Sunday, November 25, 2018

വെണ്ടകളില്‍ കേമന്‍ ആനക്കൊമ്പന്‍

നിരവധി വിഭവങ്ങള്‍ തയാറാക്കാന്‍ നാം ഉപയോഗിക്കുന്ന പച്ചക്കറിയാണ് വെണ്ട. വിറ്റാമിന്‍ എ,സി,കെ, കോപ്പര്‍, കാത്സ്യം എന്നിവ ധാരാളമായി വെണ്ടയില്‍ അടങ്ങിട്ടുണ്ട്. വെണ്ടയിലെ കൊഴുപ്പ് മനുഷ്യ ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കും. നാടന്‍, ഹൈബ്രിഡ് ഇനങ്ങളിലായി ധാരാളം ഇനങ്ങളുണ്ടെങ്കിലും രുചിയിലും ഗുണത്തിലും കൂടുതല്‍ വിളവ് തരുന്ന കാര്യത്തിലും ആനക്കൊമ്പന്‍ മുന്നിലാണ്.


കൃഷിരീതിയും പരിചരണവും


തടം ജൈവസമ്പുഷ്ടമാക്കി വെണ്ടക്കൃഷി ചെയ്താല്‍ മികച്ച വിളവ് ലഭിക്കും. വലിയ ചെടിയായി വളരുന്ന ഇനമായതുകൊണ്ടു തന്നെ വലിയ തടമെടുത്ത് വേണം ആനക്കൊമ്പന്‍ വെണ്ട നടാന്‍. തൈയാകുമ്പോള്‍ മുതല്‍ കൊടുക്കുന്ന വളവും പരിരക്ഷയുമാണ് ഒരു ചെടിയില്‍ നിന്നു ലഭിക്കുന്ന വിളവിനാധാരം.

തടം ജൈവസംമ്പുഷ്ടമാക്കാം

മുന്നടി സമചതുരത്തില്‍ കുഴികളെടുത്ത് കല്ല്, മുട്ടി എന്നിവ ഒഴിവാക്കി ഉണങ്ങിയ കരിയില, പൊടിഞ്ഞ കോഴിക്കാഷ്ടം അല്ലെങ്കില്‍ കാലിവളം, തടം ഒന്നിന് 200 ഗ്രാം എല്ല് പൊടി എന്നിവ നന്നായി കൂട്ടി കലര്‍ത്തി കുഴി മൂടുക. കമ്പോസ്റ്റിങ്ങ് പ്രവര്‍ത്തനം വേഗത്തിലാക്കാനും തടത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും ഒന്നു രണ്ടു തവണ നനച്ച് കൊടുക്കണം. തുടര്‍ന്ന് തടം 25-30 ദിവസം വെറുതെ ഇടണം. ഈ ദിവസങ്ങള്‍ കൊണ്ട് തടം ഉണങ്ങിയ കരിയിലകളും കോഴിക്കാഷ്ടം/ കാലി വളം മണ്ണുമായി പ്രവര്‍ത്തിച്ച് അത്യാവശ്യം ജൈവാംശമുള്ള മണ്ണായിട്ടുണ്ടാവും. ഇങ്ങനെ തയ്യാറാക്കിയ തടത്തില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ത്ത് ഒന്നു കൂട്ടിയിളക്കി വെണ്ട വിത്ത് നടാം. അല്ലെങ്കില്‍ മുന്‍കൂട്ടി പോളിത്തീന്‍ കവറുകളില്‍ പാകി വളര്‍ത്തിയ തൈകള്‍ വേരിന് ക്ഷതം പറ്റാതെ നടുകയോ ചെയ്യാം. വെണ്ട പറിച്ച് നടുന്ന ഇനമല്ലാത്തതു കൊണ്ട് തന്നെ കവറില്‍ പാകിയ തൈകള്‍ രണ്ടില പ്രായമാകുമ്പോള്‍തന്നെ വേരുകള്‍ക്ക് കോട്ടം തട്ടാതെ തടത്തില്‍ നടണം.

തൈകള്‍ നടുന്ന രീതി

മഞ്ഞു കാലത്തും വേനല്‍ക്കാലത്തുമാണ് വെണ്ട നടുന്നതെങ്കില്‍ തടങ്ങള്‍ അല്‍പ്പം താഴ്ത്തി വേണം നടാന്‍. പിന്നീട് ചെടിയുടെ വളര്‍ച്ച അനുസരിച്ച് പച്ചില കമ്പോസ്റ്റും ജൈവ വളങ്ങളും കൊടുത്തത് തടങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുന്നതാണ് നല്ലത്. ഈ രീതി അവലംമ്പിക്കുന്നതിലൂടെ തടത്തില്‍ വായു സഞ്ചാരമുറപ്പാക്കാന്‍ സാധിക്കും. മഴക്കാലത്താണ് നടുന്നതെങ്കില്‍ തടമല്‍പ്പം ഉയര്‍ത്തി നടുണം. വെള്ളം കെട്ടിക്കിടക്കാതിരിക്കാനിതു സഹായിക്കും. വൈകുന്നേരങ്ങളിലാണ് തൈ നടാന്‍ പറ്റിയ സമയം. മഴ കുറവുള്ള സമയത്താണങ്കില്‍ രണ്ട് നേരം നനയ്ക്കണം. വളപ്രയോഗം മറ്റു പച്ചക്കറി വിളകള്‍ക്ക് നല്‍കുന്ന പോലെ തന്നെ നല്‍കാം. എല്ലാതരം ജൈവവളങ്ങളും കൊമ്പന്‍ വെണ്ടയ്ക്ക് വളമായി ഉപയോഗിക്കാം. നന്നായി പരിപാലിച്ചാല്‍ ആറ്- ഏഴ് മാസം തുടര്‍ച്ചായി ആനക്കൊമ്പന്‍ വെണ്ടയില്‍ നിന്ന് വിളവ് ലഭിക്കും. വിളവ് കുറയുമ്പോള്‍ മുകള്‍ അറ്റം വെട്ടിവിട്ടാല്‍ പുതിയ ശിഖരങ്ങള്‍ വന്ന് വീണ്ടും വിളവ് ലഭിക്കും.




ഇന്ന് നമുക്ക് പാഷൻ ഫ്രൂട്ട് ചെടി നടുന്നത് എങ്ങനെയെന്ന് നോക്കാം.

                    ഔഷധ ഗുണവും പോഷക സമ്പുഷ്ടവും നിറഞ്ഞ ഒരു ഫലമാണ് പാഷന്‍ ഫ്രൂട്ട്. നാരുകള്‍ ഉള്ള ഈ പഴം നാഡീസംബന്ധമായ രോഗങ്ങള്‍ക്കും ഉറക്കക്കുറവിനും ഔഷധമായി ഉപയോഗിക്കാറുണ്ട്. പലതരം പനികള്‍ നാട്ടില്‍ പടര്‍ന്നു പിടിച്ചപ്പോള്‍ ക്ഷീണം മാറ്റാനായി പാഷന്‍ ഫ്രൂട്ടിന് ആവശ്യക്കാര്‍ ഏറെയായിരുന്നു. ഒരുകാലത്ത് നമ്മുടെ പറമ്പില്‍ ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന പാഷന്‍ ഫ്രൂട്ടിന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മെനുവില്‍ വരെ താരമാണ്.

ഹൃദ്രോഗത്തെയും
ക്യാന്‍സറിനെയും പ്രതിരോധിക്കും

പാസിഫ്‌ലോറ കുടുംബത്തില്‍പ്പെട്ട പാഷന്‍ ഫ്രൂട്ടില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന പാസിഫ്‌ലോറിന്‍ എന്ന ഘടകം മാനസിക സമ്മര്‍ദ്ദം അകറ്റാനുള്ള ഒറ്റമൂലി കൂടിയാണ്. പല മരുന്നുകളിലേയും അവിഭാജ്യ ഘടകമാണിത്. ടെന്‍ഷന്‍ മാത്രമല്ല ഹൃദ്രോഗത്തേയും കാന്‍സറിനെയും പ്രതിരോധിക്കാന്‍ പാഷന്‍ ഫ്രൂട്ടിന് സാധിക്കും. പാസിഫ്‌ലോറിന്‍ മാത്രമല്ല റൈസോഫ്‌ളാവിനും നിയാസിനും ഫോസ്ഫറസും ഇരുമ്പും നാരുകളുമെല്ലാം പാഷന്‍ ഫ്രൂട്ടിന്റെ രുചിയും ഗുണവും കൂട്ടുന്നതാണ്. ഇതിനാല്‍ ലോക വിപണിയില്‍ പാഷന്‍ ഫ്രൂട്ടിന് ഡിമാന്‍ഡ് ഏറിവരുകയാണ്. ബ്രസീല്‍, ഓസ്‌ട്രേലിയ, ഫിജി എന്നീ രാജ്യങ്ങളില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ തന്നെ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. പാഷന്‍ ഫ്രൂട്ടിന്റെ സ്വന്തം നാടായ ബ്രസീലാണ് ഉത്പാദനത്തില്‍ ഒന്നാമത്.

മാനസിക സമ്മര്‍ദ്ദം

പുതിയ കാലഘട്ടത്തില്‍ ഏറ്റവുധികമാളുകളെ ബാധിക്കുന്ന കാര്യമാണ് മാനസിക സമ്മര്‍ദ്ദം. ഓഫീസിലും വീട്ടിലും ഒരു പോലെ സമ്മര്‍ദ്ദം നേരിടുന്നവരാണ് നമുക്കിടയില്‍ ഏറെയും. ചിലര്‍ യോഗയ്ക്കും മറ്റു ചിലരാവട്ടെ മനസ്സിനെ നിയന്ത്രിക്കാനുളള മാര്‍ഗ്ഗങ്ങളും തേടി പോകുന്നു. ഹൈപ്പര്‍ ടെന്‍ഷന്‍നുളളവര്‍ അതിവേഗം മരുന്നുകളില്‍ അഭയം തേടുന്നു. ഇവരൊക്കെ പാഷന്‍ ഫ്രൂട്ടിന്റെ മഹത്വം അറിയാത്തവരായിരിക്കും. ഈ ഫ്രൂട്ട് ജ്യൂസായോ ജെല്ലിയായോ അല്ലെങ്കില്‍ നേരിട്ടോ ഒക്കെ കഴിച്ചാലുളള മാറ്റം അത്ഭുതകരമാണ്. അത്രയേറെ പ്രധാനപ്പെട്ടതാണ് പാഷന്‍ ഫ്രൂട്ടിന്റെ ഔഷധ ഗുണം. ഇതെല്ലാം നമ്മുടെ പഠനങ്ങള്‍ തെളിയിച്ചതുമാണ്. രക്തത്തിലെ കൗണ്ട് വര്‍ധിപ്പിക്കുവാന്‍ സഹായിക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ടിന്റെ ജ്യൂസിനും ഡിമാന്‍ഡ് കൂടി. ക്ഷീണവും തളര്‍ച്ചയും മാറ്റാനും ഈ ജ്യൂസ് കഴിച്ചാല്‍ മതി. ഡെംഗി പോലെയുളള പനികള്‍ നാട്ടില്‍ പടര്‍ന്നപ്പോഴാണ് എല്ലാവരും പാഷന്‍ ഫ്രൂട്ടിനെയും തിരിച്ചറിഞ്ഞത്. മണവും നിറവും കൂട്ടാന്‍ രാസവസ്തുക്കളൊന്നും ആവശ്യമില്ലെന്നതാണ് പാഷന്‍ ഫ്രൂട്ട് ജ്യൂസിന്റെ പ്രത്യേകത.

വ്യത്യസ്തയിനം പാഷന്‍ ഫ്രൂട്ടുകള്‍

രണ്ടുതരം പാഷന്‍ ഫ്രൂട്ടിനും വ്യത്യസ്ത രുചികളാണുളളത്. സാധാരണയായി പാഷന്‍ ഫ്രൂട്ടെന്നു പറഞ്ഞാല്‍ മനസ്സില്‍ തെളിയുന്നത് കടും മഞ്ഞ നിറത്തിലുളള പഴമാണ്. പര്‍പ്പിള്‍ നിറത്തിലുളള പഴം പലര്‍ക്കും പരിചയമില്ല. മഞ്ഞ നിറത്തിലുളള പഴത്തിന് പുളി രസമാണ് മേമ്പൊടി. എന്നാല്‍ നന്നായി പാകമായ പര്‍പ്പിള്‍ പാഷന്‍ ഫ്രൂട്ടിന് കടും മധുരമാണ്. കഴിക്കാനായി പഞ്ചസാര ചേര്‍ക്കേണ്ട ആവശ്യമില്ലെന്നര്‍ത്ഥം. കടും പച്ച നിറത്തിലുളള കായകള്‍ പഴുക്കുമ്പോഴാണ് നിറം മാറുന്നത്. പര്‍പ്പിള്‍ നിറത്തിലുളള പഴം പാകമായി തൊണ്ട് ചുളിഞ്ഞു തുടങ്ങിയാല്‍ കാമ്പ് നല്ല മധുരമായെന്ന് മനസ്സിലാക്കാം.

കൃഷിരീതി

നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഈ വള്ളിച്ചെടിയുടെ വിത്തു മുളപ്പിച്ച തൈകളാണ് നടാന്‍ നല്ലത്. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ ഒരു കിലോഗ്രാം കുമ്മായമിട്ട് മണ്ണുമായി ഇളക്കിച്ചേര്‍ക്കണം. പത്തു ദിവസത്തിനുശേഷം 15 കിലോഗ്രാം ചാണകപ്പൊടിയും മേല്‍ മണ്ണിട്ട് കുഴി നിറയ്ക്കണം. ചാണകവും കോഴിക്കാഷ്ഠവും അടിസ്ഥാനവളമായി നല്‍കാം. ഈര്‍പ്പവും ജൈവാംശവും ഉള്ള മണ്ണില്‍ പാഷന്‍ ഫ്രൂട്ട് നന്നായി വളരും. പുളിരസം തീരെ കുറഞ്ഞ മണ്ണാണ് വളരെ ഉത്തമം.

പരിചരണം കൃത്യമായി

മെയ്- ജൂണ്‍ മാസങ്ങളിലും സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളിലും പാഷന്‍ ഫ്രൂട്ട് പൂവിടും. മണ്ണില്‍ നട്ട് ടെറസ്സിലേക്ക് പടര്‍ത്തി പന്തലിടുന്ന രീതിയാണ് പൊതുവേ കാണപ്പെടുന്നത്. ചെടി പടര്‍ന്നു പന്തലിച്ചാല്‍ താഴെയുളള മുറികള്‍ ശീതീകരിച്ചതിനു തുല്യമാണ്. കൂടെക്കൂടെ ഇല കൊഴിഞ്ഞ് ടെറസ് വൃത്തിഹീനവുമാകില്ല. തൈകള്‍ വളര്‍ന്ന് എട്ടു മാസം കഴിയുമ്പോള്‍ തണ്ടിനു മൂപ്പാകും. തണ്ടുകള്‍ മൂത്തുകഴിയുമ്പോഴാണ് പുഷ്പിച്ചു തുടങ്ങുക. നല്ല തൈകള്‍ നട്ടാല്‍ എട്ടു വര്‍ഷം വരെ മികച്ച വിളവു ലഭിക്കും. വിളവെടുപ്പ് കഴിയുമ്പോള്‍ പ്രൂണിംഗ് (കൊമ്പുകോതല്‍) നടത്തിയാല്‍ കൂടുതല്‍ ശിഖരങ്ങള്‍ പൊട്ടിമുളയ്ക്കും. ഇതിലൂടെ ഉത്പാദനം വര്‍ധിപ്പിക്കാം. ചെടികളുടെ വളര്‍ച്ചയ്ക്കും ഉത്പാദന വര്‍ധനവിനും തേനീച്ചകള്‍ സഹായിക്കുമെന്നതിനാല്‍ തേനീച്ചപ്പെട്ടികള്‍ സ്ഥാപിക്കുകയുമാവാം...

By Ajith Antony

Saturday, November 24, 2018

തെങ്ങ് : മച്ചിങ്ങപൊഴിച്ചിൽ തടയാം

തെങ്ങിന്റെ വരുമാനത്തിൽ ഗണ്യമായ  നഷ്ടംവരുത്തിവയ‌്ക്കുന്ന ഒന്നാണ് മച്ചിങ്ങപൊഴിച്ചിൽ. ഇതിനു പല കാരണങ്ങളുണ്ട‌്.   ചൊട്ട വിരിയുന്നതോടെ സാധാരണഗതിയിൽ 60 ശതമാനം മച്ചിങ്ങയും കൊഴിഞ്ഞുപോകും ബാക്കി 40 ശതമാനമാണ് ഉൽപ്പന്നമായി ലഭിക്കേണ്ടത്. എന്നാൽ, ചില പ്രത്യേക കാരണങ്ങളാൽ ഇതിൽ മിക്കവയും കൊഴിഞ്ഞുപോകുന്നു. അവ ഏതൊക്കെയാണെന്ന് നോക്കാം. ഗുണമേന്മയില്ലാത്ത തൈകളിൽനിന്നുമുണ്ടാകുന്ന പൂക്കുലകളിൽ ഇത് വ്യാപകംതന്നെ.  രൂക്ഷമായ വരൾച്ചബാധ, ജലസേചനമില്ലായ്മ എന്നിവയും മച്ചിങ്ങപൊഴിച്ചിലിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സൂക്ഷ്മമൂലകങ്ങളുടെ ലഭ്യതക്കുറവും ഹോർമോണുകളുടെ അസന്തുലനവും കാരണങ്ങൾതന്നെ. കീടരോഗബാധനിമിത്തവും മച്ചിങ്ങ പൊഴിയാറുണ്ട്. ഫൈറ്റോഫ്‌ തോറ പാമി വോറ എന്ന കുമിളിന്റെ ആക്രമണംനിമിത്തമുള്ള മച്ചിങ്ങപൊഴിച്ചിലും ധാരാളമായി കണ്ടുവരുന്നു.
താഴെപ്പറയുന്ന നിയന്ത്രണമാർഗങ്ങൾ യഥാസമയം സ്വീകരിച്ചാൽ മച്ചിങ്ങപൊഴിച്ചിൽ പൂർണമായും തടയാം.

തെങ്ങിൻതൈകൾ സർക്കാർസ്ഥാപനങ്ങളിൽനിന്നോ മറ്റു വിശ്വാസയോഗ്യമായയിടങ്ങളിൽനിന്നോമാത്രം വാങ്ങി നടുവാൻ ശ്രദ്ധിക്കണം. വരൾച്ച തടയുന്നതിന് നടപടികൾ സ്വീകരിക്കണം. കർക്കടകക്കിള, തുലാക്കിള, തെങ്ങിൻതടത്തിൽ ചകിരിയടുക്കൽ, പയർകൃഷി, തോട്ടത്തിൽ മഴക്കുഴികൾ തുടങ്ങിയ കാർഷികപരിചരണ പ്രവൃത്തികൾ ചെയ്യണം.  തുലാമഴയ‌്ക്കുശേഷം ഡിസബർമുതൽ മേയിൽ കാലവർഷം ആരംഭിക്കുന്നതുവരെ തെങ്ങിന് നന വേണം.  തുള്ളിനനരീതിയിൽ നനച്ചുകൊടുക്കുമ്പോൾ തെങ്ങൊന്നിന് ദിവസേന 40 ലിറ്റർ വെള്ളം മതിയാകും. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ ആവശ്യമായ മൂലകങ്ങൾ സൂക്ഷ്മമൂലകമുൾപ്പെടെ ചേർത്തുകൊടുക്കണം. ഹോർമോണുകളുടെ പോരായ്മ പരിഹരിക്കുന്നതിനു് പ്ലാനോഫിക്സ് രണ്ടു മി.ലി. ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചൊട്ടവിരിഞ്ഞ് 30 ദിവസത്തിനകം തളിക്കണം. 200 ഗ്രാം സിങ്ക് സൾഫേറ്റ് തെങ്ങൊന്നിന് എന്ന ക്രമത്തിൽ തുടർച്ചയായി അഞ്ചുവർഷം ചേർത്തുകൊടുത്താൽ മച്ചിങ്ങാപൊഴിച്ചിൽ തടയാമെന്ന് തമിഴ‌്നാട് കാർഷിക സർവകലാശാല പഠനങ്ങൾ വെളിപ്പെടുത്തുന്നു.

കീടബാധയ‌്ക്കെതിരെ പ്രതിരോധപ്രവർത്തനങ്ങൾ സ്വീകരിക്കണം. കുമിൾരോഗം തടയുന്നതിന‌്  കോപ്പർ ഓക്സീക്ലോറയിഡ്, ഫൈറ്റോലാൻ  തുടങ്ങിയ കുമിൾനാശിനികൾ ഒരുഗ്രാം ഒരുലിറ്റർ വെള്ളത്തിൽ എന്നതോതിൽ ചൊട്ട വിരിയുമ്പോൾ തളിക്കണം. ബോർഡോ മിശ്രിതം നല്ല ഒരു കുമിൾനാശിനിയാണ്. കുമിൾനാശിനികൾ തളിക്കുമ്പോൾ തെങ്ങിൻകവിളിലും സമീപത്തുള്ള തെങ്ങോലകളിലും പതിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇത് കൂമ്പുചീയ്യൽരോഗത്തെ തടയാൻ സഹായിക്കും.

രവീന്ദ്രൻ തൊടീക്കളം
source: ദേശാഭിമാനി

മാങ്ങയിലെ പുഴുക്കേട് തടയാന്‍ ജൈവമാര്‍ഗങ്ങള്‍

മലപ്പട്ടം പ്രഭാകരന്‍

വരാനിരിക്കുന്ന മാമ്പഴക്കാലം സമൃദ്ധമാകണമെങ്കില്‍ പൂക്കാലംമുതല്‍ ആരംഭിക്കുന്ന പുഴുക്കേടുകള്‍ അതത് അവസരത്തില്‍ തടയണം. പൂങ്കുല വരുമ്പോള്‍ കരിച്ചുകളയുക, ഉണ്ണിമാങ്ങ പൊഴിഞ്ഞുപോവുക, വലിയ മാങ്ങ ആകുമ്പോഴേക്കും അകത്തുമുഴുവന്‍ പുഴുബാധിച്ച് ഉപയോഗയോഗ്യമല്ലാതാവുക, തളിരിലകള്‍ പ്രാണികള്‍ തിന്ന് നാശംവരുത്തുക തുടങ്ങിയ പലവിധ കീട ആക്രമങ്ങളും ഉണ്ടാകാറുണ്ട്. പൂങ്കുലക്കാലംമുതല്‍ വിളവെടുപ്പുവരെ കീടബാധയ്ക്ക് വിധേയമാകുന്ന ഫലവര്‍ഗമാണ് മാങ്ങ. അതുകൊണ്ട് ആദ്യഘട്ടംമുതല്‍ പ്രതിരോധപ്രവര്‍ത്തനം സജ്ജമാക്കണം.

സമീപകാലംവരെ ഇത്തരം പ്രശ്നങ്ങളെ നേരിട്ടത് രാസകീടനാശിനിപ്രയോഗംവഴിയാണ്. എന്നാല്‍ ഈ മുറ പരമാവധി നിരുത്സാഹപ്പെടുത്തുകയാണിപ്പോള്‍. ഭക്ഷ്യവിഷം തടയാനും പരിസരമലിനീകരണം തടയാനും ഈ മാര്‍ഗംവിട്ട് ജൈവിക നിയന്ത്രണ വഴികള്‍ സ്വീകരിക്കാം. ഇവ എങ്ങനെയെന്നു നോക്കാം.

മാവലി തളിര്‍ക്കുമ്പോള്‍ ഇല തിന്നും മുറിച്ചും നശിപ്പിക്കുന്ന ഹോപ്പറുകള്‍, ചിലയിനം പുഴുക്കള്‍ എന്നിവയെ കാണാം. പൂങ്കുല നശിപ്പിക്കുന്ന തേയിലകൊതുക് കശുമാവിലെന്നപോലെതന്നെ മാമ്പൂവുകളെയും ആക്രമിക്കും. കൊതുകിനു സമാനമായ ഈ പ്രാണി പൂങ്കുലത്തണ്ടില്‍നിന്നും ഉണ്ണിമാങ്ങയില്‍നിന്നും നീരൂറ്റിക്കുടിക്കും. വദനസൂചി കുത്തിയഭാഗത്ത് കറുത്തപാട് പടരുകയും വായിലെ വിഷംവഴി കുല ഉണങ്ങുകയും ചെയ്യും. മാങ്കൊ ഫ്രൂട്ട്ഫ്ളൈ എന്ന ഒരുതരം ഈച്ചയാണ് ഉണ്ണിമാങ്ങ പ്രായംമുതല്‍ മൂപ്പെത്തുന്ന ഘട്ടംവരെ മാങ്ങയെ ഉപദ്രവിക്കുന്ന മറ്റൊരു കീടം. ഇവ ഉദരഭാഗത്തുള്ള സൂചികൊണ്ട് മാങ്ങയുടെ പുറംതൊലിയില്‍ കുത്തി ദ്വാരമുണ്ടാക്കി അതിനകത്ത് മുട്ടയിടും. കുത്തിയഭാഗം തൊലിവന്ന് മൂടുന്നതിനാല്‍ പുറമെ അടയാളമൊന്നും കാണില്ല. ഉള്ളിലെ മുട്ടവിരിഞ്ഞ് പുഴുക്കള്‍ അകക്കാമ്പ് തിന്നുനശിപ്പിക്കും. മാങ്ങ വാടി പൊഴിഞ്ഞുവീഴും. മൂന്നാമത്തേത് മാങ്ങവണ്ടാണ്. ഇതും ചെയ്യുന്നത് അകത്ത് മുട്ട നിക്ഷേപിക്കുകയാണ്. മാങ്ങയുടെ അണ്ടിക്കകത്തെ പരിപ്പാണ് ഇഷ്ടഭോജ്യം. ഇവയുടെ പുഴുക്കളും, സമാധിയും തുടര്‍ന്നുള്ള വണ്ടും ഇതിനകത്തുതന്നെയുണ്ടാകും. മാങ്ങ അണ്ടി പിളര്‍ത്തുമ്പോള്‍ കാണുന്ന വണ്ടുകള്‍ ഇങ്ങനെയാണ് അതില്‍ എത്തുന്നത്.

നിയന്ത്രണം: വേപ്പധിഷ്ഠിത ജൈവകീടനാശിനി പ്രയോഗം നടത്തി നിയന്ത്രിക്കാം.

വേപ്പെണ്ണ എമള്‍ഷന്‍: സ്വന്തമായി ഉണ്ടാക്കാം. ഒരുലിറ്റര്‍ വേപ്പെണ്ണ ഒരു പാത്രത്തില്‍ എടുക്കുക. 60 ഗ്രാം അലക്കുസോപ്പ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ സോപ്പ്വെള്ളം വേപ്പെണ്ണയില്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇവയെ 10-15 ഇരട്ടിവെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് മാവില്‍ തളിക്കുക.

വേപ്പിന്‍കുരു സത്ത്: ഇലതീനിക്കും, നീരൂറ്റിക്കുടിക്കുന്നവയ്ക്കും ഇത് ഫലപ്രദമാണ്. 50 ഗ്രാം വേപ്പിന്‍കരു നന്നായി ചതച്ച് തുണിയില്‍കെട്ടി ഒരുലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ കുതിര്‍ക്കുക. പിഴിഞ്ഞെടുത്ത് മാവില്‍ തളിക്കുക.

ബ്യൂവേറിയ: ഇത്തരം കീടങ്ങള്‍ക്കെതിരെ മാര്‍ക്കറ്റില്‍ കിട്ടുന്ന ജൈവകീടനാശിനിയായ ബ്യൂവേറിയയും തളിക്കാം. 10 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കാം.ഇവ ആവശ്യാനുസരണം മാറിമാറി വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ തളിച്ചുകൊടുക്കാവുന്നതാണ്.

മഞ്ഞക്കെണി: കായീച്ചയെ തടയാന്‍പറ്റിയ മറ്റൊരു മാര്‍ഗമാണ് മഞ്ഞക്കെണി. മഞ്ഞനിറത്തോട് ആകര്‍ഷണമുള്ള ഇവ ഈ നിറം കാണുമ്പോള്‍ അവിടെ പറന്നെത്തും. ഈ സ്വഭാവം ഉപയോഗിച്ച് നമുക്ക് കെണിയൊരുക്കാം. ഒരടി സമചതുരമുള്ള പ്ളൈവുഡ് പലകയെടുത്ത് അതിന്റെ ഇരുപുറവും മഞ്ഞപെയിന്റ് പൂശുക. ഉണങ്ങിയശേഷം അല്‍പ്പം ആവണക്കെണ്ണ പുരട്ടുക. ഇവ മാവിന്റെ കമ്പുകളില്‍ കെട്ടിത്തൂക്കുക. ഒരു മാവില്‍ രണ്ടോ മൂന്നോ വയ്ക്കാം. ആകര്‍ഷിച്ചുവരുന്ന പ്രാണി ആവണക്കെണ്ണയില്‍ പറ്റിപ്പിടിച്ച് നശിക്കും.

അവശിഷ്ട മാങ്ങ നശിപ്പിക്കുക: താഴെ കൊഴിഞ്ഞുവീഴുന്ന മാങ്ങ പെറുക്കിയെടുത്ത് തീയിട്ടുനശിപ്പിക്കുന്നത് മുട്ടയെയും പുഴുക്കളെയും വണ്ടുകളെയും നശിപ്പിക്കാന്‍ സഹായകമാകും.

Saturday, November 17, 2018

വഴുതനക്കൃഷി: വാട്ടമില്ലെങ്കില്‍ നേട്ടം......

വഴുതന കൃഷി ചെയ്യുന്നവര്‍ക്കായി ചില പൊടിക്കൈകള്‍

1. നട്ടാല്‍ രണ്ടു വര്‍ഷം വരെ തുടര്‍ച്ചയായി വിളവെടുക്കാവുന്ന പച്ചക്കറി.

2. മഴയെ ആശ്രയിച്ചാണെങ്കില്മെയ്-ജൂണും,ജലസേചിത കൃഷിയായി സെപ്തംബര്‍-ഒക്‌ടോബറും നടാം.

3. ഓരോ പ്രാവശ്യത്തെ വിളവെടുപ്പിന് ശേഷവും കൊമ്പ് കോതി വളം ചെയ്യണം.

4. സൂര്യ, ശ്വേത, ഹരിത, നീലിമ, പൂസാ പര്‍പ്പിള്‍ ലോംഗ്, പൂസാ പര്‍പ്പില്‍ റൗണ്ട് എന്നിവ അത്യുല്‍പ്പാദന ശേഷിയുള്ള വഴുതനയിനങ്ങള്‍.

5. വിറ്റാമിന്‍ ബി, ബി 6, വിറ്റാമിന്‍ കെ, മാംഗനീസ്, കോപ്പര്‍ എന്നിവ വഴുതിനയെ പ്രതിരോധനിരയിലെ നായികയാക്കുന്നു.

6. പോഷക സമ്പന്നവും ഔഷധഗുണവുമുള്ള വഴുതന കരള്‍ രോഗങ്ങള്‍ക്ക് ഉത്തമം.......

7. ഹൃദയപേശികള്‍ക്ക് ശക്തി പകരുന്നതിനും ഔഷധം.

8. ഹൃദ്‌രോഗത്തിനെതിരെ പൊരുതാനും വഴുതനയ്ക്ക് കഴിവുണ്ട്.

9. വഴുതന പറിച്ചു നടേണ്ട വിളയാണ്.

10. ഒരു സെന്റിലേക്ക് 2ഗ്രാം വിത്ത് ധാരാളം. സൂര്യപ്രകാശം ധാരാളമുള്ള സ്ഥലത്ത് അഴുകിപ്പൊടിഞ്ഞ കാലിവളവും മേല്‍മണ്ണും ചേര്‍ത്ത് തവാരണയൊരുക്കി വിത്ത് പാകാം.......

11. വിത്ത് പാകിയ ഉടന്‍ പച്ചിലകൊണ്ട് പുതയൊരുക്കണം. മുളച്ചു തുടങ്ങിയാല്‍ പുതമാറ്റാം.

12. വാട്ടരോഗത്തെ ചെറുക്കുന്നതിനായി 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം.

13. നേര്‍പ്പിച്ച പച്ചചാണകമോ ഗോമൂത്രമോ തളിക്കുന്നത് തൈകളുടെ പുഷ്ടി കൂട്ടും.

14. ഒരു മാസമായ തൈകള്‍ പറിച്ചുനടാം.നടുന്ന സ്ഥലം രണ്ടാഴ്ച്ച മുന്‍പേ കിളച്ചൊരുക്കി സെന്റിന് രണ്ട് കിലോഗ്രാം എന്ന തോതില്‍ കുമ്മായം മണ്ണുമായി ഇളക്കി യോജിപ്പിക്കണം.......

15. സെന്റൊന്നിന് 100കിലോഗ്രാം എന്ന തോതില്‍ അഴുകിപ്പൊടിഞ്ഞ ജൈവവളം ചേര്‍ത്ത് ചാലുകള്‍ കീറി തൈകള്‍ നടാം.

16. പറിച്ചു നടുന്നതിന് മുന്‍പായി കാല്‍ കിലോഗ്രാം സ്യൂഡോമോണാസ് മുക്കാല്‍ ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായിനിയില്‍ അര മണിക്കൂര്‍ നേരം വേര് മുക്കിവെക്കണം.......

17. വാട്ടരോഗത്തിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ ട്രൈക്കോഡര്‍മ്മ സമ്പുഷ്ടീകരിച്ച കാലിവളം ചേര്‍ക്കുന്നത് നന്ന്.

18. പെട്ടെന്ന് ചെടികള്‍ വാടി നശിക്കുന്ന ബാക്ടീരിയല്‍ വാട്ടത്തിനെ പ്രതിരോധിക്കാന്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായിനി ആഴ്ച്ചയിലൊരിക്കല്‍ ചുവട്ടില്‍ ഒഴിച്ചുകൊടുക്കു കൊടുക്കുക.

19. രോഗവ്യാപനം തടയാന്‍ ബ്ലീച്ചിംഗ് പൗഡര്‍ കിഴികെട്ടി ചെടികള്‍ക്ക് ഇടയില്‍ കുഴിച്ചിടാം.......

20. കായും തണ്ടും തുരക്കുന്ന പുഴുക്കള്‍ക്കെതിരേ വേപ്പെണ്ണ എമല്‍ഷന്‍ ആദ്യ ഡോസായും ഒരാഴ്ച്ചയ്ക്ക് ശേഷം 20 ഗ്രാം ബ്യുവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായിനിയും തളിക്കണം.

21. മുഞ്ഞയും മണ്ഡരിയും ആമവണ്ടും ചെറിയ തോതില്‍ വഴുതനയെ ആക്രമിക്കാറുണ്ട്. വെര്‍ട്ടിസീലിയം 20ഗ്രാം ബ്യുവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായിനിയും തളിക്കണം.

22. സ്യൂഡോമോണാസ് ,ട്രൈക്കോഡര്‍മ്മ,വെര്‍ട്ടിസീലിയം ,ബ്യുവേറിയ തുടങ്ങിയ ജൈവ കീടരോഗരോഗനിയന്ത്രണ ഉപാധികള്‍ ഓരോ ബ്ലോക്കിലുമുള്ള ബയോ ഫാര്‍മസിയില്‍ നിന്നും ലഭ്യമാണ്. വഴുതന വിത്ത് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളിലും കൃഷിഭവനിലുംലഭിക്കും. ......

വീണാറാണി. ആര്‍......

മാതൃഭൂമി

Friday, November 16, 2018

Tips

കറിവേപ്പിന്റെ ഇല പുഴുതിന്നുന്നു, തക്കാളിച്ചെടി വാടുന്നു- പരിഹാരമാര്‍ഗങ്ങളിതാ
ഇലചുരുളല്‍, കറിവേപ്പ്
അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

1. കറിവേപ്പിന്റെ ഇല പുഴു തിന്നുന്നു. ജൈവരീതിയിലുള്ള പ്രതിവിധി നിര്‍ദേശിക്കാമോ…?

കറിവേപ്പിലയില്‍ നാരക പുഴുക്കളുടെ ആക്രമണമാണ്. പുഴുക്കളെ എടുത്തു കളയുക. 2% വേപ്പെണ്ണ – സോപ്പ് വെളുത്തുള്ളി മിശ്രിതം തളിക്കുക.

2. തക്കാളി, വഴുതന, പച്ചമുളക് തുടങ്ങിയവ പെട്ടെന്നു വാടുന്നു. എന്താണ് പരിഹാരം…?

ബാക്റ്റീരിയല്‍ വാട്ടമാണിത്. 20 ഗ്രാം പച്ച ചാണകം ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ കലക്കി തെളിയെടുത്ത് 10 ഗ്രാം ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്തു തടത്തില്‍ ഒഴിക്കുക.

3. മുളകിന്റെ തളിരില കരിയുന്നു. എന്താണ് കാരണം, പ്രതിവിധി എന്താണ്…?

മുളക് ഇലയില്‍ ത്രിപ്‌സാണ്. 4 ഇരട്ടി വെള്ളം ചേര്‍ത്ത ഗോമൂത്രം ഒരുലിറ്ററിന് 20 ഗ്രാം കാന്താരി സത്ത് ചേര്‍ത്ത് ഇലയുടെ അടിയില്‍ തളിക്കുക. 3 ഗ്രാം ബോറോണ്‍ ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ ഇലകളില്‍ തളിക്കുക.

4. തക്കാളി, പച്ചമുളക് എന്നിവയിലെ ഇലയില്‍ വെള്ളീച്ച ശല്യം
ഇവയെ തുരത്താനുള്ള മാര്‍ഗ്ഗം

ഡിഷ് വാഷ് സോപ് അഞ്ച് ഗ്രാം ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ ഇലകളുടെ അടിയില്‍ തളിക്കുക. മഞ്ഞക്കെണി വയ്ക്കുക തുടങ്ങിയവ പരിഹാരമാര്‍ഗ്ഗങ്ങളിണ്.
കടപ്പാട്

Tuesday, November 13, 2018

പാഴ് ചെടികളെ ഉപകാരപ്പെടും

പുരയിടത്തിലെ പാഴ് ചെടികളുടെ നീര് തെളിച്ചു കൊടുക്കുന്നത് രാത്രികാല കീടങ്ങളുടെ ഉപദ്രവം കുറക്കും.

ശീതകാല പച്ചക്കറിയെ എങ്ങനെ സംരക്ഷിക്കാം?

ശീതകാല പച്ചക്കറികള്‍ നടുന്ന തിരക്കിലാണ് നാമെല്ലാവരും. പറമ്പിലും തൊടിയിലും മട്ടുപ്പാവില്‍ ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമായി നഴ്സറികളില്‍ നിന്നു വാങ്ങുന്ന കാബേജിന്റെയും കോളിഫ്ളവറിന്റെയും തൈകള്‍ നട്ടു പരിപാലിക്കുകയാണ് കൃഷിയോട് സ്‌നേഹമുള്ള എല്ലാ മലയാളികളും. എന്നാല്‍, കഷ്ടപ്പെട്ട് വളര്‍ത്തുന്ന ചെടികള്‍ക്ക് രോഗങ്ങളും കീടങ്ങളും ബാധിച്ചാലോ? വിത്തുകള്‍ വിതച്ച് തൈകള്‍ തയ്യാറാക്കുമ്പോഴും ചെടികള്‍ നടുമ്പോഴും ചിലകാര്യങ്ങള്‍ ശ്രദ്ധിച്ച് കൃത്യമായ പരിപാലനം നല്‍കിയാല്‍ ഇവയുടെ രോഗങ്ങളെയും കീടങ്ങളെയും ഒരു പരിധി വരെയെങ്കിലും മാറ്റിനിര്‍ത്താം. ......

വിത്തുകളെ പരിചരിക്കാം:-
  തവാരണകളില്‍ പാകുന്നതിന് മുമ്പ് സ്യൂഡോമോണസ് എന്ന ജീവാണുവളം ഉപയോഗിച്ച് വിത്തുകളെ പരിചരിക്കണം. സ്യൂഡോമോണാസ് 10 ഗ്രാം ഒരു ലിറ്റര്‍  വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ ഇട്ടുവെച്ച ശേഷമാണ് വിത്തുകള്‍ തവാരണകളില്‍ പാകേണ്ടത്. മുളച്ച് തൈകള്‍ വലുതായി കൃഷിയിടത്തിലേക്ക് പറിച്ചു നടുന്നതിന് മുമ്പ് സ്യൂഡോമോണസ് ലായനിയില്‍ വേര് അരമണിക്കൂര്‍ താഴ്ത്തിവെച്ചതിന് ശേഷം വേണം നടാന്‍. പ്രോട്രേയിലുള്ള തൈകളാണ് വാങ്ങുന്നതെങ്കില്‍ ട്രേയില്‍ നിന്ന് തൈകള്‍ അടര്‍ത്തിമാറ്റി നടുമ്പോള്‍ ലായനിയില്‍ മുക്കി നടാം. വൈകുന്നേരങ്ങള്‍ മാത്രമേ തൈകള്‍ നടാന്‍ തിരഞ്ഞെടുക്കാവൂ. നട്ടുകഴിഞ്ഞാല്‍ രണ്ടുദിവസം തണല്‍ നല്‍കണം അല്ലെങ്കില്‍ വേരുപിടിക്കുന്നതിനു മുമ്പേ വാടിപ്പോകും. നടീലില്‍ ഇത്തരം മുന്‍ കരുതലുകളെടുത്താല്‍ ഒരു പരിധിവരെ രോഗകീടങ്ങളെ അകറ്റാം. ......

പകല്‍ സമയത്ത് ഇലകള്‍ക്കടിയില്‍ ഒളിച്ചിരിക്കുന്ന ഇവ രാത്രിയാണ് ഇലകള്‍ തിന്നു നശിപ്പിക്കുന്നത്. ഇവയെ നിയന്ത്രിച്ചില്ലെങ്കില്‍ ചെടിയുടെ നിലനില്പിനെയും വിളവിനെയും സാരമായി ബാധിക്കും. കാബേജ് ലൂപ്പര്‍, ക്രോസ് സ്ട്രിപ്പ്ഡ് കാബേജ് പുഴു, വിദേശയിനം വലിയ ഇനം പുഴു, ബീറ്റ് ആര്‍മി പുഴു, കാബേജ് മാങ്കോട്ട്, കട്ട്വേം എന്നിവയാണ് ശീതകാല പച്ചക്കറികളില്‍ കാണുന്ന വിവിധയിനം ഇലതീനിപ്പുഴുക്കള്‍. കാബേജ് മാങ്കോട്ട് ഇലകളെയും വേരിനെയും ഒരുപോലെ നശിപ്പിക്കും. രാവിലെയോ വൈകിട്ടോ ചെടികളില്‍ കാണുന്ന പുഴുക്കളെ പിടിച്ച് നശിപ്പിക്കുക.

മുന്‍കരുതല്‍ എന്ന നിലയില്‍ രണ്ടു ശതമാനം വീര്യമുള്ള വേപ്പെണ്ണ-വെളുത്തുള്ളി-സോപ്പ് മിശ്രിതം/35 % വേപ്പിന്‍കുരു ലായനി ഒഴാഴ്ചത്തെ ഇടവേളയില്‍ തളിച്ചു കൊടുക്കുക എന്നീ ശ്രമങ്ങളിലൂടെ ഇതിനെ അകറ്റാം.......

ഡയമണ്ട് ബ്ലാക്ക് മോത്ത് :-
ശീതകാല വിളകളുടെ മറ്റൊരു ശത്രുവാണ് ഡയമണ്ട് ബ്ലാക്ക് മോത്ത് ശലഭങ്ങളുടെ പുഴുക്കള്‍. ഇവ ഇല തിന്നു നശിപ്പിക്കുന്നു. ആക്രമണം ബാധിച്ച ഇലകളെയും പുഴുക്കളെയും നശിപ്പിക്കണം. മുന്‍കരുതല്‍ എന്ന നിലയില്‍ 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ-വെളുത്തുള്ളി-സോപ്പ് മിശ്രിതം ആഴ്ചയില്‍ മുന്നുദിവസം തുടര്‍ച്ചയായി തളിച്ചു കൊടുക്കാം.

അഴുകല്‍ രോഗങ്ങള്‍ :-കാബേജിന്റെയും കോളിഫ്ളവറിന്റെയും ഇലകള്‍ അഴുകുക, തൂമ്പ് അഴുകുക, തണ്ട് അഴുകുക എന്നിവയാണ് പ്രധാന അഴുകല്‍ രോഗങ്ങള്‍.  നിറവ്യത്യാസങ്ങള്‍ ഉണ്ടാകുകയും അവ കൂടിച്ചേര്‍ന്ന് കരിയുകയും നല്ല ഭാഗം മുഴുവന്‍ അഴുകുകയും ചെയ്യും. കോളിഫ്ലവറിന്റെ പൂവില്‍ വിളവെടുക്കാന്‍ വൈകിയാല്‍ കറുത്ത പൊട്ടുകള്‍ കാണപ്പെടുകയും അവ വശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അഴുകല്‍ കൂടുന്നതോടെ ദുര്‍ഗന്ധം ഉണ്ടാകുകയും ചെയ്യും.ഒരുതരം ഫംഗസുകളാണ് രോഗകാരികള്‍. അടിവളം ചേര്‍ക്കുമ്പോള്‍ മണ്ണില്‍ സെന്റൊന്നിനു 5 കിലോഗ്രാം കുമ്മായം അല്ലെങ്കില്‍ 3 കിലോ ഡോളമൈറ്റോ ചേര്‍ക്കണം. 20 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടിയുമായി ഒരു കിലോഗ്രാം സ്യൂഡോമോണാസ് ചേര്‍ത്തശേഷം മണ്ണില്‍ കലര്‍ത്തുക. രോഗപ്രതിരോധശേഷിക്ക് ഓരോ ചെടിക്കും മാസത്തില്‍ 50 ഗ്രാം പൊട്ടാഷ് വളം നിര്‍ബന്ധമായും ഇട്ട് കൊടുക്കണം. കൂടാതെ സ്യൂഡോമോണാസ് 10-20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുകയും ഗോമൂത്രം ഒരു ലിറ്റര്‍ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലയുടെ മുകളില്‍ തളിക്കുകയും മുരട്ടില്‍ ഒഴിക്കുകയും ചെയ്യുക. കീടങ്ങളെയും രോഗങ്ങളെയും അകറ്റാം.......

തൈ ചീയല്‍ :-
ചെടികളെ പെട്ടെന്ന് ബാധിക്കുന്നതും പെട്ടെന്ന് പടരുന്നതുമായ ഇതൊരു കുമിള്‍ രോഗമാണ്. തൈകളുടെ കടഭാഗം തറനിരപ്പില്‍ വെച്ച് അഴുകി മറിഞ്ഞു വീഴുന്നു.ചിലപ്പോള്‍ വിത്ത് മുളയ്ക്കാതെ മണ്ണിനടിയില്‍വെച്ച് തന്നെ ചീഞ്ഞളിഞ്ഞ് പോകും. വിത്തുപചാരം (സ്യൂഡോമോണാസ് 10 ഗ്രാം ഒരു കിലോഗ്രാം വിത്തിന്) നടത്തുക. നീര്‍വാര്‍ച്ചാ സൗകര്യം ഉറപ്പാക്കിയ തവാരണകളില്‍ വേണം വിത്ത് പാകേണ്ടത്. വിത്ത് പാകാനുള്ള തവാരണയില്‍ കുമ്മായം ഇട്ട് ഒരാഴ്ചയ്ക്ക് ശേഷം സ്യൂഡോമോണാസ്/ട്രൈക്കോഡെര്‍മ എന്നിവ ചേര്‍ത്ത  സമ്പുഷ്ടമാക്കിയ ചാണകപ്പൊടിയും ചേര്‍ത്ത് കൊടുത്താല്‍ തൈ ചീയല്‍ രോഗം നിയന്ത്രിക്കാന്‍ സാധിക്കും.......

ആന്ത്രാക്നോസ് :-ഇലകളിലും കായ്കളിലും വൃത്താകൃതിയിലോ ആകൃതിയില്ലാത്തതോ ആയ പാടുകള്‍ കാണപ്പെട്ട് കായകളില്‍ കാണുന്ന പൊട്ടുകളുടെ ഭാഗം കുഴിഞ്ഞിരിക്കും. ചെടികളില്‍ കാണപ്പെടുന്ന പൊട്ടുകളില്‍ നിന്ന് പശപോലുള്ള ദ്രാവകം ഊറി വരുന്നത് കാണാം. രോഗം വന്ന ചെടികള്‍ മാറ്റി നശിപ്പിക്കണം. സ്യൂഡോമോണാസ് 10-20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ ട്രൈക്കോഡെര്‍മ 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിക്കണം.......

തലകെട്ടിക്കൊടുക്കണം:- വീടുകളിലും മട്ടുപ്പാവിലും ഗ്രോ ബാഗുകളില്‍ കൃഷി ചെയ്യുന്നവര്‍ക്ക് കാബേജിന്റെ ഇലകള്‍ മൊത്തം വിരിഞ്ഞുപോകുന്നതിനാല്‍ കാര്യമായ വലിപ്പത്തിലുള്ള ഹെഡ് കിട്ടില്ല. കാരണം തണുപ്പിന്റെ കുറവാണ.് കൃത്യമായ വലിപ്പത്തിലുള്ള ഹെഡ് കിട്ടാന്‍ ചെടിയുടെ തുമ്പില്‍ ഹെഡ് ഉണ്ടായിവരുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബാക്കിയുള്ള ഇലകള്‍ ചേര്‍ത്ത് കെട്ടിക്കൊടുത്താല്‍ കുറച്ചുകൂടി വലിയ ഹെഡ് കിട്ടും.......

പ്രതിരോധ മാര്‍ഗങ്ങള്‍ക്കെല്ലാം ഉപരി കൃഷിയിടത്തില്‍ നമ്മുടെ കൃത്യമായ ശ്രദ്ധയും പരിചരണവും ഉറപ്പുവരുത്തുകയെന്നതാണ് പ്രധാനം. ചെടികള്‍ക്കുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ വരെ കണ്ടെത്താനും പ്രതിവിധി ചെയ്യാനും കൃത്യമായ നിരീക്ഷണം നമ്മെ സഹായിക്കും. ......

പ്രമോദ്കുമാര്‍ വി.സി.......(മാതൃഭൂമി)

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...