Sunday, December 30, 2018

നെയ്ക്കുമ്പളം കൃഷി ചെയ്യാം.....

നമ്മുടെ നാട്ടിൽ അന്യം നിന്ന് പോകുന്ന നാടൻ വിളകളിൽ ഒന്നാണ് നെയ്ക്കുമ്പളം. കുമ്പളങ്ങകളിൽ ഔഷധഗുണമുള്ള ഇനമാണ് നെയ്ക്കുമ്പളം വൈദ്യകുമ്പളമെന്നും ഇതിനു പേരുണ്ട്. ചെറിയ തരത്തിലുള്ള നാടൻകുമ്പളങ്ങയാണിത് വിളഞ്ഞു കഴിഞ്ഞാൽ ഇതിൽ വെള്ളപൊടിതൂവിയത് പോലെ കാണാം .സാധാരണ കുമ്പളത്തിനേക്കാൾ വലിപ്പം കുറവായ നെയ്ക്കുമ്പളം ഗുണത്തിൽ വളരെ മുന്നിലാണ്. ഔഷധഗുണമുള്ളതിനാലും ആയുർവേദ മരുന്നുകളിൽ ധാരാളമായി ഉപയോഗിക്കുന്നതിനാലുമാണ് നെയ്ക്കുമ്പളത്തിന് വൈദ്യ കുമ്പളം എന്ന പേരുകിട്ടിയത്. കൂശ്മാണ്ഡാസവം, കൂശ്മാണ്ഡഘൃതം, ദശ സ്വാരസഘൃതം, വാശാദികഷായം തുടങ്ങിയ ഔഷധങ്ങളില്‍ നെയ്ക്കുമ്പളം പ്രധാന ചേരുവയാണ്.

നെയ്ക്കുമ്പളം കൃഷി വളരെ ലളിതമാണ് .ഓഗസ്റ്റ് സെപ്തംബര് മാസങ്ങളിലാണ് നെയ്ക്കുമ്പളം വിത്തുപാകി മുളപ്പിച്ചു നടാൻ പറ്റിയ സമയം. അധികം പരിചരണം ആവശ്യമില്ലാത്ത നെയ്ക്കുമ്പളം നട്ട്‌ സമീപത്തുള്ള മരങ്ങളിൽ കയറ്റികൊടുത്താൽ ധാരാളം കായ്കൾ ഉണ്ടാകും അല്ലെങ്കിൽ പന്തൽ ഇട്ടുകൊടുത്തും വളർത്താം. 200 മുതൽ 500 ഗ്രാം വരെ തൂക്കമേ കായ്കൾക്ക് ഉണ്ടാവുകയുളൂ.അതീവ രുചികരമായ നെയ്ക്കുമ്പളം മൂപ്പെത്താതെയും കറിവയ്ക്കാം മൂപ്പെത്തിയ കായ്കൾ മൂന്നോ നാലോ മാസങ്ങൾ കേടുവരാതെ സൂക്ഷിച്ചു വയ്ക്കാം. നെയ്ക്കുമ്പളം നീര് പതിവായി കഴിക്കുന്നത് വാത-പിത്ത രോഗങ്ങള്‍ ശമിപ്പി ക്കുന്നു. ആമാശയരോഗത്തിനും ഉത്തമം. മുറിവുണ്ടായാല്‍ ഇതിന്റെ ഇല ചതച്ചുകെട്ടി രക്ത മൊലിപ്പ് നിര്‍ത്താം. രക്തസമ്മര്‍ദ്ദം, പ്രമേഹം, ദുര്‍മേദസ് എന്നിവയ്ക്കും മരുന്നാണ്. ശരീരം തണുപ്പിക്കുവാനും നന്ന്. ദിവസവും വെറും വയറ്റില്‍ നെയ്ക്കുമ്പളങ്ങയുടെ നീര് കഴിച്ചാല്‍ അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ കുറയും.

തടങ്ങള്‍ 60 സെ.മീ. വ്യാസത്തിലും 35 സെ.മീ. താഴ്ചയിലും 2 മീറ്റര്‍ അകലത്തിലും എടുത്ത തടത്തിൽ 10 കിലോ ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ഇലകള്‍, അല്പം വേപ്പിന്‍ പിണ്ണാക്ക് എന്നിവ കൂട്ടിചേര്‍ത്ത് തലേദിവസം വെള്ളത്തിൽ ഇട്ടുവച്ച വിത്തുകൾ പാവാം .നാലഞ്ച് ദിവസം ഇടവിട്ട് മിതമായി നനച്ചുകൊടുക്കണം.ഒരാഴ്ചകൊണ്ട് വിത്തുകള്‍ മുളയ്ക്കും.രണ്ടു മാസം പ്രായമാകുന്നതോടെ ചെടി പൂവിടാന്‍ തുടങ്ങും. ഇതിന് ഒരാഴ്ചമുമ്പ് നനയുടെ അളവ് കുറയ്ക്കണം. പൂവിടുന്നതോടെ തടമൊന്നിന് 250ഗ്രാം കപ്പലണ്ടിപ്പിണ്ണാക്ക് (കടലപ്പിണ്ണാക്ക്) 500 ഗ്രാം ചാരം എന്നിവ ചേര്‍ത്തു കൊടുക്കണം.പഞ്ചഗവ്യലായനി തളിക്കുന്നത് കൂടുതല്‍ കായ്പിടുത്തത്തിന് ഉപകരിക്കും. ദീര്‍ഘ വൃത്താ കൃതിയിലുള്ള കായ്കള്‍ക്ക് പച്ചനിറമാണ്. ഒരു ചെടിയില്‍നിന്നും പത്തില്‍ കുറയാത്ത കായ്കള്‍ ലഭിക്കും.

അധികം കീടരോഗബാധകള്‍ കാണാറില്ല. കുരുടിപ്പിന് വെളുത്തുള്ളി വേപ്പെണ്ണ സോപ്പ് മിശ്രിതം ഉപയോഗിച്ചാല്‍ മതി. മഞ്ഞളിപ്പ് കണ്ടാല്‍ തലമുറിച്ച് തൈര് വെച്ച് കെട്ടിയാല്‍ പുതുതായിട്ടുണ്ടാകുന്ന ഭാഗം രോഗവിമുക്തമായിരിക്കും.80-100 ദിവസം കൊണ്ട് വളര്‍ച്ച പൂര്‍ത്തിയാകും. ചെടികള്‍ ഉണങ്ങുന്നതോടെ കായകള്‍ മൂപ്പെത്തുന്നു. പുറന്തോടിന് കട്ടികൂടുതലുള്ളതിനാല്‍ ദീര്‍ഘകാലം സൂക്ഷിക്കാനാവും. ഒരു ചെറിയ കുടുംബത്തിന് കറിവെക്കാന്‍ പാകത്തിനുള്ളതാണ് നെയ്ക്കുമ്പളം. 200 മുതല്‍ 500 ഗ്രാം വരെയും 500 മുതല്‍ 1 കിലോവരെയും വലിപ്പമുള്ള രണ്ടുതരം നെയ്ക്കുമ്പളങ്ങള്‍ നിലവിലുണ്ട്.ഔഷധഗുണം ഏറെയുള്ളതിനാല്‍ ഒരു കുമ്പളങ്ങയ്ക്ക് വിപണിയിൽ അമ്പതുരൂപ വരെ വില ലഭിക്കും

By Farm News

പോഷകങ്ങളില്‍ കേമന്‍ കോവല്‍....

പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയതാണ് കോവല്‍ അഥവാ കോവയ്ക്ക. പാലില്‍ അടങ്ങിയിരിക്കുന്ന എല്ലാ വിറ്റാമിനുകളും ഇതിലുമുണ്ട്. അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും നട്ട് പരിപാലിക്കേണ്ട വിളയാണ് കോവല്‍. ഏറ്റവും എളുപ്പവും ലളിതവുമാണ് കോവല്‍ കൃഷിയും അതിന്റെ പരിപാലനവും. ഉപ്പേരി, തോരന്‍, അച്ചാര്‍ തുടങ്ങി നിരവധി വിഭവങ്ങള്‍ കോവല്‍ കൊണ്ടു തയാറാക്കാം. ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് പരിഹാരമായി പച്ചയ്ക്കും കഴിക്കാവുന്നതാണിത്.

നടീല്‍ രീതി

സാധാരണയായി കോവലിന്റെ തണ്ട് മുറിച്ചാണ് നടുന്നത്. നല്ല കായ്ഫലമുള്ള കോവലിന്റെ തണ്ട് തെരഞ്ഞെടുക്കുക. നാലു മുട്ടുകള്‍ എങ്കിലുമുള്ള വള്ളിയാണു നടീലിനു നല്ലത്. നിലം നന്നായി കിളച്ചു കട്ടയും കല്ലും മാറ്റി കോവലിന്റെ തണ്ട് നടാം, അല്ലെങ്കില്‍ കവറില്‍ നട്ടുപിടിപ്പിച്ചു പിന്നീട് കുഴിയിലേക്കു നടാം. നടുമ്പോള്‍ കോവല്‍ തണ്ടിന്റെ രണ്ടു മുട്ട് മണ്ണിനു മുകളില്‍ നിലക്കാന്‍ ശ്രദ്ധിക്കുക. നല്ല വെയിലുള്ള ഭാഗത്താണ് നടുന്നതെങ്കില്‍ ഉണങ്ങിയ കരിയിലകള്‍ മുകളില്‍ വിതറുന്നത് നന്നായിരിക്കും. ആവശ്യത്തിനു മാത്രം നനച്ചു കൊടുക്കുക. അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, കുറച്ചു എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ വേണമെങ്കില്‍ ഇടാം. വള്ളി പടര്‍ന്നു തുടങ്ങിയാല്‍ പന്തലിട്ടു കയറ്റിവിടാം. മരങ്ങളില്‍ കയറ്റി വിടുന്നത് ഒഴിവാക്കുക, നമുക്ക് കൈയ്യെത്തി കായകള്‍ പറിക്കാന്‍ പാകത്തില്‍ പന്തല്‍ ഇട്ടു അതില്‍ കയറ്റുന്നതാണ് ഉചിതം. വേനല്‍ക്കാലത്ത് ഇടയ്ക്കിടയ്ക്ക് നനയ്ക്കുന്നത് വിളവു വര്‍ധിപ്പിക്കാന്‍ സാധിക്കും. കോവക്ക അധികം മൂക്കുന്നതിനു മുന്നേ വിളവെടുക്കാന്‍ ശ്രദ്ധിക്കുക.

പരിചണം

കോവല്‍ ചെടിക്ക് ആഴ്ചയില്‍ രണ്ടു തവണ ജലസേചനം മതിയാവും. ചെടിയുടെ വളര്‍ച്ചക്ക് പച്ചച്ചാണകം ഒഴിക്കുന്നത് നല്ലതാണ്. മാസത്തിലൊരിക്കല്‍ തടത്തില്‍ മണ്ണ് കൂട്ടികൊടുക്കണം. ഫിഷ് അമിനോ 10 മില്ലി, സ്യൂഡോമോണാസ് 5 ഗ്രാം എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ആഴ്ചയില്‍ ഒരിക്കല്‍ സ്പ്രേ ചെയ്യണം. കോവല്‍ ചെടിയുടെ ഇലകളില്‍ ചെറിയ പുഴുക്കുത്തുകള്‍ പോലെയുള്ള കീടാക്രമണമാണ് സാധാരണ കണ്ടുവരുന്ന പ്രശ്നം. ഇവയെ നശിപ്പിക്കാന്‍ വേപ്പെണ്ണ ചേര്‍ന്ന ജൈവ കീടനാശിനികള്‍ ആഴ്ചയിലൊരിക്കല്‍ 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ രാവിലെയൊ വൈകിട്ടോ സ്പ്രേ ചെയ്യണം. പച്ചച്ചാണകം, ഗോമൂത്രം, കടലപിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, ശര്‍ക്കര എന്നിവ ഡ്രമ്മില്‍ നിക്ഷേപിച്ച് ഒരാഴ്ചവയ്ക്കുക. ഇടയ്ക്ക് നന്നായി ഇളക്കി അടച്ചു വയ്ക്കുക. ഒരാഴ്ച കഴിയുമ്പോള്‍ ഈ ലായനി ഒരു ലിറ്റര്‍ എടുത്ത് 5 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചുവട്ടില്‍ ഒഴിക്കുന്നത് നല്ല കായ് പിടുത്തമുണ്ടാവാന്‍ സഹായിക്കും. പഴയ കഞ്ഞി വെള്ളം ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്. സാധാരണ കോവയ്ക്കയെക്കാള്‍ നീളം കൂടിയ സുലഭ എന്നയിനം ഇപ്പോള്‍ പ്രശസ്തമാണ്. നന്നായി പരിപാലിച്ചാല്‍ മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി കോവലില്‍ നിന്ന് വിളവ് കിട്ടും. പിന്നീട് സ്ഥലം മാറ്റി കൃഷി ചെയ്യുന്നതാണ് ഉത്തമം.

By Farm News

കിഴങ്ങ് വര്‍ഗങ്ങള്‍ ഗ്രോബാഗില്‍ വിളയിച്ചെടുക്കാം......

നഗരത്തിലും ഫ്ലാറ്റുകളിലും താമസിക്കുന്നവര്‍ക്ക് കൃഷി ചെയ്യാന്‍ സ്ഥലപരിമിതി ഏറെ പ്രശ്‌നം സൃഷ്ടിക്കാറുണ്ട്. ഗ്രോബാഗിലും ചാക്കിലും കൃഷി ചെയ്യുകയാണ് ഇതിനുള്ള പ്രതിവിധി. എന്നാല്‍ പച്ചക്കറികളാണ് ഇത്തരത്തില്‍ ഏറെ കൃഷി ചെയ്യാറ്. ചേന, ചേമ്പ്, കപ്പ തുടങ്ങിയ കിഴങ്ങ് വര്‍ഗങ്ങള്‍ ഗ്രോബാഗില്‍ കൃഷി ചെയ്യുന്നത് വളരെ കുറവാണ്. എന്നാല്‍ കിഴങ്ങ് വര്‍ഗങ്ങളും ഗ്രോബാഗിലും കിഴങ്ങ് വര്‍ഗങ്ങള്‍ കൃഷി ചെയ്തു നല്ല വിളവ് നേടാം. ഇങ്ങനെ കിഴങ്ങ് വര്‍ഗങ്ങള്‍ കൃഷി ചെയ്ത് പതിനഞ്ച് കിലോയുള്ള ചേനയും 20-25 കിലോ തൂക്കമുള്ള കപ്പയും വിളയിച്ച് എടുക്കാം. ഇതിനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാം. കിഴങ്ങ് വര്‍ഗങ്ങള്‍ കൃഷി ചെയ്യാന്‍ വലിയ ഗ്രോബാഗാണ് ഉപയോഗിക്കേണ്ടത്. ഇവയ്ക്ക് നൂറു രൂപവരെ വിലവരും മാര്‍ക്കറ്റില്‍. ഗുണമേന്മയിലും കാലപ്പഴക്കം കൂടുതലുള്ളതുകൊണ്ടും ഇത് ഉപകാരപ്രദമാണ്.

ഗ്രോ ബാഗ് കൃഷിയിലെ ഗുണങ്ങള്‍

1. ഗ്രോ ബാഗിലെ നടീല്‍ മിശ്രിതം നാം തന്നെ നറയ്ക്കുന്നതായതു കൊണ്ട് വളക്കൂര്‍, വായു സഞ്ചാരം എന്നിവയുണ്ടെന്ന് ഉറപ്പാക്കാന്‍ സാധിക്കും.

2. കൊടുക്കുന്ന വളം, വെള്ളം എന്നിവ പാഴായി പോകുന്നില്ല.

3. സൂര്യപ്രകാശവും പരിപാലന സൗകര്യവും നോക്കി ഗ്രോബാഗ് എവിടെയും കൊണ്ട് പോയി വെക്കാം.

4. കളനിയന്ത്രണം, വളപ്രയോഗം എന്നിവയ്ക്ക് വളരെ കുറഞ്ഞ സമയം മതി.

5. വലിയ കായിക അധ്വാനമില്ലാതെ പെട്ടന്ന് ഗ്രോബാഗില്‍ നിന്ന് വിളവ് എടുക്കാം.

6. വിളവെടുപ്പിന് ശേഷമുള്ള നടീല്‍ മിശ്രിതം വളങ്ങള്‍ ചേര്‍ത്ത് വീണ്ടും കൃഷി ചെയ്യാന്‍ ഉപയോഗിക്കാം.

നടില്‍ രീതി

സാധാരണ ഗ്രോബാഗിനെ അപേക്ഷിച്ച് അഞ്ച് ഇരട്ടി നടീല്‍ മിശ്രിതം വേണ്ടിവരും ഈ വലിയ ഗ്രോബാഗ് നിറയ്ക്കാന്‍. ഗ്രോബാഗ് നിറയ്ക്കാന്‍ വേണ്ട വസ്തുക്കള്‍.

1. രണ്ട് കൊട്ട കല്ല് കളഞ്ഞ മേല്‍ മണ്ണ്
2. രണ്ട് കൊട്ട ചകിരിച്ചോര്‍.
3. രണ്ട് കൊട്ട ഉണങ്ങിയ കരിക്കില.
4. ഒരു കൊട്ട ചാണകപൊടി
5. ഒരു കിലോ എല്ല് പൊടി.

മേല്‍ പറഞ്ഞ എല്ലാവകകളും കൂട്ടി നന്നായി ഇളക്കി ഗ്രോ ബാഗിന്റെ അറുപത് ശതമാനം നിറയ്ക്കുക. ബാക്കി വരുന്ന മിശ്രിതം മാറ്റിവെക്കുക. ഇത് പിന്നീട് വളപ്രയോഗത്തിന് ശേഷം വിതറി കൊടുക്കാന്‍ ഉപയോഗിക്കാം. ഇങ്ങനെ അറുപത് ശതമാനം നിറച്ച ഗ്രോ ബാഗിന്റെ ഒത്തനടുവില്‍ ചെറുകുഴിയുണ്ടാക്കി മുളവന്ന ചേനയോ അല്ലങ്കില്‍ ഇഷ്ടമുള്ള മറ്റ് കിഴങ്ങ് വര്‍ഗങ്ങളോ നടാം. കപ്പയാണ് നടുന്നതെങ്കില്‍ 12-15 സെ.മി നീളത്തില്‍ നല്ല മൂപ്പെത്തിയ കപ്പ തണ്ട് മുറിച്ച് താഴെ ഭാഗത്തെ രണ്ട് മുട്ട് മണ്ണിന്റെ അടിയില്‍ വരത്തക്കവിധത്തില്‍ താഴ്ത്തി നടണം. വളപ്രയോഗവും പരിപാലനവുമെല്ലാം മറ്റു ഗ്രോബാഗ് കൃഷികള്‍ പോലെ തന്നെ മതി.

By Farm News

Thursday, December 27, 2018

പപ്പായ ഇല കൊണ്ടുള്ള ഒരു കീടനാശിനി

100ml വെള്ളത്തിൽ 50g നുറുക്കിയ പപ്പായ ഇല  ഒരു രാത്രി  മുക്കി വെക്കുക. അടുത്ത ദിവസം ഞെരടിപ്പിഴിഞ്ഞെടുത്ത് 4 ഇരട്ടി വെള്ളം ചേർത്ത് തളിക്കുക. ഇലതീനി പുഴുക്കളെ ഇല്ലാതാക്കാൻ പറ്റിയ കീടനാശിനിയാണ്.
By Ramla Sidhik

വാഴക്കന്നിന് ചൂടുവെളള ചികിത്സ:


ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ ഉഷ്ണമേഖലാ വന്‍കരകളില്‍ വാഴപ്പഴം ദശലക്ഷക്കണക്കിനാളുകളുടെ പ്രധാന ഭക്ഷ്യവിളയാണ്. വാഴപ്പഴത്തിന്റെ ആഗോള ഉത്പാദനത്തില്‍ ഇന്ത്യയാണ് മുന്‍പന്തിയില്‍. 140 ലക്ഷം മെട്രിക് ടണ്ണാണ് ഇന്ത്യയുടെ ഉദ്പാദനം. തൊട്ടടുത്ത് ഉഗാണ്ടയാണ്. സാധാരണ ഗതിയില്‍ വാഴ തുടര്‍കൃഷി നടത്തുന്നത് ചുവട്ടില്‍ വളര്‍ന്നു വരുന്ന ആരോഗ്യകരമായ സൂചിക്കന്നുകള്‍ ഇളക്കി നട്ടാണ്. കന്നുകള്‍ വഴിയുളള ഈ തുടര്‍ കൃഷിയില്‍ വാഴയുടെ പ്രധാന ഭീഷണി. വിവിധ ഇനങ്ങളില്‍ പെട്ട നിമവിരകളും 'കോസ്‌മോ പൊളിറ്റസ് സോര്‍ഡിഡസ്' എന്നു പേരായ ചെളളുമാണ്. കീടബാധയുളള കന്നുകള്‍ നടുന്നതു വഴി ഇവ നിരന്തരം ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് വ്യാപിച്ചു കൊണ്ടേയിരിക്കും. കീടബാധ വ്യാപിക്കുന്നതും ഇത്തരത്തിലാണ്. പലപ്പോഴും ചെറുകിട നാമമാത്ര കര്‍ഷകരുടെയും കൃഷിയിടങ്ങളിലാണ് ഇത്തരം കീടബാധ രൂക്ഷമായി കാണുന്നത്.

നേരത്തെ വാഴ കൃഷിചെയ്തിട്ടില്ലാത്ത സ്ഥലങ്ങളില്‍ പുതുകൃഷി നടത്തുക, രോഗബാധയില്ലാത്ത കരുത്തുളള കന്നുകള്‍ ഉപയോഗിക്കുക എന്നിവയാണ് ഇത്തരത്തില്‍ വേരുകള്‍ വഴി പടരുന്ന രോഗ-കീടബാധ തടയാനുളള ഫലവത്തായ
മാര്‍ഗ്ഗം.  ഇവിടെയാണ് ചൂടുവെളളം ചികിത്സ എന്ന ഹോട്ട് വാട്ടര്‍ ട്രീറ്റ്‌മെന്റിന്റെ പ്രസക്തി. കന്നുകള്‍ 50 ഡിഗ്രി സെല്‍ഷ്യസ് ചൂടുവെളളത്തില്‍ 20-25 മിനിട്ട് മുക്കി വച്ചിട്ട് നടുന്നത് നിമവിരബാധയും വണ്ടിന്റെ ഉപദ്രവവും കുറയ്ക്കും. കൃത്യമായി ഈ ചൂടുതന്നെ വെളളത്തിനു വേണം എന്നു നിര്‍ബന്ധമുളളതിനാല്‍ ചെറുകിട കര്‍ഷകര്‍ക്ക് ഇത് ഫലപ്രദമായി ചെയ്യാന്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. ഈ രീതി തന്നെ വ്യത്യസ്തമായ തരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

തിളച്ചവെളളത്തില്‍ 20-30 സെക്കന്റ് നേരം മാത്രം കന്ന് മുക്കുന്നതാണിത്. ഇതിനായി വലിയ വായ് വട്ടമുളള ഡ്രമ്മുകളില്‍ വെളളം തിളപ്പിച്ചെടുക്കണം. നടാനുളള കന്നുകള്‍ ഒരുമിച്ച് ഒരു കൂടയിലോ സഞ്ചിയിലോ എടുത്തിട്ട് അവ ഒരുമിച്ച് തന്നെ ചൂടുവെളളത്തില്‍ നിശ്ചിത സമയം മുക്കിയെടുക്കണം. 30 സെക്കന്റ് സമയം കണ്ടെത്താന്‍ ഒരു എളുപ്പവഴിയും നാട്ടിന്‍ പുറങ്ങളില്‍ ചെയ്യാറുണ്ട്. 30 ചെറിയ കല്ലുകളോ പയര്‍മണികളോ എടുക്കുക. ഇവ ഓരോന്നെടുത്ത് ഒരു പാത്രത്തിലേക്കിടുക. ഓരോ തവണ ഒരു കല്ല് പാത്രത്തിലിടാനും എടുക്കാനും ഒരു സെക്കന്റ് സമയം വേണം. 30 കല്ല് ഇട്ടു കഴിയുമ്പോള്‍ 30 സെക്കന്റായി. ഇതാണ് സമയക്ലിപ്തത പാലിക്കാനുളള നാടന്‍ രീതി. മറ്റ് സാങ്കേതികതകളൊന്നുമില്ലാത്ത ഈ രീതി തീരെ കുറച്ച് സമയം മാത്രമെ എടുക്കുന്നുളളൂ എന്നതിനാല്‍ വളരെ ഫലപ്രദമാണ്. ചൂടുവെളളത്തില്‍ മുക്കുന്നതുകൊണ്ട് കന്നുകളുടെ മുളയ്ക്കലിന് ദോഷം ഉണ്ടാകുന്നതുമില്ല. 30 സെക്കന്റ് എന്നത് കൃത്യമായി പാലിച്ചാല്‍ മാത്രം മതി. വിവിധ രോഗ-കീട ബാധകള്‍ ഒഴിവാക്കുന്നതിലൂടെ ചെടിയുടെ മേന്മയും ഉല്‍പാദനക്ഷമതയും വേരുകളുടെ വളര്‍ച്ചയും വര്‍ദ്ധിപ്പിക്കുന്നു. ഏതു ചെറുകിട കര്‍ഷകനും അധിക ചെലവൊന്നുമില്ലാതെ അനായാസം ഈ രീതി നടത്തുകയും ചെയ്യുന്നു.

തയ്യാറാക്കിയത്-
സുരേഷ് മുതുകുളം
കൃഷിജാഗരണ്‍ എഡിറ്റര്‍

കായീച്ചയെ തുരത്താനുള്ള മാര്‍ഗങ്ങള്‍


വെള്ളരി, പാവല്‍, പടവലം, മാവ് തുടങ്ങിയവയുടെ പ്രധാന ശത്രുവാണ് കായീച്ച. ചെടി കായ്ക്കാന്‍ തുടങ്ങിയാല്‍ പറന്നെത്തുന്ന കായീച്ചകള്‍ അടുക്കളത്തോട്ടത്തില്‍ വലിയ നാശം വരുത്തിവയ്ക്കും. കായീച്ചയുടെ ശല്യം സഹിക്കാനാവാതെ കൃഷി ഉപേക്ഷിച്ചവരും നിരവധിയാണ്. പെണ്ണീച്ചകള്‍ കായ്കളുടെ തൊലിക്കടിയില്‍ മുട്ടയിടും. 30 മണിക്കൂറിനുള്ളില്‍ വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ കായുടെ മാംസളമായ ഭാഗം തിന്നുകയും കായ്കള്‍ അധികം വയ്കാതെ അഴുകുകയും ചെയ്യും. കായീച്ചയെ തുരത്താനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാം.

രണ്ടു തരം കായീച്ചകള്‍


മാങ്ങ പുഴുക്കുന്നതിന് കാരണവും കായീച്ചയാണ്. എന്നാല്‍ പച്ചക്കറിയിലേയും മാവിലേയും കായീച്ചകള്‍ രണ്ട് ഇനങ്ങളാണ്, അതിനാല്‍ മാവിലെ കായീച്ചയെ നശിപ്പിക്കാന്‍ ഫിറമോണ്‍ കെണി ഉപയോഗിക്കുമ്പോള്‍ പച്ചക്കറിക്ക് ക്യൂലിയറും മാവിന് മീതയില്‍ യൂജിനോളും മാത്രം ഉപയോഗിക്കുക.

നിയന്ത്രണ മാര്‍ഗങ്ങള്‍


പേപ്പര്‍ കൊണ്ടോ പ്ലാസ്റ്റിക്ക് കവര്‍ കൊണ്ടോ കായ്ക്കള്‍ പൊതിയുക. അഴുകിയ കായ്കള്‍ തീയിട്ടോ വെയിലത്തുവച്ചോ അതിലുള്ള പുഴുക്കളെ നശിപ്പിക്കണം. പുഴുക്കള്‍ മണ്ണില്‍ വീണാല്‍ അഞ്ച് ദിവസം കൊണ്ട് കായീച്ചയായ് പുറത്ത് വരും.

ചിരട്ടക്കെണികള്‍


ചിരട്ടക്കെണിയാണ് കായീച്ചകളെ നശിപ്പിക്കാനുള്ള നല്ലൊരു മാര്‍ഗം. ഒരു പാളയന്‍ കോടന്‍ പഴവും 10 ഗ്രാം ശര്‍ക്കരപ്പൊടിയും കാല്‍ ടീസ്പ്പൂണ്‍ യീസ്റ്റും ഒരു നുള്ള് സെവിനും അല്ലെങ്കില്‍ കാര്‍ബോ സല്‍ഫാന്‍ ചേര്‍ത്ത് കുഴച്ച് 6 തടത്തിന് ഒന്നെന്ന കണക്കില്‍ ചെറിയ ഉറി കെട്ടി ചിരട്ടയില്‍തൂക്കുക. ആഴ്ച്ചതോറും ഈ വിഷം ചേര്‍ത്ത ഭക്ഷണം മാറ്റണം. തുളസിയില ഒരുപിടിയെടുത്ത് ചതച്ച് ഒരു നുള്ള് സെവിനും ചേര്‍ത്ത് ചിരട്ടകെണിയുണ്ടാക്കാം. കഞ്ഞിവെള്ളവും ശര്‍ക്കരയും ഒരു നുള്ള് സെവിനും ചേര്‍ത്താലും നല്ലതാണ്.


ഫെറമോണ്‍ കെണികള്‍


കായീച്ചകളെ ആകര്‍ഷിച്ച് കെണിയില്‍ വീഴ്ത്തുന്ന വിവിധയിനം ഫെറമോണ്‍ കെണികള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇത് പച്ചക്കറിത്തോട്ടത്തില്‍ വിവിധ സ്ഥലങ്ങളില്‍ തൂക്കിയിട്ടാല്‍ മതി. ഇതില്‍ കായിച്ചകള്‍ വീണ് നശിക്കും.


Saturday, December 15, 2018

വിളവ് വര്‍ധിപ്പിക്കാന്‍ അമൃതജലം...

എത്ര നന്നായി പരിപാലിച്ചാലും അടുക്കളത്തോട്ടത്തിലെ പച്ചക്കറികളില്‍ നിന്നു നല്ല വിളവ് ലഭിക്കുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ട്. വെണ്ട, വഴുതന, പച്ചമുളക് തുടങ്ങി സ്ഥിരം വിളകള്‍ മുരടിച്ചു നില്‍ക്കുന്ന പ്രശ്‌നം അഭിമുഖീകരിക്കുന്ന നിരവധി കര്‍ഷകരാണുള്ളത്. ഗ്രോബാഗിലെ മണ്ണില്‍ ചെടിയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ ബാക്റ്റീരിയകളുടെ സാന്നിധ്യം അത്യാവശ്യമാണ്. ഇവ വളര്‍ന്നു പെരുകാനുള്ള സാഹചര്യം നമ്മള്‍ സൃഷ്ടിച്ചു നല്‍കണം. ഇതിന് ഏറെ സഹായിക്കുന്ന മിശ്രിതമാണ് അമൃതജലം.

തയാറാക്കാന്‍
ആവശ്യമുള്ളവ

പച്ചച്ചാണകം, ഗോമൂത്രം, കറുത്ത ശര്‍ക്കര, വെള്ളം എന്നിവയാണ് അമൃതജലം തയാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍.

തയാറാക്കുന്ന വിധം

പ്ലാസ്റ്റിക് ഡ്രമ്മോ മണ്‍പാത്രമോ ഉപയോഗിച്ചായിരിക്കണം അമൃതജലം തയാറാക്കേണ്ടത്. ആദ്യം ശര്‍ക്കര നന്നായി പൊടിച്ച് കുറച്ച് വെള്ളത്തില്‍ കലക്കി അലിയിച്ചെടുക്കുക. ഇതിലേക്ക് ഗോമൂത്രം ചേര്‍ത്ത് നന്നായി ഇളക്കുക. പിന്നീട് പച്ചച്ചാണകവും വെള്ളവും ചേര്‍ത്ത് വീണ്ടും ഇളക്കി അടച്ചു സൂക്ഷിക്കുക. പ്ലാസ്റ്റിക് കവറോ തുണിയോ ഉപയോഗിച്ചാവണം പാത്രം അടക്കേണ്ടത്. ഇതു തണലില്‍ സൂക്ഷിച്ചുവെയ്ക്കാന്‍ ശ്രദ്ധിക്കണം. മൂന്നു ദിവസം കൊണ്ടു അമൃത ജലം ഏതാണ് റെഡിയാകും. ഈ ദിവസങ്ങളില്‍ ദിവസവും മൂന്നു നേരം മിശ്രിതം ഇളക്കണം.

ചെടികളില്‍ പ്രയോഗിക്കാം

നാലാം ദിവസം മുതല്‍ ഉപയോഗിച്ചു തുടങ്ങാം. ഒരു ലിറ്റര്‍ അമൃതജലത്തില്‍ 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ചെടികളുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക. ഗ്രോബാഗും തടവും നന്നായി നനയത്തക്ക വിധം വേണം ഒഴിക്കാന്‍. വൈകുന്നേരങ്ങളില്‍ വെയില്‍ പോയ ശേഷം വേണം അമൃതജലം പ്രയോഗിക്കാന്‍. വെയില്‍ തട്ടിയാല്‍ അണുക്കളുടെ പ്രവര്‍ത്തനം നിലയ്ക്കും. അമൃതജലം ഒഴിച്ച ശേഷം തടത്തില്‍ കരിയിലകള്‍ കൊണ്ടു പുതയിടുന്നതും നല്ലതാണ്.

കടപ്പാട്

ടെറസിന് മുകളിലെ കുരുമുളക് വളര്‍ത്തല്‍......

മനോഹരമായ പാക്കറ്റില്‍ ലഭിക്കുന്ന മുളക് പൊടിയുടെ ഉപയോഗം മലയാളിക്ക് സമ്മാനിച്ചത് നിരവധി രോഗങ്ങളാണ്. ചുവന്ന മുളകിനേക്കാള്‍ എത്രയോ ആരോഗ്യത്തിന് ഗുണകരമാണ് കുരുമുളക്. കേരളത്തിലെ കുരുമുളക് കറുത്ത പൊന്നെന്ന പേരില്‍ ലോക പ്രശസ്തവുമാണ്. നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് ടെറസില്‍ വളരെ എളുപ്പത്തില്‍ കുരുമുളക് വളര്‍ത്താം. ഇതിനു പറ്റിയ ഇനമാണ് കുറ്റിക്കുരുമുളക്. ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ കുറ്റിക്കുരുമുളക് നിഷ്പ്രയാസം കൃഷി ചെയ്യാം.

തൈ തയാറാക്കാം

വശങ്ങളിലേക്ക് വളരുന്ന ശാഖകളാണ് കുറ്റിക്കുരുമുളക് തൈകള്‍ തയാറാക്കാന്‍ ഉപയോഗിക്കുക. സെപ്തംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിലാണ് നടാന്‍പറ്റിയ സമയം. ശാഖകള്‍ നാലഞ്ച് മുട്ടുകള്‍ വീതം നീളമുള്ള കഷണങ്ങളായി മുറിക്കണം. അഗ്രഭാഗത്തുള്ള ഇലകള്‍ മുറിച്ചുമാറ്റുക. സാധാരണ കൃഷിചെയ്യുന്ന തണ്ടില്‍നിന്ന്വേരുകള്‍ പിടിച്ചുകിട്ടുന്നതിനെക്കാള്‍ അല്‍പ്പം സാവകാശം വേണ്ടി വരും വശങ്ങളിലുള്ള ശാഖകള്‍ക്ക് വേരുപിടിക്കാന്‍. ഇന്റോള്‍ ബ്യൂട്ടിക് ഏസിഡ് എന്ന ഹോര്‍മോണ്‍ 20 മി. ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ തണ്ടിന്റെ അടിഭാഗം അഥവാ വേരുപിടിക്കേണ്ട ഭാഗം മുക്കിവച്ചശേഷം നടുന്നത് വേരുപിടിക്കുന്നത് വേഗത്തിലാക്കാന്‍ സഹായിക്കും. മുറിച്ച് അധികം താമസിയാതെ നടാന്‍ ശ്രദ്ധിക്കണം.

കൃഷി രീതി

അത്യാവശ്യം വലുപ്പമുള്ള ഗ്രോബാഗോ, ചട്ടിയോ വേണം തൈ നടാന്‍ ഉപയോഗിക്കാന്‍. വെള്ളം വാര്‍ന്നുപോകാന്‍ ദ്വാരങ്ങള്‍ ഇവയുടെ അടിയിലിടണം. ഇതില്‍ 1:1:1 എന്ന അനുപാദത്തില്‍ മേല്‍മണ്ണ്, ഉണങ്ങിയ ചാണകം അഥവാ കമ്പോസ്റ്റ്, മണല്‍ എന്നിവ ചേര്‍ത്ത് കുഴച്ച പോട്ടിങ് മിശ്രിതം നിറയ്ക്കണം. മുകള്‍ഭാഗം രണ്ട് ഇഞ്ച് താഴ്ചവരത്തക്കവിധം നിറയ്ക്കുക. ഇതിലാണ് തൈ നടേണ്ടത്. നട്ടശേഷം ഏതാനും ദിവസം തണലില്‍ വയ്ക്കുക. 2 ഃ 2 മീറ്റര്‍ അകലത്തില്‍ നിരത്തിവയ്ക്കാം. കരിയിലകൊണ്ടോ മറ്റോ ചട്ടിക്കകത്ത് പുതയിടുന്നതും നല്ലതാണ്. എല്ലാ ദിവസവും നനയ്ക്കുക. വെള്ളം കെട്ടികിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

വളപ്രയോഗം

മാസത്തില്‍ ഒരുതവണവീതം ഉണക്കിപ്പൊടിച്ച ചാണകം, കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് എന്നിവ മാറിമാറി ഉപയോഗിക്കാം. ചാണകപ്പൊടിയില്‍ ‘െ്രെടക്കോഡര്‍മ’ എന്ന മിത്രകുമിളിന്റെ പാക്കറ്റ് വാങ്ങി വളവുമായി കലര്‍ത്തി പൂപ്പല്‍ വളര്‍ത്തിയെടുത്ത് ഉപയോഗിച്ചാല്‍ വാട്ടരോഗം തടയാം. സ്യൂഡൊമോണസ് ലായനിയോ ബോഡോമിശ്രിതമോ തളിക്കാം. കീടങ്ങളെ തടയാന്‍ മണ്ണില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കാം. വേപ്പധിഷ്ഠിത കീടനാശിനി തളിക്കാം. നട്ട് ഒരുവര്‍ഷം കഴിയുമ്പോള്‍ ചെടി കായ്ച്ചുതുടങ്ങും. രണ്ടാം വര്‍ഷംമുതല്‍ നല്ല വിളവുതരും. 500 ഗ്രാം മുതല്‍ ഒരുകിലോ ഗ്രാം കുരുമുളക് ഒരു ചെടിയില്‍ നിന്നു പ്രതീക്ഷിക്കാം.

Friday, December 14, 2018

പഞ്ചഗവ്യം

പശുവിൽ നിന്ന് ഉണ്ടാകുന്ന അഞ്ച് വസ്തുക്കൾ ആണ് പഞ്ചഗവ്യം.

പശുവിൽ നിന്ന് ലഭിക്കുന്ന മൂത്രം, ചാണകം, പാൽ, പാലിൽ നിന്ന് തൈര്, പിന്നെ നെയ്യ്;
ഈ അഞ്ച് വസ്തുക്കൾ കൊണ്ട് ശരിയായ അളവിൽ ചേർത്ത് ആണ് ഉണ്ടാക്കുന്നത്.ശരിയായ രീതിയിൽ ചേർത്ത പഞ്ചഗവ്യത്തിന് നല്ല രുചിയുണ്ടാകുമെങ്കിലും ഒരു തരത്തിലുള്ള ദുർഗ്ഗന്ധവും (പശുവിൻ ചാണകത്തിന്റെയും മൂത്രത്തിന്റെയും മണം) ഉണ്ടായിരിക്കില്ല. ഗവ്യം എന്നതിന്റെ അർത്ഥം പശുവിൽ നിന്ന് ഉണ്ടാകുന്നത് അഥവാ ഗോവിൽ നിന്ന് ഉണ്ടാകുന്നത് എന്നാകുന്നു.

ഒരു ലിറ്റർ പഞ്ചഗവ്യം നിർമ്മിക്കുന്നതിന് ആവശ്യമായ സാധനങ്ങൾ

ചാണകം = 500ഗ്രാം
നെയ്യ് = 100ഗ്രാം(നെയ്യിന് പകരമായി 500ഗ്രാം ഉഴുന്ന് കുതിർത്ത് അരച്ച് ഉപയോഗിക്കാം)
ഗോമൂത്രം = 200മില്ലി ലിറ്റർ
പാൽ = 100മില്ലി ലിറ്റർ
തൈര് = 100മില്ലി ലിറ്റർ

തയ്യാറാക്കുന്ന വിധം

ഒരു മൺകലത്തിൽ 500 ഗ്രാം ചാണകം 100 ഗ്രാം നെയ്യ് എന്നിവ ചേർത്ത് നന്നായി കൈ കൊണ്ട് ഇളക്കുക. കലത്തിന്റെ വായ്ഭാഗം കോട്ടൺ തുണികൊണ്ട് കെട്ടി മൺകലം തണലത്തോ നിഴലുള്ള സ്ഥലത്തോ നനയാതെ വയ്ക്കുക. 24 മണിക്കൂറിന് ശേഷം ഇതിലേക്ക് 200 മില്ലി ലിറ്റർ ഗോമൂത്രം ഒഴിച്ച് നന്നായി ഇളക്കി വീണ്ടും കെട്ടിവയ്ക്കുക. ഇതിനെ എല്ലാദിവസവും രാവിലേയും വൈകുന്നേരവും 50 പ്രാവശ്യം വീതം ഇടത്തോട്ടും വലത്തോട്ടും കമ്പ്‌ ഉപയോഗിച്ച് ഇളക്കുക.16-ാം ദിവസം ഇതിലേക്ക് 100മില്ലി പാൽ,100മില്ലി തൈര് എന്നിവ ചേർത്ത് നന്നായി ഇളക്കി 5 ദിവസം കൂടി വയ്ക്കുക. 21 ദിവസം കൊണ്ട് പഞ്ചഗവ്യം തയ്യാറാവും.
ഉപയോഗം

ആയുർവേദത്തിൽ പഞ്ചഗവ്യം ഒരു ഔഷധമായി ഉപയോഗിക്കുന്നുണ്ട്.

കാർഷിക രംഗത്ത മണ്ണ് പുനരുജ്ജീവിപ്പിക്കാനും,വിളകളുടെ വളർച്ച,വിളവ് ,ഉത്പന്നങ്ങളുടെ ഗുണമേന്മ,സൂക്ഷിപ്പുകാലം എന്നിവ കൂട്ടാനും രോഗപ്രതിരോധശേഷിക്കും ഇത് കാർഷിക രംഗത്ത് ഉപയോഗിക്കുന്നുണ്ട്. ഇതിൽ അസറ്റോബാക്ടർ,ഫോസഫോബാക്ടീരിയ,ന്യൂഡോമോണസ് എന്നീ ഗുണകരമായ ബാക്ടീരിയകളും, നൈട്രജൻ, പൊട്ടാസ്യം, ഫോസ്‌ഫറസ് എന്നിവയും കാണപ്പെടുന്നു.
നെല്ല്, തെങ്ങ്, വാഴ എന്നിവയ്ക്ക് പഞ്ചഗവ്യം പത്ത് മടങ്ങ് വെള്ളം ചേർത്ത് നേർപ്പിച്ചാണ് ഉപയോഗിക്കേണ്ടത്. നേർപ്പിച്ച പഞ്ചഗവ്യം നെല്ല് ഏക്കറൊന്നിന് 30 ലിറ്ററും തെങ്ങ് ഒന്നിന് ഒരു ലിറ്ററും വാഴ ഒന്നിന് 100 മില്ലി ലിറ്ററും എന്നതോതിലാണ് നൽകേണ്ടത്.

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...