്ണാക്ക് കുതിര്‍ത്ത ലായനി എടുത്തു ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചു ഇലകളില്‍ തളിക്കാം

6. വേപ്പെണ്ണ 5മില്ലി, ആറല്ലി വെളുത്തുള്ളി ചതച്ചതും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കാം.

7 . ബിവേറിയ മിത്രകുമിൾ 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു വൈകുന്നേരം ഇലകളുടെ അടിയിലും മുകളിലുമായി തളിക്കാം...

8. അഗ്രോ പ്ലസ് എന്ന ജൈവ കീടനാശിനി സ്പ്രേ ചെയ്യുക .

9. കുരുടിപ്പ് പരത്തുന്ന ഇവയെ തുരത്താന്‍ മുളക് ചെടികളുടെ ഇലകളില്‍ കുമ്മായം തൂവി കൊടുക്കാം .ചെറിയ അളവിലുള്ള കുമ്മായം നേരിട്ട് ഇലകളില്‍ ഇടാം . (ചായ അരിപ്പയിൽ കുമ്മായമിട്ട് ഇലകൾക്ക് മുകളിൽ പിടിച്ച് ഇളക്കിയാൽ നേർത്ത അളവിൽ കുമ്മായം ഇലകൾക്ക് മീതെ തൂവി കൊള്ളും)

Friday, November 9, 2018

മുഞ്ഞ/പയര്‍പ്പേന്‍

പയര്‍ കൃഷി ചെയ്യുന്നവരുടെ പ്രധാന പ്രശ്നമാണ് മുഞ്ഞ/പയര്‍പ്പേന്‍. പയറിന്‍റെ ഇളംതണ്ടുകളിലും പൂവിലും ഞെട്ടിലും കായിലും കൂട്ടം കൂട്ടമായി പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുകയാണ് ഇവ ചെയ്യുന്നത്. പയര്‍ചെടികളില്‍ കറുത്തനിറത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈ കീടങ്ങള്‍ വേഗത്തില്‍ വംശവര്‍ദ്ധന നടത്താന്‍ കഴിവുള്ളവയാണ്. ഇവയുടെ ആക്രമണംമൂലം പയര്‍ചെടികളിലെ പൂവ് കൊഴിയുകയും, കായ്കള്‍ ഉണങ്ങി കേടുവന്ന് പോകുകയും ചെയ്യുന്നു. മുഞ്ഞയോടൊപ്പം ധാരാളം ഉറുമ്പുകളേയും കാണാവുന്നതാണ്. ഉറുമ്പുകള്‍ ഇവയെ ഒരു ചെടിയില്‍ നിന്ന് മറ്റൊന്നിലേക്ക് എത്തിക്കുന്നു.

നിയന്ത്രണ മാർഗ്ഗങ്ങൾ

1. ഒരു ലിറ്റർ പഴങ്കഞ്ഞി വെള്ളത്തിൽ 3 സ്പുൺ ചാരം മിക്സ് ചെയ്ത്  ഇരട്ടി വെള്ളം ചേർത്ത് ഇളക്കി മുഞ്ഞ ഉളളിടത്ത്  തളിക്കുക. രണ്ട് , മൂന്ന് ദിവസം അടുപ്പിച്ച് ചെയ്യുക.

2. കഞ്ഞിവെള്ളം നേര്‍പ്പിച്ച് (ഒരു ലിറ്റര്‍ കഞ്ഞിവെള്ളത്തില്‍ മൂന്ന് ലിറ്റര്‍ വെള്ളം) ചെടിയില്‍ നന്നായി തളിച്ചു കൊടുക്കുക. തളിച്ച കഞ്ഞിവെള്ളം ഉണങ്ങിക്കഴിയുമ്പോള്‍ കഞ്ഞിവെള്ളത്തിന്‍റെ പാട തട്ടിക്കളഞ്ഞശേഷം വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കണം.

3. നാറ്റപ്പൂച്ചെടി- സോപ്പ് മിശ്രിതം തളിക്കുക

4. ഏതെങ്കിലും വേപ്പധിഷ്ടിതമായ ജൈവകീടനാശിനി (ഉദാ: നിംബിസിഡിന്‍) 20 ml ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്തു കൊടുക്കണം. 24 മണിക്കൂറിനുശേഷം വെര്‍ട്ടിസീലിയം എന്ന ജീവാണുമിശ്രിതം 30 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളി എടുത്തു പുളിപ്പിച്ചശേഷം വൈകുന്നേരം സ്പ്രേ ചെയ്യുക. രണ്ടു ലായനികള്‍ തയാറാക്കുമ്പോഴും സാധാരണ ഷാമ്പൂവിന്‍റെ ഒരു സാമ്പിള്‍ പായ്ക്കറ്റ് പൊട്ടിച്ചു ലായനിക്കൊപ്പം ചേര്‍ക്കുന്നതു ലായനി ചെടിയില്‍ എല്ലാ ഭാഗത്തും എത്തുന്നതിനു സഹായിക്കും.

ഇവയിൽ ഏതെങ്കിലും ഒന്ന് കൃത്യമായി ചെയ്യുക. ശേഷം.. പയറിൽ പുളിമുറുമ്പിനെ കയറ്റി വിട്ടാൽ ഇവൻ ആ ഏരിയയിലേക്ക് വരുക പോലുമില്ല .......

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...