Friday, August 31, 2018

വാഴകൃഷി അറിയേണ്ടതെല്ലാം.....

വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും.

വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം.

വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കു ചേര്‍ക്കുക. തുടര്‍ന്ന് വാഴ നട്ടാല്‍ നിമാ വിരയുടെ ഉപദ്രവം ഉണ്ടാവുകയില്ല.

വാഴ നടുന്ന കുഴിയില്‍ 25 ഗ്രാം ഫുറഡാന്‍ ഇട്ടാല്‍ മാണവണ്ടിന്റെ ഉപദ്രവം ഒഴിവാക്കാം.

വാഴക്കന്ന് നടുമ്പോള്‍ ആദ്യകാല വളര്‍ച്ചാവശ്യമായ പോഷകങ്ങള്‍ വാഴക്കന്നില്‍ നിന്നു തന്നെ ലഭിച്ചു കൊള്ളും.

ചുവട്ടിലേക്കു വണ്ണമുള്ള മുകളിലേക്ക് നേര്‍ത്ത് വാള്‍ മുന പോലെ കൂര്‍ത്ത ഇലകളോടു കൂടിയ സൂചിക്കന്നുകളാണ് നടാന്‍ ഉത്തമം.

നേത്ര വാഴക്കന്ന് ഇളക്കിയാല്‍ 15 - 20 ദിവസത്തിനുള്ളില്‍ നടണം.

മറ്റുള്ള വാഴക്കന്നുകള്‍ എല്ലാം 3- 4 ദിവസത്തിനുള്ളില്‍ നടണം.

ഏത്ത വാഴക്കന്ന് ഇളക്കിയ ശേഷം ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം.

അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാന്‍ ഏറ്റവും പറ്റിയത്.

വാഴക്കന്ന് നടുന്നതിനു മുമ്പ് വെള്ളത്തില്‍ താഴ്ത്തി വച്ചിരുന്നാല്‍ അതില്‍ പുഴുക്കളുണ്ടെങ്കില്‍ അവ ചത്തുകൊള്ളും.

വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും.

വാഴവിത്ത് നടുന്ന കുഴിയില്‍ കുറച്ച് ചാണകപ്പൊടി കൂടി ഇടുക. മണ്ടയടപ്പില്‍ നിന്നും വാഴ രക്ഷപ്പെടും.

വേപ്പിന്‍ പിണ്ണാക്ക് ചുവട്ടിലിട്ട് വാഴ നട്ടാല്‍ കരിക്കിന്‍ കേട് തടയാം. നട്ടതിന് ശേഷം രണ്ടു പ്രാവശ്യം കൂടി വേപ്പിന്‍ പിണ്ണാക്ക് ഇടണം.

ഓണത്തിന് ഏത്തവാഴ വെട്ടണമെങ്കില്‍ നടുന്ന സമയം ക്രമീകരിക്കുക. ഓണം വിട്ടേ ചിങ്ങം ആവൂ എങ്കില്‍ അത്തം ഞാറ്റുവേലയുടെ തുടക്കത്തില്‍ കന്ന് നടുക. ഓണം അവസാനമാണെങ്കില്‍ ചോതി ഞാറ്റുവേലയില്‍ നടുക.

വാഴ നടുമ്പോള്‍ കുഴിയില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുകയും വാഴയിലയുടെ കുരലില്‍ രണ്ടു മൂന്നു പ്രാവശ്യം അല്പം വേപ്പെണ്ണ ഒഴിച്ചു കൊടുക്കുകയും ചെയ്താല്‍ കുറുമ്പുരോഗം വരികയില്ല.

വാഴക്കുഴിയില്‍ ഇഞ്ചിപ്പുല്ലു വച്ച് വാഴക്കന്ന് നട്ടാല്‍ കീടശല്യം കുറയും.

വാഴയുടെ മാണപ്പുഴുക്കളെ നശിപ്പിക്കാന്‍ , പ്ലാസ്റ്റിക് ചാക്കുകള്‍ വെള്ളം നനച്ച് കുമ്മായപ്പൊടി തൂകി പിണ്ടിയില്‍ അധികം മുറുക്കാതെ കെട്ടിയുറപ്പിക്കുക. ഉണങ്ങിയ പോളകള്‍ മാറ്റിക്കളഞ്ഞതിന് ശേഷം വേണം ഇങ്ങനെ ചെയ്യാന്‍. ആക്രമണം തുടങ്ങുമ്പോള്‍ തന്നെ ചെയ്താല്‍ ഏറ്റവും ഫലം കിട്ടും.

കുരലപ്പ് വന്ന വാഴയുടെ കവിളില്‍ അഞ്ചു ഗ്രം വീതം വറുത്ത ഉലുവ വിതറുക ഭേദമാകും.

എല്ലായിനം വാഴയിലും ഉണ്ടാകുന്ന ചെല്ലി, പലവക കീടങ്ങള്‍ എന്നിവ ഒഴിഞ്ഞു പോകാന്‍ ഉണങ്ങിയ പോളകള്‍ പൊളിച്ചു മാറ്റി തീയിലിടുക. ഇവയിലാണ് കീടങ്ങള്‍ കൂടു വക്കുന്നത്.

വയല്‍ വരമ്പുകളില്‍ വാഴ നടുമ്പോള്‍ ഞണ്ടിന്റെ മാളത്തില്‍ നികക്കെ ചാണകവെള്ളം ഒഴിക്കുക. അവ ശ്വാസം മുട്ടി പുറത്ത് വരും. അപ്പോള്‍ പിടിച്ച് നശിപ്പിക്കാം.

വാഴ മുളച്ചു വരുമ്പോള്‍ രണ്ടാഴ്ചയിലൊരിക്കല്‍ മഞ്ഞുവെള്ളം തോരുന്നതിനുമുമ്പ് ഓരോ നുള്ള് ചാരം കൂമ്പിലും കവിളിലും ഇട്ടുകൊടുത്താല്‍ പുഴുക്കളുടെ ശല്യം ഒഴിവാകും.

കുഴികളില്‍ നേന്ത്ര വാഴ നട്ടതിനു ശേഷം കുഴിക്ക് ചുറ്റും തകര നട്ടുവളര്‍ത്തിയാല്‍ വാഴയെ ബാധിക്കുന്ന നിമാവിരകളെ നിയന്ത്രിക്കാം.

വാഴയ്ക്കിടയില്‍ പയര്‍ വിതക്കുന്നത് വളരെ പ്രയോജനപ്രദമായ കള നിവാരണമാര്‍ഗ്ഗമാണ് .

കുറുനാമ്പു രോഗം ഒഴിവാക്കാന്‍ വാഴ നടുന്ന സമയത്ത് 40 ഗ്രാം ഫുറഡാന്‍ ചുവട്ടിലും മൂന്നു മാസങ്ങള്‍ക്കു ശേഷം 20 ഗ്രാം ഫുറഡാന്‍ വീതം പോളകള്‍ക്കിടയിലും ഇടുക.

ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ക്ക് മാണപ്പുഴുവിന്റെ ഉപദ്രവം വളരെ കുറവായിരിക്കും.

ടിഷ്യൂ കള്‍ച്ചര്‍ വാഴകള്‍ക്ക് കുറുനാമ്പ് ഉണ്ടാകാനുള്ള സാധ്യതയും തീരെ കുറവാ‍ണ്.

നേന്ത്രവാഴ കുലക്കാന്‍ എടുക്കുന്ന കാലം നടാന്‍ ഉപയോഗിക്കുന്ന കന്നിന്റെ മൂപ്പിനെ ആശ്രയിച്ചാണ്. മൂപ്പു കുറഞ്ഞ ചെറിയ കന്നുകള്‍ നട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം മൂപ്പു കൂടിയവ നട്ടാല്‍ ‍ എല്ലാ വാഴകളും ഏതാ‍ണ്ട് ഒരേകാലത്ത് കുലക്കുന്നതാണ്.

വാഴക്കുലയുടെ നേരെ ചുവട്ടിലും , എതിര്‍വശത്തും ഉള്ള കന്നുകള്‍ നടാനുപയോഗിച്ചാല്‍ നല്ല വലിപ്പമുള്ള കുലകള്‍ കിട്ടും.

വാഴത്തോപ്പില്‍ വെയിലടി ഉള്ള ഇടങ്ങളില്‍ പോളിത്തീന്‍ ഷീറ്റുവിരിച്ചാല്‍ കളയുടെ വളര്‍ച്ച ഒഴിവാക്കാം.

ത്രികോണ രീതിയില്‍ നട്ടിട്ടുള്ള വാഴകള്‍ പരസ്പരം കയറു കൊണ്ടു കെട്ടിയാല്‍ കാറ്റു മൂലം മറിഞ്ഞു വീഴുന്നത് ഒഴിവാക്കാം.

വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല.

വാഴച്ചുണ്ട് പൂര്‍ണ്ണമായും വിരിഞ്ഞതിനു ശേഷം കുടപ്പന്‍ ഒടിച്ചു കളയുക. കായകള്‍ നല്ല പുഷ്ടിമയോടെ വളരുന്നു വേഗത്തില്‍ അവ മൂപ്പെത്തുന്നു.

നേന്ത്ര വാഴകള്‍ ഒരേ കാലത്ത് കുലക്കാനായി ഒരേ പ്രായമുള്ള കന്നുകള്‍ ഉപയോഗിക്കണം.

നേന്ത്രവാഴയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വളങ്ങള്‍ ഏതാണ്ട് ഒരേഇടവേളകളില്‍ ആറു പ്രാവശ്യമായി നല്‍കിയാല്‍ നല്ല വലിപ്പമുള്ള കുലകള്‍ ലഭിക്കും.

വാഴയുടെ കുറുനാമ്പ് രോഗത്തിന് തൈര് ഫലപ്രദമായ ഒരു പ്രതിവിധിയാണ്. കുറുനാമ്പ് പറ്റെ മുറിച്ചു കളഞ്ഞതിനു ശേഷം തൈര്‍ ഒഴിക്കുക. രോഗ ശമനം ഉണ്ടാകും.

കുറുനാമ്പു രോഗത്തിന് മറ്റൊരു പ്രതിവിധി കുറു നാമ്പു മുറിച്ചുകളഞ്ഞതിനു ശേഷം തലപ്പില്‍ ഗോ മൂത്രം ഒഴിക്കുക. ഏതാനും ദിവസങ്ങള്‍ ചികിത്സ ആവര്‍ത്തിക്കുക രോഗം മാറും.

നടുന്നതിനു മുമ്പ് വാഴക്കന്ന് ചാണക്കുഴമ്പില്‍ മുക്കി തണലില്‍ വച്ച് ഉണക്കിയെടുക്കുക. മാമപ്പുഴുവിന്റെ ആക്രമണം കുറയും.

വഴക്കൂമ്പും അവസാന പടലയും വെട്ടിക്കളയുക. മറ്റുള്ള പടലകള്‍ പുഷ്ടിയോടെ വളരും മെച്ചപ്പെട്ട തൂക്കവും കിട്ടും.

മുള്ളന്‍ പായല്‍ വാഴക്കൃഷിക്ക് വളരെ പറ്റിയ ഒരു ജൈവവളമാണ്.

വാഴകുലച്ച് പടല വിരിഞ്ഞ കഴിഞ്ഞ് കുടപ്പന്‍ ഒടിക്കുന്നതോടൊപ്പം ഉപ്പും ചാരവും യോജിപ്പിച്ച് ഒടിച്ച പാടില്‍ വച്ചു കെട്ടുക. കായ്കള്‍ക്ക് ദൃഢതയും മുഴുപ്പും കൂടും.

വാഴക്ക് അഞ്ചു മാസത്തിനു ശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവുകയില്ല

വാഴക്ക് കുല വന്നതിനു ശേഷം കുറച്ചു യൂറിയായും പൊട്ടാഷും വളമായി ചേര്‍ത്താല്‍ കായ്കള്‍ക്കു നല്ല പുഷ്ടിയും മാര്‍ക്കറ്റില്‍ നല്ല വിലയും ലഭിക്കും.

നേന്ത്രവാഴയില്‍ കുലക്കൂമ്പു വരെ കന്നുകള്‍ വളരാന്‍ അനുവദിക്കരുത് എങ്കില്‍ കുലയില്‍കായ്മേനി ആറു പടലയും ആകെ അമ്പതോ അറുപതോ കായ്കളും ഉണ്ടാകും.

കുന്നിന്റെ ചെരിവിന് എതിരായിട്ടാണ് വാഴയുടെ കുല വരിക. ചെരിവു ഭൂമിയില്‍ വാഴ കൃഷി ചെയ്യുമ്പോള്‍ കുല ഉയര്‍ന്ന ഭാഗത്തു കിട്ടാന്‍ കുന്നിന്റെ ചെരിവ് താഴേക്ക് ആക്കണം

ഇലുമ്പന്‍ ( ചിലുമ്പി) പുളിയുടെ ഒരു പിടി ഇല കൂടി ഇട്ട് വാഴക്കുല വെച്ചാല്‍ വേഗം പഴുത്തു കിട്ടും.

വാഴക്കായ് വേഗം പഴുക്കുന്നതിന് കുലയ്ക്കൊപ്പം കൂനന്‍ പാലയുടെ ഇല കൂടെ വയ്ക്കുക.

വാഴക്കുലയുടെ കാളമുണ്ടനില്‍ ഉപ്പുകല്ലുവച്ചാല്‍ എല്ലാ കായും ഒന്നിച്ചു പഴുക്കും.

വാഴക്കുല വേഗം പഴുക്കാന്‍ തടിപ്പെട്ടിയില്‍ കുല വച്ച് സാമ്പ്രാണിയും കത്തിച്ചുവച്ച് അടക്കുക ഗ്രാന്റ് നെയിന്‍ വാഴക്കുല പഴുത്തതിനു ശേഷം മുപ്പതു ദിവസം വരെ കേടു കൂടാതെ ഇരിക്കും

ഒരു തവണ ചീരക്കൃഷി ചെയ്ത ശേഷം വാഴക്കൃഷി നടത്തിയാല്‍ വാഴക്ക് കരുത്തും കുലക്ക് തൂക്കവും കൂടും.

നേന്ത്രവാഴയും മരച്ചീനിയും ചേര്‍ന്ന സമ്മിശ്ര കൃഷി വളരെ ആദായകരമാണ്.

വാഴക്കിടയില്‍ കാച്ചില്‍ വളര്‍ത്തിയാല്‍ വാഴ തന്നെ താങ്ങു മരമായി ഉപയോഗിക്കാം. പാളയന്‍ തോടന്‍ തുടര്‍കൃഷിയില്‍ ഒരു മൂട്ടില്‍ രണ്ടു കന്നുകള്‍‍ നിര്‍ത്താം.

ഞാലിപ്പൂവന്‍, കൊടപ്പനില്ലാക്കുന്നന്‍, കര്‍പ്പൂരവള്ളി, കാഞ്ചികേല, തുടങ്ങിയ വാഴയിനങ്ങള്‍ക്ക് ഒരു വലിയ പരിധി വരെ കുറുനാമ്പ് പ്രതിരോധ ശക്തി ഉണ്ട്.

വാഴപ്പഴങ്ങളുടെ കൂട്ടത്തില്‍ രക്തകദളി ഇനത്തിനാണ് പഞ്ചസാരയുടെ അളവ് ഏറ്റവും കൂടുതലുള്ളത്.

വാഴ നട്ടു കഴിഞ്ഞാല്‍ രണ്ടാം മാസത്തിലും നാലാം മാസത്തിലും വളം ചെയ്യണം പിന്നീട് വളപ്രയോഗം ആവശ്യമില്ല.

താഴെ വെള്ളവും മുകളില്‍ തീയും ഉണ്ടെങ്കില്‍ മാത്രമേ നല്ല വാഴക്കുലകള്‍ ലഭിക്കു.

Wednesday, August 15, 2018

വാഴകൃഷിയിൽ ശ്രദ്ധിക്കേണ്ടത്

വാഴയുടെ ഇലകളിൽ മഞ്ഞളിപ്പ് അരികുകളിൽ നിന്ന് തുടങ്ങി അകത്തേക്ക് വ്യാപിക്കുകയും അരികുകൾ കരിഞ്ഞു തുടങ്ങിയുട്ടുമുണ്ടെങ്കിൽ പൊട്ടാഷിന്റെ അഭാവ ലക്ഷണമാണെന്ന് ഉറപ്പിക്കാം. ക്രമേണ ഇല ഉണങ്ങി വാഴക്കൈ ഒടിഞ്ഞ് പ്രായമെത്തുന്നതിനു മുമ്പ് തന്നെ നശിച്ചുപോകും. പൊട്ടാഷിന്റെ ഇല്ലായ്മ പരിഹരിക്കുന്നതിനായി നട്ട്   ഒരു മാസം മുതൽ 100 ഗ്രാം പൊട്ടാഷ് ഒരു മാസത്തെ ഇടവേളകളിൽ 5 തവണയായി നൽകുന്നതാണ് പരിഹാരക്രിയ.

വാഴയുടെ കൂമ്പില വിരിയാൻ താമസിക്കുകയും വെള്ളത്തിരയായി നിൽക്കുന്നുണ്ടെങ്കിൽ ബോറോൺ അത്യാവശ്യമാണെന്ന് മനസിലാക്കണം. ഇലകൾ ചുരുണ്ട് വികൃതമായി തീരുന്നതും അറ്റം തവിട്ടുനിറമായി കരിഞ്ഞ് ഒടിഞ്ഞു പോകുന്നതും വളർച്ച നിന്നു പോകുന്നതുമെല്ലാം ബോറോണില്ലാത്തതിന്റെ സൂച നകളാണ്. വാഴയൊന്നിന് 10 ഗ്രാം ബോറാക്സ് നടുമ്പോൾ തന്നെ നൽകുന്നതും 3 ഗ്രാം ബോറാക്സ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കുന്നതും ബോറോണില്ലായ്മയ്ക്കുള്ള പ്രതിവിധിയാണ്.

വാഴക്കൃഷിയിലെ പ്രധാന പ്രശ്നമാണ് തടതുരപ്പൻ പുഴു. മൂന്നരമാസം പ്രായമായ വാഴകളിലാണ് തടതുരപ്പന്റെ ശല്യം ആദ്യം കാണുന്നത്. വാഴത്തടയിലുളള ദ്വാരങ്ങളിലൂടെ നിറമില്ലാത്ത ജെല്ലി പോലുളള ദ്രാവകം ഊറിവരും. വാഴത്തടയ്ക്കകത്ത് പുഴുക്കളും വണ്ടുകളും സുഖവാസത്തിലായിരിക്കും. വാഴക്കൈകൾ ഒടിഞ്ഞു തൂങ്ങുന്നതും വാഴത്തട പൊട്ടി കുലകൾ പാകമാകാതെ ഒടിഞ്ഞുപോകുന്നതുമെല്ലാം തടതുരപ്പൻ പുഴുവിന്റെ ആക്രമണ ലക്ഷണങ്ങളാണ്. ഉണങ്ങി തൂങ്ങുന്ന ഇലകൾ മുറിച്ചുമാറ്റുന്നതും വാഴത്തടയിൽ ചെളി തേച്ചുകൊടുക്കുന്നതും പ്രതിരോധമാർഗ്ഗങ്ങളാണ്. കുല കൊത്തിയ വാഴയുടെ തട അരമീറ്റർ നീളത്തിൽ മുറിച്ചെടുക്കുക. വാഴത്തട നെറുകെ കീറി ബ്യുവേറിയ തേച്ച് കെണിയൊരുക്കണം.   50 സെന്റ് വാഴകൃഷിക്ക് 20 എണ്ണം എന്ന തോതിലാണ് കെണി വെക്കേണ്ടത്. 20 ഗ്രാം ബ്യുവേറിയ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അഞ്ചാം മാസം മുതൽ ഏഴാം മാസം വരെ വാഴത്തടയിൽ തളിച്ചു കൊടുക്കുന്നതും ഗുണം ചെയ്യും. തിരുവന്തപുരം കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയ ന• 5 മില്ലി 100 മില്ലി ലിറ്റർ വെളളത്തിൽ കലക്കി പുറത്തേ നാല് വാഴക്കൈകളിൽ ഒഴിച്ചു കൊടുക്കുന്നത് തടതുരപ്പൻ പുഴുവിനെ തുരത്താനുളള ഫലപ്രദമായ മാർഗം.

കൂമ്പിലയ്ക്ക് വിടരാൻ കഴിയാതെ മുറുകി കൂമ്പടഞ്ഞ് പോകുന്നുണ്ടെങ്കിൽ,ശ്രദ്ധിക്കുക മാണവണ്ടിന്റെ ആക്രമണം രൂക്ഷമായതിന്റെ ലക്ഷണമാണ്. മാണവണ്ടിന്റെ പുഴുക്കൾ മാണം തുരന്നു തിന്ന് മാണത്തിനുള്ളിൽ നിരവധി ചാലുകൾ ഉണ്ടാക്കുന്നു. മാണവും.

Monday, August 13, 2018

*_മുട്ടത്തോട് പച്ചക്കറി കൃഷിയിൽ ഉപയോഗിക്കാമോ?_*


അടുക്കള മാലിന്യത്തോടൊപ്പം നശിപ്പിക്കുന്ന മുട്ടത്തോട് മികച്ചൊരു ജൈവവളവും കീടനാശിനിയുമാണ്. കറിവേപ്പിന് കൂടുതല്‍ തളിരിലകള്‍ വരാനും ഒച്ചുകളെയും ഓടിക്കാനും മണ്ണില്‍ കാല്‍സ്യത്തിന്റെ അളവ് വര്‍ധിപ്പിക്കാനും മുട്ടത്തോട് സഹായിക്കും.

*കാല്‍സ്യത്തിന്റെ കൂടാരം*
കാത്സ്യം കാര്‍ബണേറ്റ് ധാരാളം മുട്ടത്തോടില്‍ അടങ്ങിയിട്ടുണ്ട്. തോടില്‍ 97 ശതമാനവും ഇതു തന്നെയാണ്. ഫോസ്ഫറസ്, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം പോലുള്ള ധാതുക്കളും മുട്ടത്തോടിലുണ്ട്.

*വളമാക്കാം*
കറിവേപ്പിന് ഏറ്റവും മികച്ച വളമാണ് മുട്ടത്തോട്. മുട്ടത്തോട് പൊടിച്ച് ഇടയ്ക്കിടയ്ക്ക് തടത്തിലിട്ടു കൊടുത്താല്‍ നല്ല തളിരിലകള്‍ ഉണ്ടാകും. മുളക് ഇനങ്ങളും വഴുതനയും കായ്ക്കല്‍ നിര്‍ത്തിയാല്‍ ചെടിയുടെ ശിഖിരങ്ങള്‍ മുറിച്ച് നിലനിര്‍ത്തുന്ന പതിവ് നമുക്കുണ്ട്. ഇങ്ങനെ ചെയ്ത ശേഷം മുട്ടത്തോട് പൊടി രണ്ടോ മൂന്നോ സ്പൂണ്‍ ഇട്ടു കൊടുക്കുക. വീണ്ടും ചെടികള്‍ക്ക് നല്ല വളര്‍ച്ച ലഭിക്കാന്‍ ഇതു സഹായിക്കും. നല്ല കായ്ഫലവും ലഭിക്കും. വളരെ പതുക്കെമാത്രമേ മുട്ടത്തോട് മണ്ണിലേക്ക് കാത്സ്യത്തിനെ ലഭ്യത ഉറപ്പുവരുത്തൂ. ചെടികളുടെ വളര്‍ച്ചയ്ക്കും ഇതു തന്നെയാണ് ആവശ്യം. ഗ്രോ ബാഗ് നിറയ്ക്കുമ്പോള്‍ മുട്ടത്തോടിന്റെ പൊടി ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ ചേര്‍ക്കുന്നത് നല്ലതാണ് .

*ഓടിക്കാം, ഒച്ചുകളെയും വണ്ടുകളെയും*

ഗ്രോബാഗില്‍ അടുക്കളത്തോട്ടവും ടെറസ് കൃഷിയും ചെയ്യുന്നവരുടെ പ്രധാന ശത്രുക്കളാണ് ഒച്ചുകളും വണ്ടുകളും. ഇലകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഇവ ചെടിയെ മൊത്തതില്‍ നശിപ്പിച്ചേ പിന്മാറൂ. നന്നായി ഉണക്കിയ മുട്ടത്തോട് പൊടിച്ചെടുത്ത് ഇലകളിലും കായ്കളിലും വിതറിയാല്‍ ഇവയെ ഓടിക്കാം. ചെടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വണ്ടുകളുടെയും ഒച്ചുകളുടെയും ദേഹത്ത് പൊടി വിതറുക. ഇവ വേഗം തന്നെ സ്ഥലം വിടും. മുട്ടത്തോട് പൊടി ഗ്ലാസ് ചീളുപോലെ ഇവയുടെ ദേഹത്ത് മുറിവുണ്ടാക്കും. ഗ്രോബാഗിന്റെ തടത്തില്‍ കിടക്കുന്ന ഒച്ചുകളെയും ഇങ്ങനെ നശിപ്പിക്കാം.
(കടപ്പാട് - ജിനേഷ് )

Sunday, August 12, 2018

അമൃതപാനി

ജൈവകൃഷിയിൽ സസ്യങ്ങളുടെ വളർച്ചാ ത്വ രകമായി യും കിടനാശിനിയിയായും സ്റ്റാർട്ടർ - അമൃതപാനി ഉപയോഗിക്കാം                           ഒരു കീലോ പച്ച ചാണകം 10 ലിറ്റർ വെള്ളത്തിൽ കലക്കി അതിൽ ഒരു ലിറ്റർ ഗോമൂത്രവും ചേർത്ത് അതിലേയ്ക്ക് 250 ഗ്രാം ശർക്കര ചേർത്ത് നന്നായി ഇളക്കി ഒരു ദിവസം വെക്കുക( 10 ഗ്രാം വിതം നെയ്യും തേനും ചേർക്കാം.) ഇതിൽ നിന്ന് ഒരു ലിറ്റർ എടുത്ത് 10 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളുടെ ഇലകളിൽ തളിക്കുകയോ ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയോ ചെയ്യുക ഇത് കൃഷിയുടെ ആരംഭമുതലെ ചെയ്യുകയാണെങ്കിൽ നല്ല വിളവ് പ്രതിക്ഷിക്കാം'

Saturday, August 4, 2018

അടുക്കളത്തോട്ടത്തിലെ 'എലിയും പാമ്പും' പിന്നെ പുതിനയിലയും മണ്ണെണ്ണയും.

അടുക്കളത്തോട്ടത്തിലെ 'എലിയും പാമ്പും'
പിന്നെ പുതിനയിലയും മണ്ണെണ്ണയും.
     Easy tips for our garden

" എലിയെ തോൽപ്പിച്ച് ഇല്ലം ചുടരുത് എന്ന്പറഞ്ഞതുപോലെ പാമ്പിനെ പേടിച്ച് അടുക്കളതോട്ടം ഉപേക്ഷിക്കരുത് "

എലി എന്ന് കേട്ടാൽ അറപ്പും പാമ്പെന്ന് കേട്ടാല്‍ ഭയവും  അതുകൊണ്ട്തന്നെ പലരും അടൂക്കളതോട്ടങ്ങൾ വെച്ച്പിടിപ്പിക്കുന്നതിൽനിന്നും പിന്നോട്ട് പോവുകയും ഇനി അടുക്കളതോട്ടം
വെച്ച് പിടിപ്പിച്ചാല്‍ തന്നെ  രാത്രി കാലങ്ങളിലോ പുലരിക്ക്മുമ്പോ പുറത്തിറങ്ങാൻ ഭയവും .
പാമ്പിനെ പോലെ ഭയപ്പെടുത്തുന്ന ഒരു ജീവിയാണ് എലി.  ഇവ വിളകൾ നശിപ്പിക്കുക മാത്രമല്ല മാരകരോഗങ്ങൾപരത്തുകയും ചെയ്യുന്നു. ടൈഫസ് , എലിപ്പനി,  പേവിഷം (രബീസ്) , ട്രൈക്കിനോസിസ്, പ്ലേഗ്. എലി കടിക്കുന്നതു മൂലം മനുഷ്യരിൽ റാറ്റ്-ബൈറ്റ് ഫീവർ എന്ന ഒരു രോഗം ഉണ്ടാവാറുണ്ട്.

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാമ്പിനേയും എലിയേയും നമ്മുടെ പരിസരങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താം.

മുറ്റവും പരിസരവും വൃത്തിയായി സൂക്ഷിക്കുക
ചപ്പുചവറുകള്‍  കൂട്ടിയിടാതിരിക്കൂക. പാമ്പിനോ എലിക്കോ വസിക്കുവാനുള്ള സാഹചര്യം വീടിനു സമീപത്ത് ഉണ്ടാകാതിരിക്കുകയാണ് പ്രധാനം.  കരിയില, മരക്കഷ്ണം, തൊണ്ട്, പൊട്ടിയ  പ്‌ളാസ്റ്റിക്ക് ഉത്പന്നങ്ങള്‍,വൈക്കോല്‍ തുടങ്ങി പാമ്പിന് കയറി ഇരിക്കാന്‍ കഴിയുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യുക. കരിങ്കല്ലോ ഇഷ്ടികയോ ഹോളോബ്റിക്സോ കൂട്ടിയിടാൻപാടില്ല. ചുമരിലോ ഫൗണ്ടേഷനിലോ ബയ്സ്മെന്റിലോ മതിലിലോ പടവുകളിലോ മരങ്ങളിലോ   ചെടികളുടെ ചുവട്ടിലോ കാണപ്പെടുന്ന പൊത്തുകള്‍   അടയ്ക്കുക .ആവശ്യമില്ലാത്ത ചെടികളോ കളകളോ പറിച്ചുകളയൂക .ചെടികൾ കാടുപിടിച്ച് നിർത്താതെ വെട്ടിയൊതുക്കി നിർത്തുക. എലിയെ ആകർഷിക്കുന്നത് ഭക്ഷണാവിശിഷ്ടവും എണ്ണമയവുമാണെങ്കിൽ പാമ്പിനെ കൂടുതൽ ആകർഷികാകുന്നത് ജലസാനിത്ത്യമാണ് .
അടൂക്കളയിലോ വീടിനകത്തോ പുറത്തോ എണ്ണ വീണാൽ തുടച്ചുകളയുകയും കഴുകുകയൂം ചെയ്യൂക ഭക്ഷണാവിശിഷ്ടങ്ങൾ വലിച്ചെറിയാതെ  അടച്ചുവെയ്ക്കുക. ഭക്ഷണ സാധനങ്ങൾ അടച്ചു വെക്കുക. ഭക്ഷണത്തിന് ഉപയോഗിച്ച പാത്രങ്ങള്‍ കഴുകി കമഴ്ത്തി സൂക്ഷിക്കുകയോ ഷെൽഫിൽ അടച്ച് വെക്കുകയോ ചെയ്യുക . അതുപോലെ വീട്ടുവളപ്പിൽ വെള്ളം കെട്ടികിടാക്കാതെ സൂക്ഷിക്കുക. പാമ്പിനെ ഉപദ്രവിക്കുകയോ ശല്യം ചെയ്യുമ്പോഴുംഉപദ്രവിക്കും എന്ന തോന്നൽ അതിന് ഉണ്ടാവുമ്പോഴോ മാത്രമെ പാമ്പ് കടിക്കാറുള്ളു. എന്നാൽ എലിയുടെ ആക്രമണത്താലും അതിന്റെ വിസർജ്ജ്യത്താലും രോഗങ്ങൾ പടരുന്നു (മൂത്രം, കാഷ്ട്ടം, ഉമിനീര്, ചെള്ള്)

പുതിനയുടെ മണം എലിയെ അകറ്റും അതുകൊണ്ട് അടുക്കളതോട്ടത്തിലും വീട്ടുവളപ്പിലൂം പുതിനച്ചെടി വെച്ച്പിടിപ്പിക്കുന്നത്  നല്ലതാണ്. പുതിനയില വെള്ളം ചേർത്ത് മിക്സിയിലിട്ട് അടിച്ച് വീടിനുള്ളിലും പുറത്തും തളിക്കുന്നത് എലിയെ അകറ്റുന്നതിന്   ഉചിതമാണ്. പുതിന തൈലം ഉപരോഗിച്ചും എലിയെ അകറ്റാം. പച്ചക്കറികളുടെ കൂടെയും ഭക്ഷണ സാധനങ്ങളുടെ കൂടെയും പുതിനയില വെക്കുന്നത് എലിയെ അകറ്റാൻ സഹായിക്കും.  എലിയെ അകറ്റിയാൽ തന്നെ പാമ്പിന്റെ  ശല്യം കുറയും.
പാമ്പിനെ വീട്ടിൽനിന്നും പരിസരത്ത്നിന്നും അകറ്റുന്നതിന് മുരിങ്ങ ചെടി വെച്ചുപിടിപ്പിയ്ക്കുന്നത് വളരെ നല്ലതാണ്. മാസത്തിൽ‍ ഒരിക്കല്‍ മുരിങ്ങയില അരച്ച് വെള്ളത്തില്‍ കലക്കി നാൽപ്പത് ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കുന്നത് ചെടിവളർച്ചയ്ക് ആക്കം കൂട്ടുകയും പാമ്പിന്റെ സാനിധ്യം കുറയുകയുംചെയ്യും.

      വെളുത്തുള്ളി വെളുത്തുള്ളി വെള്ളം ചേര്‍ത്ത് അരച്ച് വീടിനുള്ളിലും പുറത്തും തളിക്കുന്നതൂം ഇതേപോലെ പാൽക്കായം തളിക്കുന്നതും  പാമ്പുകളെ അകറ്റിനിർത്തുമെന്ന് പ്റായമുള്ളവർ പറയുന്നു.
മണ്ണെണ്ണപ്പ്റയോഗമാണ്  പാമ്പൂകളെ അകറ്റുന്നതിന് ഏറ്റവും നല്ല മാർഗ്ഗം .മണ്ണെണ്ണ വെള്ളം ചേർത്ത് വീടിന്റെ പരിസരങ്ങളില്‍ തളിക്കുന്നതും  ചിരട്ടയിലോ ചെറിയ പാത്റങ്ങളിലോ മണ്ണ് നിറച്ച് അതിൽ മണ്ണെണ്ണ വെള്ളം ചേർത്ത് ഒഴിച്ച്  ചെടികൾക്കിടയിലും പാമ്പ് കയറിവരാൻ സാധ്യതയുള്ള സ്ഥലങ്ങളിലും വെയ്ക്കുന്നതും പാമ്പുകളെ അകറ്റാൻ സഹായിക്കും. അതുപോലെ മണ്ണെണ്ണ വെള്ളം ചേർത്ത് തുണി കിഴിയിൽ കെട്ടി വള്ളിചെടികളിലും വള്ളിചെടികളുടെ പന്തലിലും കെട്ടിതൂക്കുന്നതും പച്ചോലപാമ്പുകളേയും അകറ്റാൻ സഹായിക്കും.
തെളിച്ചമുള്ള  (കളർ ഇല്ലാത്ത )കുപ്പികളിൽ തെളിച്ചമാർന്ന നീല ദ്രാവകം നിറച്ച് വീട്ട് വളപ്പിലും വീടിനുള്ളിലും അടുക്കളത്തോട്ടത്തിലും പാമ്പ് കടന്നുവരാൻ സാത്ത്യത ഉള്ള സ്ഥലങ്ങളിൽ വെച്ചാൽ പാമ്പ് വീട്ടിലോ പുരയിടത്തിലോ കടക്കില്ല . ഈ നില നിറത്തിലുള്ള ദ്രാവകത്തിൽനിന്നും ഉണ്ടാകുന്ന  പ്രകാശരശ്മികൾ പാമ്പുകളെ ഭയപ്പെടുത്തുമെന്നും  അവ പിൻതിരിഞ്ഞ് പോകും.

      വളർത്ത്മൃഗങ്ങളെടേയും പക്ഷികളുടേയും അവശിഷ്ട്ടങ്ങള്‍ എലിയേയും പാമ്പിനെയും ആകർഷിക്കും അതുകൊണ്ട് കൂടും തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

എയർ ഹോൾ , വെന്റിലേറ്റർ,എക്സോസ്ഫാൻ , ഡ്റൈനേജ് ഹോൾ എന്നിവ നെറ്റ് ഉപയോഗിച്ച് കവർ ചെയുന്നത് ഉചിതമായിരിക്കും. രാത്രി ഉറങ്ങുന്നതിനുമുമ്പ് വാതിലും ജനലുകളും അടച്ചെന്ന് ഉറപ്പ് വരുത്തണം. വാതിലിനടിവശം തറയുമായി വലിയ ഗ്യാപ്പ് ഉണ്ടാകാൻ പാടില്ല.
പണ്ടുമുതലെ എലിയെപിടിക്കുന്നതിന് പലതരം കെണികൾ ഉപയോഗിച്ചുവരുന്നുണ്ട്  എലിപ്പെട്ടി ,സ്പ്രിംഗ് കെണി, പശ കെണി  മുതലായവ.  മറ്റ് പലതരത്തിലുള്ള കെണികളൂം  നമുക്ക് ഉണ്ടാക്കാവുന്നതാണ്.  പാമ്പിനെ പിടിക്കുന്നതിനും കെണികൾ ഉണ്ടാക്കാവുന്നതാണ്.
എലിവിഷം വെച്ച് എലിയെ കൊല്ലാം പക്ഷെ കൊച്ച് കുട്ടികളേയും കോഴി,താറാവ്, പട്ടി, പൂച്ച  മറ്റ് വളർത്ത് മൃഗങ്ങളെ നമ്മൾ ശ്രദ്ധിക്കണം.
പൂച്ചയെ വളർത്തുന്നത് എലിയെ പിടിക്കുവാൻ  സഹായകമാണ്. പട്ടിയെവളർത്തിയാൽ പാമ്പിനേയും .
ഒരു കാരണവശാലും ഇലക്ട്രിക് കെണി ഉപയോഗിക്കരുത്. 
മുകളിൽ പറഞ്ഞ  എല്ലാം ഒരുപക്ഷേ സാധിച്ചെന്ന് വരില്ല എങ്കിലും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക പുതിന ചെടിയും മുരിങ്ങ ചെടിയും നട്ടു പിടിപ്പിക്കുക. മണ്ണെണ്ണ വെള്ളം ചേർത്ത് വീടിന്റെ പരിസരങ്ങളില്‍ തളിക്കുക. വേണമെങ്കിൽ നീല മഷി വെള്ളത്തില്‍ കലക്കി ബോട്ടിലിൽ നിറച്ച് വീടിനുള്ളിലും പുറത്തും തോട്ടത്തിലും വെച്ച് പരീക്ഷിക്കുക.



Wednesday, August 1, 2018

കുരുമുളകിലെ ദ്രുതവാട്ടം

കുരുമുളകിലെ ദ്രുതവാട്ടംമാറാൻ ദ്രുതവാട്ടംബാധിച്ച കുരുമുളക്കൊടികളുടെ ചുവട്ടിൽ.കൂവഅരച്ചുകിട്ടുന്നവെള്ളം ഒഴിക്കുന്നത് ദ്രുതവാട്ടത്തെ ചെറുക്കാൻ നല്ലതാണ്.കുറേനാൾ ഇത് തുടർന്നാൽ കേടുവന്നവള്ളികൾ അല്ലാത്തവ നന്നായി കിളിർക്കും.ഒക്ടോബർ,നവംമ്പർ മാസങ്ങളിൽ കൂവ ഊറൽവെള്ളം കുരുമുളക്കൊടിക്ക് 2ലിറ്റർവീതം ഒഴിച്ചുകൊടുക്കുന്നത് ദ്രുതവാട്ടം ബാധിക്കാതെ കുരുമുളക് കൊടികളെ സംരക്ഷിക്കും

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...